ഇന്ത്യ കേരളം ദേശീയം

നാട്ടിലെത്താന്‍ വേണ്ടി കോണ്‍ക്രീറ്റ് മിക്സര്‍ ടാങ്കില്‍ കയറിപറ്റി 18 കുടിയേറ്റ തൊഴിലാളികള്‍ ; ട്രക്ക് പിടിച്ചെടുത്ത് പൊലീസ്

ലോക് ഡൌണ്‍ മൂലം ഏറ്റവും ദുരിതത്തിലായിരിക്കുന്നത് സംസ്ഥാനങ്ങളുടെ വിവിധ ഭാഗത്തായി കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളാണ്. ഭക്ഷണവും തല ചായ്ക്കാന്‍ ഇടവുമില്ലാതെ അന്യദേശത്ത് കഷ്ടപ്പെടുന്ന തൊഴിലാളികളുടെ ദയനീയാവസ്ഥ വാര്‍ത്തകളിലൂടെ നാം കണ്ടിട്ടുമുണ്ട്. കിലോമീറ്ററുകള്‍ നടന്നും സൈക്കിള്‍ ചവിട്ടിയുമെല്ലാം പല തൊഴിലാളികളും നാട്ടിലെത്താന്‍ ശ്രമിക്കാറുമുണ്ട്. ചിലര്‍ പൊലീസിന്റെ കണ്ണില്‍പ്പെടും, മറ്റ് ചിലര്‍ക്ക് സ്വന്തം ജീവന്‍ തന്നെ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.

എങ്ങിനെയെങ്കിലും വീട്ടിലെത്തിയാല്‍ മതിയെന്ന ചിന്തയില്‍ 18 കുടിയേറ്റ തൊഴിലാളികള്‍ നടത്തിയ അതിസാഹസികമായൊരു യാത്രയുടെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ടിരിക്കുകയാണ്.

നാട്ടിലെത്താന്‍ വേണ്ടി കോണ്‍ക്രീറ്റ് മിക്സര്‍ ട്രക്കിന്റെ മിക്സര്‍ ടാങ്കിലാണ് ജീവന്‍ പണയപ്പെടുത്തി ഇവര്‍ കയറിപ്പറ്റിയത്. അങ്ങനെ അവര്‍ രണ്ട് സംസ്ഥാനങ്ങള്‍ താണ്ടുകയും ചെയ്തു. രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് തിരിച്ച ടാങ്കര്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വെച്ച് പൊലീസ് പരിശോധിച്ചപ്പോഴാണ് കോണ്‍ക്രീറ്റ് മിക്സറിനുള്ളില്‍ തൊഴിലാളികളെ കണ്ടെത്തിയത്. തുടര്‍ന്ന് ട്രക്ക് പിടിച്ചെടുത്ത പൊലീസ് എല്ലാവരെയും ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്.

“അവർ മഹാരാഷ്ട്രയിൽ നിന്ന് ലഖ്‌നൗവിലേക്ക് പോവുകയായിരുന്നു. ട്രക്ക് പോലീസ് സ്റ്റേഷനിലേക്ക് അയച്ചിട്ടുണ്ട്, എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ”ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഉമകാന്ത് ചൗധരി എ.എന്‍.ഐയോട് പറഞ്ഞു.കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞ ദിവസം മുതല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകം ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

error: Content is protected !!