fbpx
ദുബായ്

മാനവികത നമ്മെ കോർത്തിണക്കുന്നു: ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

മൂന്ന് ദിവസത്തെ യു.എ.ഇ. സന്ദർശനത്തിന് ഞായറാഴ്ച രാത്രി അബുദാബിയിലെത്തുന്ന ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് യു.എ.ഇ. വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സ്വാഗതം നേർന്നു.

ചരിത്രത്തിലാദ്യമായി അറേബ്യൻ ഉപഭൂഖണ്ഡത്തിൽ സന്ദർശനത്തിനെത്തുന്ന മാർപ്പാപ്പയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് പുറത്തിറക്കിയ പ്രസ്താവനയിൽ, ഫ്രാൻസിസ് മാർപ്പാപ്പയുടെ സന്ദർശനത്തെ ചരിത്രപരമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

സഹിഷ്ണുതയും സമാധാനപരമായ സഹവർത്തിത്വവും സാംസ്കാരികവിനിമയവും ഊട്ടിയുറപ്പിക്കുന്ന മാർപ്പാപ്പയുടെ സന്ദർശനത്തെ യു.എ.ഇ.യുടെ ഭരണനതൃത്വവും ജനങ്ങളും ഏറെ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്.

യു.എ.ഇ.യുടെ രൂപീകരണത്തിന് ശേഷമുള്ള അഞ്ച് സംവത്സരങ്ങൾ സഹിഷ്ണുതയുടേയും പരസ്പരമുള്ള അംഗീകരിക്കലിന്റേയും കാലഘട്ടമായിരുന്നു. രാഷ്ട്രപിതാവായ ഹിസ് ഹൈനസ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ മുന്നോട്ടുവച്ച സഹിഷ്ണുതയും സാഹോദര്യവും രാജ്യത്തിന്റെ ആധാരശിലകളായി മാറി. യു.എ.ഇ. പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ആ നയങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്തു.

മാനവികമൂല്ല്യങ്ങളും ആഗോളസാഹോദര്യവും സഹിഷ്ണുതയും ഉയർത്തിപ്പിടിക്കേണ്ടതായ കാലത്താണ് യു.എ.ഇ. ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് ആതിഥ്യമരുളുന്നത്. ലോകരാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ മാനവികസാഹോദര്യത്തോടെ കഴിയുന്ന രാജ്യമാണ് യു.എ.ഇ.

അബുദാബിയിൽ നടക്കുന്ന ഗ്ലോബൽ റിലീജിയൻസ് ഡയലോഗ് ഫോറത്തിൽ മാനവികസാഹോദര്യത്തേക്കുറിച്ച് പ്രഭാഷണം നടത്താനാണ് ലോകാരാധ്യനായ ഫ്രാൻസിസ് മാർപ്പാപ്പയെത്തുന്നത്. ലോകത്തെ വിവിധമതനേതാക്കളും വിശിഷ്ടവ്യക്തികളും അണിനിരക്കുന്ന വേദിയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചതിന്, തന്റെ സഹോദരനും, യു.എ.ഇ. കിരീടാവകാശിയും, യു.എ.ഇ.സായുധസേനകളുടെ ഡെപ്യൂട്ടി സുപ്രീം കമാൻററുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അഭിനന്ദിക്കുന്നതായി ദുബായി ഭരണാധികാരി പറഞ്ഞു.

ഫ്രാൻസിസ് മാർപ്പാപ്പയുമായി ചർച്ചയും സംവാദവും നടത്താനെത്തുന്ന അൽ അസ്ഹർ ഗ്രാന്റ് ഇമാം ഡോ. അഹമ്മദ് അൽ തായിബിനേയും തങ്ങൾ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രസ്താവനയിൽ പറഞ്ഞു.

റിപ്പോർട്ട്‌ : പ്രശാന്ത് ബാലചന്ദ്രൻ

error: Content is protected !!