fbpx
ദുബായ് വിനോദം

ഏഷ്യാവിഷൻ മൂവി അവാർഡ് നൈറ്റ്: രൺവീർ സിംഗും ആയുഷ്മാൻ ഖുരാനയും ഗ്ലോബൽ വില്ലേജിലെത്തുന്നു

ഫെബ്രുവരി 16-ന് ഗ്ലോബൽ വില്ലേജിൽ നടക്കുന്ന ഏഷ്യാവിഷൻ മൂവി അവാർഡിന്റെ പതിമൂന്നാമത് പതിപ്പിൽ പങ്കെടുക്കാനായി മുൻനിര ബോളിവുഡ് താരങ്ങൾക്കൊപ്പം ദക്ഷിണേന്ത്യൻ താരനിരയും ദുബായിലെത്തുന്നു.
ബോളിവുഡ് താരങ്ങളായ രൺവീർസിംഗ്, ആയുഷ്മാൻ ഖുരാന എന്നിവർക്കൊപ്പം, തെന്നിന്ത്യൻ വെള്ളിത്തിരയിൽ നിന്ന്, മഞ്ജു വാര്യരും ടൊവിനോ തോമസും വിജയ് സേതുപതിയും അവാർഡ് നിശയ്ക്ക് അഴകേകാൻ എത്തുന്നു.

രൺവീർ സിംഗാണ് മികച്ച നടൻ. സൂപ്പർ ഹിറ്റായി മാറിയ ‘സിംബ’യിലെ പ്രകടനമാണ് രൺവീർ സിംഗിനെ പുരസ്കാരത്തിനർഹനാക്കിയത്. അടുത്തുതന്നെ പുറത്തിറങ്ങാനിരിക്കുന്ന ‘ഗല്ലി ബോയ്’ എന്ന ചിത്രത്തിന്റെ പ്രചാരണത്തിലാണ് രൺവീർ സിംഗ് ഇപ്പോഴുള്ളത്.

മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ട ആയുഷ് ഖുരാനയ്ക്ക് ‘ബദായി ഹോ’, ‘ആന്ധാധുൻ’ എന്നീ ഹിറ്റുചിത്രങ്ങളാണ് 2018-ൽ പ്രകടനമികവിന്റെ ബാക്കിപത്രങ്ങളായുള്ളത്.

എമേർജിങ് സ്റ്റാർ ഓഫ് ദി ഇയർ അവാർഡിന് അർഹയായിരിക്കുന്നത് കിയാര അഡ്‌വാണിയാണ്. ‘പദ്മാവത്’ ചിത്രത്തിലെ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തിന് വെള്ളിത്തിരയിൽ ജീവൻ നൽകിയ ജിം ഷർഭിനാണ് വില്ലൻ കഥാപാത്രങ്ങൾക്കുള്ള ബെസ്ററ് ആക്റ്റർ അവാർഡ്.

’96’ ലെ അഭിനയമികവാണ് തമിഴ് നടൻ വിജയ് സേതുപതിയെ മികച്ച നടനുള്ള അവാർഡിന് അർഹനാക്കിയത്. ബെസ്ററ് ആക്ടറസ് ഓഫ് ഓഫ് ദി ഡെക്കേഡ് പുരസ്കാരം സ്വീകരിക്കുന്നത് പ്രശസ്തനടി ത്രിഷയാണ്. രജനീകാന്തിന്റെ ബ്ലോക്ക് ബസ്റ്റർ ചിത്രമായ ‘പേട്ട’യായിരുന്നു ത്രിഷയുടെ സമീപകാലത്തിറങ്ങിയ സിനിമ.

‘ബിയോണ്ട് ദി ക്‌ളൗഡ്‌സ്’ സംവിധാനം ചെയ്ത ഇറാനിയൻ സംവിധായകൻ മാജിദ് മാജീദിയും, ആ ചിത്രത്തിലെ നായികാകഥാപാത്രത്തെ അവതരിപ്പിച്ച മാളവിക മോഹനനും ഏഷ്യാവിഷൻ അവാർഡ് നിശയിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്.

പരിപാടിയിൽ മലയാളചലച്ചിത്രഗാനസംവിധായകൻ ശ്യാമിനെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകി ആദരിക്കും.

ഫെബ്രുവരി 16-ന് നടക്കുന്ന ഏഷ്യാവിഷന്റെ പതിമൂന്നാമത് എഡിഷൻ എല്ലാ വിഭാഗം ജനങ്ങൾക്കും ആസ്വാദ്യകരമായ കലാവിരുന്നായിരിക്കുമെന്ന് ഏഷ്യാവിഷൻ സ്‌ഥാപകനും മാനേജിങ് ഡയറക്ടറുമായ നിസാർ സെയ്ദ് അറിയിച്ചു. കൂടാതെ, 2019 യു.എ.ഇ. സഹിഷ്ണുതാവർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി, അതിനോട് ബന്ധപ്പെട്ടുള്ള പ്രത്യേകപരിപാടികളും അവാർഡ് നിശയോടനുബന്ധിച്ച് ഉണ്ടാകും.

ഫെബ്രുവരി 16-ന് വൈകുന്നേരം 6 മണി മുതൽ 12 മണി വരെയാണ് പരിപാടി. വൈകുന്നേരം 4 മണി മുതൽ പ്രവേശനം അനുവദിക്കും. ഏഷ്യാവിഷൻ മൂവി അവാർഡ് പരിപാടി വീക്ഷിക്കാൻ പ്രത്യേകപാസ് ആവശ്യമില്ല. പരിപാടി നടക്കുന്ന ഗ്ലോബൽ വില്ലേജിലേക്കുള്ള പ്രവേശനപാസുപയോഗിച്ചുതന്നെ അവാർഡ് നിശ നടക്കുന്ന വേദിയിലെത്താം.

റിപ്പോർട്ട്‌ : പ്രശാന്ത് ബാലചന്ദ്രൻ

error: Content is protected !!