fbpx
ദുബായ് ബിസിനസ്സ്

സംരംഭകർ സാമൂഹിക പ്രതിബദ്ധതയോടെ സജീവമാകണം; ഐ പി എ ചെയർമാനായി ഷംസുദ്ദീൻ നെല്ലറയെ തെരഞ്ഞെടുത്തു

ദുബൈ : ബിസിനസ് സംരംഭകർ സാമൂഹിക പ്രതിബദ്ധതയോടെ, സമൂഹത്തിന് ഗുണകരമായ മാറ്റങ്ങൾക്കും നേട്ടങ്ങൾക്കും നേതൃത്വം നൽകാൻ മുന്നോട്ടു വരണമെന്ന് ദുബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി ബിസിനസ് സംരംഭക-വികസന വേദിയായ ഐപിഎ യുടെ ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു.
സമൂഹത്തിൽ അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്കൊപ്പം ചേർന്നു നിൽക്കാൻ ബിസിനസുകാർക്ക് കഴിയണമെന്ന സന്ദേശം നൽകിയാണ് ഐപിഎ ജനറൽ ബോഡി സംഘടിപ്പിച്ചത്.

ദുബായ് ഫ്ലോറ ഇൻ ഹോട്ടലിൽ നടന്ന ജനറൽ ബോഡിയിൽ നെല്ലറ ഗ്രുപ്പ് മനേജിങ് ഡയറക്ടറും, അഡ്രസ്സ് മെൻസ് അപ്പാരൽസിന്‍റെ ചെയർമാനും, എംഡി യുമായ ഷംസുദ്ദീൻ നെല്ലറയെ ഇന്‍റർനാഷണൽ പ്രോമോട്ടേഴ്സ് അസോസിയേഷൻ (ഐപിഎ) ചെയർമാനായി തെരഞ്ഞെടുത്തു. ഐകകണ്ഠേനയായിരുന്നു തെരഞ്ഞെടുപ്പ്.

ഹാരിസ് കാട്ടകത്തിന്‍റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി എ കെ ഫൈസൽ ഉൽഘാടനം ചെയ്തു. ഐപിഎ യുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളെ കുറിച്ചുള്ള അവലോകനം പാൻ ഗൾഫ് ബഷീർ ചടങ്ങിൽ അവതരിപ്പിച്ചു. പ്രളയത്തിൽ വീട് നഷ്‌ടപ്പെട്ടവർക്ക് ഐപിഎ നിർമിച്ചു നൽകുന്ന ഭവനങ്ങളെ കുറിച്ചും, അതിന്‍റെ തുടർ നടപടികളെ കുറിച്ചും മുഹമ്മദ് ഷാഫി അൽ മുർഷിദി ചടങ്ങിൽ വിശദീകരിച്ചു. വേദിയുടെ വരുംകാല പ്രവർത്തനങ്ങളെ കുറിച്ച് ഫൈസൽ റഹ്‌മാൻ ചടങ്ങിൽ സംസാരിച്ചു. ഷംസുദ്ദീൻ ഫൈൻ ടൂൾസ് സ്വാഗതവും, റഷീദ് ഫാർമസി നന്ദിയും പറഞ്ഞു. ചടങ്ങിൽ ഐപിഎ യുടെ ഡയറക്ടർ ബോർഡിലേക്ക് അഡ്വ.അജ്മലിനെ തെരഞ്ഞെടുത്തു.

error: Content is protected !!