ആരാണ് നിങ്ങളുടെ റോള്‍ മോഡല്‍ എന്ന് ഇന്നത്തെ ഒരു കൗമാരക്കാരനോടു ചോദിച്ചാല്‍ പണക്കാരനായ ബിസിനസ്സുകാരൻ എന്നാവും മറുപടി . ലുലു ഗ്രൂപ്പിന്റെ യൂസഫ് അലി, ബൈജൂസ് ആപ്പിന്റെ ബൈജു രവീന്ദ്രന് അങ്ങനെ മലയാളികളായ സംരംഭകരുടെ ഒരു നീണ്ടനിരതന്നെ യുവസംരംഭകര്ക്ക് പ്രചോദനമായി നമുക്കുണ്ട്. അവരുടെയൊക്കെ ബിസിനസ്സിന്റെ വളര്‍ച്ച ഒരു ഘട്ടം മുതല്‍ മാത്രമാണ് നമ്മള് കേള്‍ക്കുന്നത്. എന്നാല്‍ ആ വിജയപാതകളിലേക്കുള്ള യാത്ര ലളിതമോ അയുക്തികമോ അവിശ്വസനീയമോ അല്ല. മറിച്ച്, ബൗദ്ധികമായതോ, ശാരീരികമായതോ ആയ കഠിനപ്രയത്നവും ഇച്ഛാശക്തിയും കൊണ്ടാണ്. ഈ ഗുണങ്ങള്‍ അത്ര എളുപ്പം കൈവരിക്കാന്‍ കഴിയുന്നതല്ല. എന്നാൽ ഒരു ബാലികേറാമലയുമല്ല. ലോകമെങ്ങും ബിസിനസ്സ് സാമ്രാജ്യം പടുത്തുയര്‍ത്തിയ ഈ മഹത് വ്യക്തികള്‍ നേട്ടത്തിന്റെ നെറുകയില്‍ എത്തിയതെങ്ങനെയെന്ന് വിശദമാക്കുന്ന ഗ്രന്ഥമാണ് ബിസിനസ് ജേര്‍ണലിസ്റ്റുകളിലെ പ്രമുഖനായ ആര്.റോഷന് തയാറാക്കിയിരിക്കുന്നത്. സംരംഭകത്വകാംക്ഷികളുടെ വിശുദ്ധഗ്രന്ഥം എന്നുതന്നെ വിശേഷിപ്പിക്കാവുന്നതാണിത്.
എം.എ.യൂസഫലി, രവി പിള്ള, സേനാപതി ക്രിസ് ഗോപാലകൃഷ്ണന്, ടി.എസ്.കല്യാണരാമന്, പിഎന്‍സി മേനോന്, ജോയ് ആലുക്കാസ്, കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, ഡോ. ആസാദ് മൂപ്പന്, സി.വി. ജേക്കബ്, എസ്.ഡി.ഷിബുലാല്‍, എം.പി.അഹമ്മദ്, എം.പി.രാമചന്ദ്രന്, അരുണ്‍ കുമാര്‍, വി.കെ.മാത്യൂസ്, സി.ജെ.ജോര്‍ജ്, ഫൈസല്‍ ഇ. കൊട്ടിക്കോളന്, ജോസ് ഡൊമിനിക്ക്, പമേല അന്ന മാത്യു, എം.ഇ.മീരാന്‍, എം.സി. ജേക്കബ്, ബൈജു രവീന്ദ്രന് എന്നിങ്ങനെ പേരുകൊണ്ടുതന്നെ ബിസിനസ് മേഖലയുടെ പര്യായപദങ്ങളായി മാറിയ ഇരുപത്തിയൊന്ന് മുന്‍നിര അന്താരാഷ്ട്ര മലയാളി സംരംഭകരെയാണ് ഗ്രന്ഥകര്‍ത്താവ് പരിചയപ്പെടുത്തുന്നത്. കേവലം കേട്ടറിവോ വെബ്സൈറ്റുകളിലെ വിവരങ്ങളുടെ ക്രോഡീകരണമോ അല്ല എന്നതാണ് മറ്റ് പുസ്തകങ്ങളില്‍ നിന്നും ‘വിജയപാതകളെ’ വേറിട്ടുനിര്‍ത്തുന്നത്.
ഓരോ സംരംഭകരുടെയും ചിത്രത്തോടൊപ്പം അവരുടെ ജീവതകഥയും ഓരോ അധ്യായവും വിവരിക്കുന്നു. ഓരോ വ്യക്തിയുടെയും ഏറെ വിശേഷപ്പെട്ട ജീവിതമുഹൂര്‍ത്തങ്ങളുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നൂറ്റിയെഴുപത്തിയാറ് പേജു വരുന്ന പുസ്തകത്തിന് ഇരുന്നൂറ് രൂപയാണ് വില.
സ്വപ്നസാഫല്യത്തിലേക്കുള്ള പ്രയാണത്തില്‍ വഴിത്തിരിവുകളാകുന്ന ചില നിമിഷങ്ങളുണ്ടാകാം എല്ലാവര്ക്കും. ചിലര്‍ ആ നിമിഷത്തെ പുണരുന്നു, മറ്റ് ചിലര്‍ അതിനെ അവഗണിക്കുന്നു. അത്തരക്കാരില്‍ ആര്‍ക്കായിരിക്കും വിജയം എന്ന് എടുത്തുപറയേണ്ടകാര്യമില്ല. 1977-ല്‍ മദ്രാസ് ഐഐടി കാമ്പസിലൂടെ കംപ്യൂട്ടര്‍ സയന്‍സിന്റെ പുസ്തകവും സൈക്കിളിന്റെ കാരിയറില്‍ വച്ച് ചവിട്ടിവന്ന ഗോപാലകൃഷ്ണനോടു കംപ്യൂട്ടര്‍ സയന്‍സിന്റെ സാധ്യതകളെ സംബന്ധിച്ച സെമിനാര്‍ നടക്കുകയാണെന്നും താനതില്‍ പങ്കെടുക്കണമെന്നുമുള്ള പ്രഫസര്‍ എച്ച്.എന്‍.മഹാബാലയുടെ നിര്‍ദേശാനുസരണം അതില്‍ പങ്കെടുത്ത ഗോപാലകൃഷ്ണനാണ് ക്രിസ് എന്ന അപരനാമത്തിലൂടെ ഇന്‍ഫോസിസ് എന്ന ഐടി ഭീമന്റെ അധിപനായിമാറിയത്.
ലോകത്തിലെ ഏറ്റവും വലിയ ഒലിയോറെസിന്‍സ് കമ്പനി സിന്തൈറ്റ് സി.വി.ജേക്കബ് എന്ന മലയാളിയുടേതാണെന്ന് എത്ര പേര്‍ക്കറിയാം? ഒലിയോറെസിന്‍സ് എന്താണെന്നുപോലും അറിയുന്ന മലയാളികള്‍ ഒരുപക്ഷേ ചുരുക്കംചിലര്‍ ആയിരിക്കും. പത്തൊന്‍പതാം വയസ്സില്‍ ഏലക്കച്ചവടത്തിലൂടെ ബിസിനസ്സിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ച് 1970-ലെ ഒരു ജപ്പാന് യാത്രയിലാണ് ജേക്കബ്ബിനായി സ്വര്‍ഗരാജ്യം തുറക്കപ്പെട്ടത്. ആ കവാടത്തിന്റെ താക്കോല്‍ ആയിരുന്നു അദ്ദേഹം പങ്കെടുത്ത അന്താരാഷ്ട്ര വ്യവസായ മേള എക്സ്പോ ജപ്പാന് ’70.
ഇതുപോലെ ഈ പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന എല്ലാ സംരംഭകരുടെ ജീവിതത്തിലും വഴിത്തിരിവായ സംഭവങ്ങള്‍ നമുക്ക് പ്രചോദനമായി ഉള്‍ക്കൊള്ളാനാകും.
അവതാരിക എഴുതിയ കാത്തലിക് സിറിയന്‍ ബാങ്ക് മുന്‍ ചെയര്മാന് ടി.എസ്.അനന്തരാമന് ഈ പുസ്തകത്തെക്കുറിച്ച് പറയുന്നതിങ്ങനെ; ‘ബിസിനസ് പത്രപ്രവര്‍ത്തന രംഗത്തെ ശ്രദ്ധേയനായ ആര്.റോഷന് കേരളത്തില്‍ നിന്നുള്ള ഐതിഹാസിക സംരംഭകരുടെ വിജയകഥകള്‍ ഗംഭീരമായി തന്നെ പങ്കുവച്ചിരിക്കുകയാണ് ‘വിജയപാതകള്‍’ എന്ന പുസ്തകത്തിലൂടെ. സംരംഭകരെ തെരഞ്ഞെടുത്ത കാര്യത്തിലും ഓരോരുത്തരുടെയും ജീവിതകഥ സൂക്ഷ്മമായി ഗവേഷണം ചെയ്ത് അവതരിപ്പിച്ച കാര്യത്തിലും അദ്ദേഹത്തെ പ്രശംസിക്കാതെ വയ്യ. സംരംഭകര്‍ നേരിട്ട വെല്ലുവിളികള്‍, റിസ്കുകള്‍, വ്യവസായ സൗഹൃദമല്ലാത്ത ഒരു അന്തരീക്ഷത്തിലെ അവരുടെ അതിജീവനം എന്നിവയെല്ലാം ‘വിജയപാതകള്‍’ എന്ന ഈ പുസ്തകത്തില്‍ ഭംഗിയായി വിവരിക്കുന്നു. ശക്തമായ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് സംരംഭകര്‍ നേടിയ വിജയങ്ങള്‍, അവര്‍ സമൂഹത്തിനും ഗുണഭോക്താക്കള്‍ക്കും നല്കിയ സംഭാവനകള്‍ എന്നിവയൊക്കെ വരും തലമുറകള്‍ക്കും മാതൃകയാവേണ്ടതാണ്.
ഇത് സംരംഭകത്വത്തിന്റെ കാലമാണ്. വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ സ്ഥാപനങ്ങള്‍, പ്രൈവറ്റ് ഇക്വിറ്റി, ഇന്‍വെസ്റ്റ്മെന്റ് ബാങ്കര്‍മാര്‍ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളും സര്‍ക്കാരുകളുമൊക്കെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന ‘ഇക്കോസിസ്റ്റം’ ഒരുക്കാന്‍ മത്സരിക്കുകയാണ്. ഡിജിറ്റല്‍ ലോകത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമായ വരുംതലമുറ സംരംഭകരെ വളര്‍ത്തിയെടുക്കാന്‍ ഏറ്റവും അനുയോജ്യമാണ് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, യോഗ്യരായ ചെറുപ്പക്കാര്‍ എന്നിവകൊണ്ട് സമ്പമായ കേരളം. നാളെയുടെ സംരംഭകരെ വളര്‍ത്താനും വിജയത്തിലേക്ക് നയിക്കാനും പര്യാപ്തമാണ് ഈ പുസ്തകം.’
കേരളത്തില്‍, മലയാളത്തില്‍ ബിസിനസ് പത്രപ്രവര്‍ത്തനരംഗം കൗമാരദശയില്നിന്ന് വളര്‍ച്ചപ്രാപിക്കാന്‍ തുടങ്ങുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍, 2004-ല്‍ ദീപിക ദിനപത്രത്തിലൂടെ ധനകാര്യ പത്രപ്രവര്‍ത്തനരംഗത്ത് തുടക്കമിട്ടയാളാണ് ആര്.റോഷന്. ഇപ്പോള്‍ മാതൃഭൂമി ദിനപത്രത്തിന്റെ പ്രതിവാര ബിസിനസ് പേജായ ‘ധനകാര്യ’ത്തിന്റെയും ദൈനംദിന സാമ്പത്തിക വാര്‍ത്തകളുടെയും ഏകോപനം നിര്‍വഹിക്കുകയാണ് ഗ്രന്ഥകര്‍ത്താവ്. സ്വര്‍ണത്തില്‍ എങ്ങനെ നിക്ഷേപിക്കാം, ഓഹരിനിക്ഷേപം അറിയേണ്ടതെല്ലാം, സ്റ്റാര്‍ട്ട് അപ്പ്: തുടങ്ങാം പുതുസംരംഭങ്ങള്‍, എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. അവ കൂടാതെ പ്രമുഖ വ്യവസായികള്‍, കോര്‍പ്പറേറ്റ് തലവന്മാര്, ബാങ്കുമേധാവികള്‍, പൊതുമേഖലാസ്ഥാപനങ്ങളുടെ മേധാവികള്‍ എന്നിവരുടെ അഭിമുഖങ്ങളും ഒട്ടേറെ സ്റ്റാര്‍ട്ട് അപ്പ് സംരംഭകരുടെ വിജയഗാഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിസിനസ്, സാമ്പത്തികശാസ്ത്രം എന്നിവയ്ക്കു പുറമേ വ്യക്തിഗത സമ്പാദ്യ മാര്‍ഗങ്ങളെക്കുറിച്ചും അദ്ദേഹം എഴുതുന്നത് വായനക്കാര്‍ക്ക് വഴികാട്ടിയാകുന്നുണ്ട്.
ഒന്നര പതിറ്റാണ്ടായി, മുന്‍നിര സംരംഭകരും കോര്‍പ്പറേറ്റ് അധിപന്മാരുമായ പലരെയും അടുത്തുനിന്ന് കാണാനും അവരുടെ അനുഭവങ്ങള്‍ അടുത്തുകേള്ക്കാനും അവസരം ലഭിച്ചയാളാണ് ഗ്രന്ഥകര്‍ത്താവ്. മലയാളികളില്‍ ഒതുങ്ങുതായിരുന്നില്ല ആ നിര. ഗോദ്റെജ് ഗ്രൂപ്പിന്റെ അധിപന് ആദി ഗോദ്റെജിനെയും ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്.നാരായണമൂര്ത്തിയെയുമൊക്കെ അഭിമുഖം നടത്താന്‍ സാധിച്ചത് ഭാഗ്യമായി അദ്ദേഹം കരുതുന്നു. ലോകത്തിലെ ഏതു മികച്ച ബിസിനസ് സ്കൂളില്‍ നിന്ന് ലഭിക്കുന്നതിനെക്കാള്‍ വലിയ മാനേജ്മെന്റ് പാഠങ്ങളായിരുന്നു അവരില്‍ നിന്നൊക്കെ തനിക്ക് കിട്ടിയതെന്ന് അദ്ദേഹം പറയുന്നു.
പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാന്‍: https://buybooks.mathrubhumi.com/product/vijayapathakal/
വിജയപാതകള്‍
ആര്.റോഷന്
മാതൃഭൂമി ബുക്സ്
വില: 200 രൂപ