ദുബായ് യാത്ര

നാട്ടിൽ നിന്നും യു.എ.യിലേക്കു വിമാനങ്ങൾ, നീറ്റ് പരീക്ഷക്കിരിക്കുന്നവർക്കു പരിഗണന ; കെ.എം.സി.സി നേതാക്കൾ കോൺസുലേറ്റ് ജനറലിനെ കണ്ടു

നാട്ടിൽ നിന്നും യു.എ.ഇയിലേക്കു തിരിച്ചുവരാൻ ആഗ്രഹിക്കുന്നവർക്കു യാത്രാസൗകര്യം ഒരുക്കുക, യു.എ.യിൽ നിന്നും നീറ്റ് പരീക്ഷക്കിരിക്കുന്ന വിദ്യാർത്ഥികൾക്കു വേണ്ടി ഫോറിൻ സെന്ററുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു യു.എ.ഇ കെ.എം.സി.സിയുടെ നേതാക്കൾ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസുലേറ്റ് ജനറൽ ശ്രീ. വിപുലുമായി കൂടിക്കാഴ്ച്ച നടത്തി. യു.എ.ഇ കെ.എം.സി‌.സിയുടെ ഉപദേശക സമിതി ചെയർമാൻ എ.പി ഷംസുദ്ദീൻ ബിൻ മുഹിയിദ്ദീൻ, പ്രസിഡന്റ് പുത്തൂർ റഹ്മാൻ, ജനറൽ സെക്രട്ടറി നിസാർ തളങ്കര, പി.കെ അൻവർ നഹ എന്നിവരാണ് കോൺസുലേറ്റ് ജനറലുമായി കൂടിക്കാഴ്ച്ച നടത്തിയത്.

കോവിഡ് പ്രതിസന്ധിയിൽ യു.എ.യിൽ അകപ്പെട്ടവരെ നാട്ടിലെത്തിക്കുന്ന ദൗത്യം ഏറെക്കുറെ വിജയകരമായി പൂർത്തിയാക്കിയ സാഹചര്യത്തിൽ തുടർന്നു വേണ്ട നടപടി നാട്ടിലകപ്പെട്ട പ്രവാസികളെ യു.എ.ഇയിൽ എത്തിക്കാനുള്ള യാത്രാസൗകര്യം ഒരുക്കുകയാണ്. ഇതിനായി വന്ദേഭാരത് മിഷനു സമാനമായ ചാർറ്റഡ് വിമാനങ്ങൾ ഇന്ത്യാഗവൺമെന്റ് ആരംഭിക്കുകയോ അതിനുള്ള അനുമതി സാമൂഹിക കൂട്ടായ്മകൾക്കു നൽകുകയോ വേണം. നാട്ടിൽ നിന്നും തിരികെ വരാനായി അവസരം കാത്തുകഴിയുന്ന അനേകായിരം ജീവനക്കാരും സംരംഭകരും കച്ചവടക്കാരും ഉണ്ട്. ഇവരുടെ അവസ്ഥ പരിഗണിച്ച് കോൺസുലേറ്റ് ഇന്ത്യാഗവൺമെന്റ് മുമ്പാകെ സമ്മർദ്ദം ചെലുത്തണമെന്നാണു കെ.എം.സി.സി നേതാക്കൾ കോൺസുൽ ജനറലെ ധരിപ്പിച്ചത്.

യു.എ.ഇയിൽ നിന്നും നീറ്റ് പരീക്ഷക്കു തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ അനുഭവിക്കുന്ന അനിശ്ചിതത്വത്തെ കുറിച്ചും കെ.എം.സി‌.സി നേതാക്കൾ കോൺസുലേറ്റ് ജനറലുമായി ആശയവിനിമയം നടത്തി. നീറ്റ് പരീക്ഷ എഴുതാൻ അവസരമൊരുക്കുന്ന സെന്റർ യു.എ.ഇയിൽ ആരംഭിക്കുകയോ അല്ലെങ്കിൽ പരീക്ഷാർത്ഥികൾക്കു നാട്ടിലെത്തി പരീക്ഷക്കിരിക്കാൻ അവസരമൊരുക്കുകയോ വേണം. വിദേശത്ത് നിന്നും ഏഴായിരത്തിൽ പരം വിദ്യാർത്ഥികൾ പ്ലസ്റ്റു പരീക്ഷ എഴുതുന്നു. അവരിൽ ആയിരത്തോളം പേർ നീറ്റ് പരീക്ഷക്കു തയ്യാറെടുത്തവരാണ്.

ഒന്നുകിൽ ഇവിടെ സെന്റർ തുടങ്ങുകയോ അല്ലെങ്കിൽ നാട്ടിൽ പ്രത്യേക കേന്ദ്രങ്ങളിൽ കുട്ടികൾക്ക് അവസരം ഒരുക്കുകയോ വേണം. ക്വാറന്റൈൻ കാലാവധി ഇല്ലാതെ വിദ്യാർത്ഥികൾക്കും കൂടെ അനുഗമിക്കുന്നവർക്കും നാട്ടിലേക്കു യാത്ര ചെയ്യാനും തിരിച്ചെത്താനും അവസരം ഉണ്ടാക്കുകയും വേണം. വിദ്യാർത്ഥികളും രക്ഷിതാക്കളും നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടു അനുഭവിക്കുന്ന അനിശ്ചിതത്വവും പ്രയാസങ്ങളും കോൺസുലേറ്റ് ജനറലിനെ ധരിപ്പിച്ചതായും അദ്ദേഹം നിവേദനങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ചതായും പ്രശ്നങ്ങളിൽ ഔദ്യോഗികമായ പരിഹാരമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും കെ.എം.സി.സി സംഘത്തെ നയിച്ച നാഷണൽ കമ്മിറ്റി പ്രസിഡന്റ് പുത്തൂർ റഹ്മാൻ അറിയിച്ചു.

error: Content is protected !!