അന്തർദേശീയം ഇന്ത്യ കേരളം

പ്രവാസികളുടെ പുനരധിവാസത്തിനായി ‘ഡ്രീം കേരള’ പദ്ധതി നടപ്പിലാക്കും; മുഖ്യമന്ത്രി

തൊഴില്‍ നഷ്ടപ്പെട്ട് കൂടുതല്‍ പേര്‍ പ്രവാസ ലോകത്ത് നിന്ന് നാട്ടിലേക്കെത്തുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നും പ്രശ്നം വിലയിരുത്തി അവര്‍ക്കായി ഡ്രീം കേരള എന്ന പദ്ധതി നടപ്പാക്കാന്‍ മന്ത്രി സഭ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസവും സമഗ്ര വികസനവും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. 100 ദിവസത്തിനകം പദ്ധതി പൂര്‍ത്തിയാക്കും, പദ്ധതിക്കായി പൊതുജനങ്ങള്‍ക്കും ആശയങ്ങള്‍ കൈമാറാം. മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍.

ഡ്രീം കേരള എന്ന പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചു. തിരികെ വരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ വികസനവും ലക്ഷ്യമിട്ടാണ് പദ്ധതി. വിദേശത്ത് നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും കേരളത്തിലേക്ക് തിരികെ വരുന്ന വിവിധ മേഖലയിലെ വിദഗ്ധരുണ്ട്. അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ കഴിവ് തെളിയിക്കുകയും പരീശലനം ലഭിക്കുകയും ചെയ്തവരാണ്.

ഇവരുടെ കഴിവിനെ സംസ്ഥാനത്തിന്റെ ഭാവിക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യം കൂടി ഈ പദ്ധതിക്കുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയില്‍ കേരളത്തിന്റെ ഭാവിയെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ പൊതുജനത്തിന് നിര്‍ദ്ദേശവും ആശയവും സമര്‍പ്പിക്കും. തെരഞ്ഞെടുക്കുന്ന നിര്‍ദേശങ്ങള്‍ പിന്നീട് വിലയിരുത്തി, വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കും. ആശയം നടപ്പിലാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ഹാക്കത്തോണ്‍ നടത്തും. വിദഗ്‌ദ്ധോപദേശം നല്‍കാന്‍ യുവ ഐഎഎസ് ഓഫീസര്‍മാരുടെ സമിതിയെ നിയോഗിക്കും. ആശയങ്ങള്‍ അതത് വകുപ്പുകള്‍ക്ക് വിദഗ്ധ സമിതി നല്‍കും. ഒരാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കും.

മുഖ്യമന്ത്രി ചെയര്‍മാനായ സ്റ്റിയറിങ് കമ്മിറ്റി രൂപീകരിക്കും. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടയുള്ളവരും വിവിധ വകുപ്പ് സെക്രട്ടറിമാരും ഈ കമ്മറ്റിയിലുണ്ട്. പദ്ധതി നടത്തിപ്പിന് ഡോ കെ.എം എബ്രഹാം ചെയര്‍മാനായി സമിതിയെ രൂപീകരിക്കും. പദ്ധതി നടത്തിപ്പിന് സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട പദ്ധതികള്‍ വിര്‍ച്വല്‍ അസംബ്ലിയില്‍ അവതരിപ്പിക്കാന്‍ അവസരം ഒരുക്കും. നൂറ് ദിവസത്തിനുള്ളില്‍ പദ്ധതി നടപ്പിലാക്കും.

error: Content is protected !!