ദുബായ്: ദുബായ് നഗരസഭയുടെ നേതൃത്വത്തിൽ നാളെ (ഞായറാഴ്ച ) കാർ രഹിത ദിനം ആചരിക്കും. ഒരു ദിവസമെങ്കിലും കാർ ഉപയോഗിക്കാതെ സഞ്ചരിക്കാൻ തയ്യാറായാൽ അത് ഈ ഭൂമിക്ക് നൽകുന്ന ഏറ്റവും വലിയ സമ്മാനമായിരിക്കുമെന്നാണ് ദുബായ് നഗരസഭ നൽകുന്ന സന്ദേശം. ദുബായ് മുനിസിപാലിറ്റി ഹെഡ് ക്വാർട്ടേഴ്സിൽ രാവിലെ എട്ടിന് ഉദ്ഘാടന പരിപാടികൾ നടക്കും. ഉന്നത സർക്കാർ ഉദ്യോഗസ്ഥരും മറ്റും രാവിലെ 7.45ന് എത്തിസാലാത്ത് സ്റ്റേഷനിൽ നിന്നു യൂണിയൻ വരെ മെട്രോയിൽ യാത്ര ചെയ്യും.
സ്വകാര്യ വാഹനം ഉപേക്ഷിച്ച് പൊതു വാഹനം ഉപയോഗിക്കുക എന്ന സന്ദേശം പൊതുജനങ്ങളിലെത്തിക്കുക എന്നതായിരുക്കും ഈ സംരംഭത്തിന്റെ പ്രഥമ ലക്ഷ്യം. അന്തരീക്ഷ മലിനീകരണം കുറക്കുക, ആഗോള കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച രാജ്യാന്തര കരാറുകൾ പാലിക്കുന്ന കാര്യത്തിൽ ദുബായിയുടെ ഉത്തരവാധിത്വം നിറവേറ്റുക ഏന്നിവയും ഈ ദിനാചരണത്തിലൂടെ ദുബായ് നഗരസഭ ലക്ഷ്യമിടുന്നു.