ഡല്‍ഹി: പാക് വ്യോമാതിര്‍ത്തി ലംഘിച്ചു കൊണ്ട് അതിര്‍ത്തിയിലെ ഭീകരക്യാമ്പുകള്‍ തകര്‍ക്കുക. ഇന്ത്യ നടത്തിയത് ഇത് രണ്ടാം തവണയാണ്. നേരത്തേ 2016 ല്‍ ഇന്ത്യ ഉറി ആക്രമണത്തിന് പിന്നാലെ സര്‍ജിക്കല്‍ ആക്രമണം നടത്തിയതും പാക് അതിര്‍ത്തി ഭേദിച്ചായിരുന്നു. ഇന്ന് പുലര്‍ച്ചെ
പുലര്‍ച്ചെ മൂന്നു മണിയോടെ അതിര്‍ത്തിയിലെ നാല് തീവ്രവാദി ക്യാമ്പുകളിലാണ് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്.
ആളപായം ഉണ്ടായിട്ടില്ലെന്ന് പാകിസ്താന് പറയുന്നുണ്ടെങ്കിലും ഇന്ത്യന്‍ ആക്രമണത്തില്‍ ഏകദേശം 200 ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായിട്ടാണ് പുറത്തുവരുന്ന വിവരം. ഓപ്പറേഷനില്‍ 12 മിറാഷ് ജെറ്റുകളും ഡ്രോണുകളും ഉപയോഗിക്കപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്. 1000 കിലോ സ്ഫോടക വസ്തുക്കള്‍ ഭീകര ക്യാമ്പുകള്‍ പൂര്‍ണ്ണമായും തകര്‍ത്തതായിട്ടാണ് റിപ്പോര്‍ട്ട്. നേരത്തേ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ശക്തമായ തിരിച്ചടി നല്കാന് ഇന്ത്യന്‍ സൈന്യത്തിന് പ്രധാനമന്ത്രി അനുവാദം നല്‍കിയിരുന്നു.
പുലര്‍ച്ചെ മൂന്ന് മണിയോടെ നാല് മേഖലകളിലാണ് ആക്രമണം നടന്നത്. ജെയ്ഷെ ഇ മുഹമ്മദിന്റെ കേന്ദ്രങ്ങളായ ബലാകോട്ട്, ചാകോതി, മുസാഫറാബാദ് പാഡ് എന്നിവ തകര്‍ത്തു. ജെയ്ഷെയുടെ ആല്‍ഫാ – 3 കണ്ട്രോള് റുമുകളും തകര്‍ത്തു. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ നഗരമായ ബാലാകോട്ട് അതിര്‍ത്തിയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാന്‍ കഴിയുന്ന വിധത്തില്‍ സൈന്യം സുസജ്ജമാണെന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്.
ഫെബ്രുവരി 14 ന് പുല്‍വാമയില്‍ നടന്ന തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന ഇന്ത്യ നേരത്തേ തന്നെ സൂചന നല്‍കിയിരുന്നു. പാകിസ്താന് പിന്തുണയ്ക്കുന്ന ജെയ്ഷെ ഇ മുഹമ്മദ് തീവ്രവാദി സംഘടനയുടെ ആക്രമണത്തില്‍ 40 ഇന്ത്യന്‍ സൈനികര്‍ക്കായിരുന്നു ജീവന് നഷ്ടമായത്. ഇന്ന് രാവിലെ അതിര്‍ത്തി കടന്ന് ഇന്ത്യ ആക്രമണത്തിന് ശ്രമിച്ചെന്നും പാക് സേന തിരിച്ചടിച്ചപ്പോള്‍ ഇന്ത്യന്‍ വിമാനങ്ങള്‍ സ്ഫോടക വസ്തുക്കള്‍ വര്‍ഷിച്ച് തിരിച്ചുപോയെന്നുമാണ് പാകിസ്താന്റെ ഇന്റര്‍ സര്‍വീസ് പബ്ളിക് റിലേഷന്‍ ഡയറക്ടര്‍ ജനറലായ ആസിഫ് ഗഫൂറായിരുന്നു ആദ്യം റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ഗഫൂറിന്റെ ട്വീറ്റിന് പിന്നാലെ ആക്രമണ വിവരവും പുറത്തുവന്നു.
തിരിച്ചുപോകലില്‍ പാക് മേഖലയായ ബാലാകോട്ടില്‍ ഇന്ത്യന്‍ പോര് വിമാനങ്ങള്‍ സ്ഫോടക വസ്തുക്കള്‍ വര്‍ഷിച്ചതായും ആളപായമൊന്നും ഉണ്ടായില്ലെന്നും ആയിരുന്നു പാകിസ്താന് വാദം. നേരത്തേ തീവ്രവാദി ആക്രമണത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യന്‍ ശ്രമം വിജയിച്ചിരുന്നു. അനേകം രാജ്യങ്ങളാണ് ജെയ്ഷെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി വന്നത്. ആക്രമണത്തില്‍ ഇന്ത്യയ്ക്ക് ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടം ഉണ്ടായതായി ഇന്ത്യയോ പാകിസ്താനോ വ്യക്തമാക്കിയിട്ടില്ല. കനത്ത ജാഗ്രതയിലാണ് ഇന്ത്യന്‍ സൈന്യം.