തിരുവനന്തപുരം: കനത്ത ചൂടിനെത്തുടര്‍ന്നു സംസ്ഥാനത്തെ തൊഴില്‍ സമയങ്ങളില്‍ മാറ്റം വരുത്തും. ഇതുസംബന്ധിച്ച ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങും. വയനാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ തൊഴിലാളികള്‍ക്കു സൂര്യാഘാതമേറ്റതായി ജില്ലാ കളക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പകല്‍സമയത്ത് തൊഴില്‍ സമയത്തില്‍ മാറ്റം വരുത്താനുള്ള നടപടികളുമായി സംസ്ഥാന ലേബര്‍ കമ്മീഷണറേറ്റ് നടപടി സ്വീകരിച്ചത്. ഫെബ്രുവരിയില്‍ തന്നെ ക്രമാതീതമായി താപനില ഉയരുന്നതിനാല്‍ വേനല്‍ച്ചൂട് രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നാണു കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ സൂചന. ഈ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്കു സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത കൂടുതലാണ് . പകല്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെ വിശ്രമവേളയാകുന്ന വിധമാ ണു ക്രമീകരണം വരിക. പകല്‍സമയത്ത് ജോലി എട്ടു മണിക്കൂര്‍ എന്നുള്ളത് രാവിലെ എഴു മുതല്‍ വൈകുന്നേരം ഏഴു വരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി നിജപ്പെടുത്തും.
രാവിലെയും ഉച്ചയ്ക്കു ശേഷവുമുള്ള മറ്റു ഷിഫ്റ്റുകളിലെ ജോലിസമയം ഉച്ചയ്ക്ക് 12 ന് അവസാനിക്കുകയും വൈകുന്നേരം മൂന്നിന് ആരംഭിക്കുകയും ചെയ്യുന്ന വിധം ക്രമീകരിക്കണം. സമുദ്രനിരപ്പില്‍ നിന്നു 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള സൂര്യാഘാത സാധ്യത ഇല്ലാത്ത മേഖലകളെ മുന്‍വര്‍ഷങ്ങളില്‍ തൊഴില്‍ ക്രമീകരണങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നു.കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇൗ വര്‍ഷം ഫെബ്രുവരിയില്‍ വന്‍ ചൂടാണ് അനുഭവപ്പെടുന്നത്. തിരുവനന്തപുരത്ത് 2018 ഫെബ്രുവരി 23ന് 31 ഡിഗ്രി സെല്‍ഷസ് താപനിലയാണ് അനുഭവപ്പെട്ടത്. എന്നാല്‍, ഈ മാസം ഇത് 35 ഡിഗ്രിക്കു മുകളിലേക്ക് ഉയര്‍ന്നു.
പുനലൂരും പാലക്കാട്ടും സമാനമായ രീതിയില്‍ താപനില ഉയരുകയാണ്. ഈ പശ്ചാത്തലത്തിലാണ് അടിയന്തരമായി പകല്‍സമയത്ത് ജോലിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിറക്കുന്നത്. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയാണു മുന്‍കാലങ്ങളില്‍ തൊഴില്‍ സമയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കാലാവസ്ഥയില്‍ മാറ്റമുണ്ടായാല്‍ നിയന്ത്രണം നേരത്തേപിന്വലിക്കും. ശീത കാലമഴ 30 ശതമാനത്തോളം കുറവാണ് ഇക്കുറി സംസ്ഥാനത്ത്. ഇതും ചൂടിനു കാരണമാകുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.