video ഇന്ത്യ കേരളം ദുബായ് ദേശീയം വിനോദം

ദേശി രാഗ്: പ്രവാസിയുടെ ദേശീയ രാഗ സമർപ്പണം സോഷ്യൽ മീഡിയയിൽ വൻ ഹിറ്റ്.

ദുബായ്: മഹാമാരിയുടെ ദുസ്സഹ സാഹചര്യങ്ങളെ അതിജീവിച്ച് ‘ദേശീ രാഗ്’ എന്ന സന്ദേശഗീതം വൻ ജനസ്വീകാരം നേടുന്നു. ദേശഭക്തിയോടൊപ്പം യുദ്ധവിരുദ്ധതയും വിഷയമാക്കി നാലു ഭാഷകളിൽ കോർത്തിണക്കിയ ഗാനം വിവിധ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇതിനകം ലക്ഷോപലക്ഷം പേർ വീക്ഷിച്ചു. പ്രശസ്ത സിനിമാതാരം റഹ്മാനാണ് ഈ വീഡിയോ ആൽബത്തിന്റെ ഔദ്യോഗിക പ്രകാശനം നിർവഹിച്ചത്. മലയാളം, തമിഴ്‌, ഹിന്ദി കൂടാതെ ഇംഗ്ലീഷിലുമായി പ്രശസ്ത ഗായകരായ അഫ്സൽ, വൈഷ്ണവ് ഗിരീഷ് (ഇന്ത്യൻ ഐഡൽ ഫെയിം), പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ഇഷാൻ ദേവിനുമൊപ്പം ആലപിച്ച, ദോഹയിൽ നിന്നുള്ള പ്രവാസീ മലയാളി ബാലിക മെറിൽ ആൻ മാത്യു പുതു സംഗീത താരമായി കൈയടി നേടുന്നു.

ഖത്തർ ദോഹയിലെ ബിർള പബ്ലിക് സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന ഈ പതിനൊന്ന് വയസ്സുകാരി കണ്ണൂർ ആലക്കോട് അറക്കൽ മനോജ് മാത്യു – നിഷ വർഗീസ് ദമ്പതികളുടെ പുത്രിയാണ്. പ്രശസ്ത സംഗീതാധ്യാപകരായ ശങ്കർ ദാസിന്റെയും അഭിലാഷിന്റേയും കീഴിൽ കർണാടിക് – വെസ്റ്റേൺ സംഗീതം അഭ്യസിക്കുന്ന മെറിൽ ആൻ മാത്യു നിരവധി ആൽബങ്ങളിലും സ്റ്റേജ് ഷോകളിലും നേരത്തെ പാടിയിട്ടുണ്ട്. ‘ദേശീ രാഗി’ന്റെ സംഗീതം സംവിധാനം വയലിനിസ്റ്റ് ഫായിസ് മുഹമ്മദാണ്. സംസ്ഥാന അവാർഡ് ജേതാവായ പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവ് ബി.കെ.ഹരിനാരായണൻ, ഫൗസിയ അബൂബക്കർ, തമിഴ് സിനിമയിലെ പ്രശസ്ത ഗാന രചയിതാവായ വല്ലവൻ അണ്ണാദുരൈ, ഷാജി ചുണ്ടൻ എന്നിവരുടേതാണ് വരികൾ. പ്രശസ്ത ചലച്ചിത്രതാരം മഞ്ജു വാര്യരാണ് ഏറെ പ്രത്യേകതകൾ നിറഞ്ഞ ഈ ആൽബത്തിന്റെ അവതരണം.

രാജ്യത്തിൻറെ കാവൽക്കാരായ ധീര ജവാന്മാർക്കുള്ള സമർപ്പണം കൂടിയാണ് ഈ മ്യൂസിക് ആൽബം. ദേശത്തിന്റെ വിവിധ സംസ്കാരങ്ങളെ വളരെ മനോഹരമായി കോർത്തിണക്കികൊണ്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. സാമൂഹ്യ അകലം നിർബന്ധിതമായ ഇന്നത്തെ സാഹചര്യത്തിൽ വിർച്വൽ റിയാലിറ്റിയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി ലോകോത്തര നിലവാരത്തിൽ ചെയ്ത ഈ വീഡിയോ ആൽബത്തിന്റെ ആശയവും സംവിധാനവും യൂസഫ് ലെൻസ്മാനാണ് നിർവഹിച്ചിരിക്കുന്നത്. ക്രീയേറ്റീവ് ഹെഡ് ഷൗക്കത്ത് ലെൻസ്മാൻ. സെലെബ്രിഡ്ജ് ഇന്റർനാഷണൽ ആണ് ആൽബം നിർമിച്ചിട്ടുള്ളത്. സംഗീത നിർമാണം: എഫ് എം സ്റ്റുഡിയോ പ്രൊഡക്ഷൻസ്. മലയാള സിനിമയിലെ നിരവധി പ്രശസ്ത താരങ്ങൾ ഈ വീഡിയോ ആൽബത്തിന്റെ പ്രചാരണത്തിനായി പിന്തുണക്കുന്നു. വെർച്വൽ റിയാലിറ്റി ഉപയോഗപ്പെടുത്തിയ ആദ്യത്തെ വീഡിയോ ആൽബമാണ് DESI RAAG.

 

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും പിന്നീടുണ്ടായ അതിർത്തി യുദ്ധങ്ങളിലും ജീവൻ ബലിയർപ്പിച്ച സേനാനികളെ അനുസ്മരിച്ചു കൊണ്ടാണ് വീഡിയോ ആൽബം തുടങ്ങുന്നത്. ഒക്ടോബർ രണ്ടിന് ഇന്റർനാഷണൽ ആന്റിവയലൻസ് ദിനം അനുബന്ധിച്ചു ഇറങ്ങിയ ഈ ദേശഭക്തിഗാനം, ഗാന്ധിജിയുടെ ഏറ്റവും വലിയ ആശയമായ അഹിംസയുടെ സന്ദേശങ്ങൾ ഉളവാക്കുന്നതാണ്. “ആന്റി വാർ”എന്ന ആശയത്തിലാണ് വീഡിയോ ആൽബം അവസാനിക്കുന്നത്. മോഹൻലാലിന്റേയും മഞ്ജുവാര്യരുടെയും ശബ്ദത്തിലൂടെയുള്ള അവതരണം ഈ സന്ദേശങ്ങളെ കൂടുതൽ വികാരഭരിതമാക്കുന്നുണ്ട്. നാല് ഭാഷകളിൽ ഹൃദയസപർശിയായ ഗാനരചനയും വ്യത്യസ്തമായ സംഗീതവും അന്താരാഷ്ട്ര നിലവാരമുള്ള വെർച്വൽ റിയാലിറ്റി ടെക്നോളജിയും, വിഷ്വൽ ട്രീറ്റ്മെന്റും ഈ ആൽബത്തെ വേറിട്ടതാക്കുന്നു.

error: Content is protected !!