fbpx
ഇന്ത്യ

അഭിനന്ദൻ വർദ്ധമാൻ വാഗാ അതിർത്തിയിലെത്തി

വാഗാ അതിർത്തി: വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ വാഗാ അതിർത്തിയിലെത്തി. ഇന്ത്യൻ സൈന്യത്തിന് അഭിനന്ദനെ കൈമാറുന്ന ചടങ്ങാണ് നടക്കുന്നത്. പാക് അതിർത്തിയിലാണ് അഭിനന്ദനിപ്പോൾ. ഉടൻ ഇന്ത്യൻ അതിർത്തിയിലേക്ക് അഭിനന്ദനെ എത്തിക്കും. അൽപസമയം മുമ്പ് അഭിനന്ദന്‍റെ ഒരു വീഡിയോ പാക് മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.
പാക് റേഞ്ചർമാരുടെ ഒപ്പമാണ് വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ എത്തിയിരിക്കുന്നത്. കനത്ത സുരക്ഷാ സന്നാഹമാണ് അതിർത്തിയിൽ ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ അതിർത്തിയിൽ ബിഎസ്എഫ് വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കുന്നത്.
അഭിനന്ദന്‍റെ കൈമാറ്റം വൈകുകയായിരുന്നു. രണ്ട് തവണ അഭിനന്ദനെ കൈമാറുന്ന സമയം പാക് സൈന്യം മാറ്റിയിരുന്നു.

മറ്റൊരു രാജ്യത്തു നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന യുദ്ധത്തടവുകാരനായതിനാൽ റെഡ് ക്രോസിന്‍റെ പ്രത്യേക സംഘം അഭിനന്ദനെ പരിശോധിച്ചിരുന്നു. പാകിസ്ഥാനിൽ പെട്ട അഭിനന്ദനെ നാട്ടുകാർ മർദ്ദിച്ചിരുന്നു. ഇതുൾപ്പടെ അഭിനന്ദന്‍റെ മുഖത്തും തോളിലും പരിക്കേറ്റിരുന്നു.
ദേശീയപതാകയുമേന്തി വൻ ജനാവലിയാണ് അഭിനന്ദനെ നേരിട്ട് സ്വീകരിക്കാൻ കാത്തു നിൽക്കുന്നത്. അഭിനന്ദന്‍റെ കുടുംബാംഗങ്ങളും അതിർത്തിയിൽ കാത്തു നിൽക്കുകയാണ്. വൈകിട്ട് 5.20-ഓടെ അഭിനന്ദനെ ഔദ്യോഗികമായി കൈമാറിയെന്ന് വിവരം പുറത്തുവന്നതോടെ ദേശീയ പതാക വീശിയും നൃത്തം ചവിട്ടിയും മുദ്രാവാക്യം വിളിച്ചും ജനക്കൂട്ടം ആഹ്ളാദത്തിലായിരുന്നു. രാജ്യമെമ്പാടും ആഘോഷങ്ങളും തുടങ്ങി.

error: Content is protected !!