Info കേരളം

ബുറേവി: കേരളത്തിൽ മുന്നൊരുക്കങ്ങൾ ശക്തം; വിവിധ ജില്ലകളിൽ റെഡ് അലേർട്ട്

ബുറേവി ചുഴലിക്കാറ്റിനെ നേരിടാൻ കേരളത്തിൽ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകും. മൂന്ന് മുതല്‍ അഞ്ച് ദിവസം വരെയാണ് ഇത് തുടരുക.

തീരദേശമേഖലയില്‍ ശക്തമായ കടല്‍ ക്ഷോഭത്തിനും സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലുണ്ട്. മീന്‍ പിടുത്തക്കാര്‍‌ക്ക് ശനിയാഴ്‌ച വരെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കി അടക്കമുളള മലയോര ജില്ലകളില്‍ മണിക്കൂറില്‍ അറുപത് കിലോമീറ്ററിന് മുകളില്‍ കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ട്. മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും ഉരുള്‍പ്പൊട്ടലിനും സാദ്ധ്യതയുണ്ട്.
തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കിയുടെ ഒരു ഭാഗം എന്നിവിടങ്ങളില്‍ മഴയും കാറ്റും അതി തീവ്ര മഴ കാരണം വെളളപ്പൊക്കത്തിനും സാദ്ധ്യതയുണ്ടെന്നുമാണ് കണക്കു കൂട്ടുന്നത്. നിലവില്‍ സംസ്ഥാനത്താകെ 13 ക്യാമ്ബുകളിലായി 690 പേര്‍ താമസിക്കുന്നുണ്ട്. മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിപ്പിക്കുന്നവരെ മാറ്റി താമസിപ്പിക്കും. അപകട സാദ്ധ്യതയുളള മരങ്ങള്‍ മുറിച്ച്‌ മാറ്റാനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

കേരളത്തിലേക്ക് പ്രവേശിക്കും മുമ്ബ് കാറ്റിന്റെ ശക്തി കുറയുമെങ്കിലും തലസ്ഥാന ജില്ലയില്‍ നാശ നഷ്‌ടങ്ങള്‍ക്ക് ഇടയാക്കുമെന്ന മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

error: Content is protected !!