ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ ആദ്യഘട്ട കൊവിഡ് വാക്‌സിന്‍ വിതരണം ; ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന ഒരു കോടി ആരോഗ്യപ്രവര്‍ത്തകർക്കെന്ന് ആരോഗ്യമന്ത്രാലയം

ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന ഒരു കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുക. അതിന് ശേഷം പൊലീസ്, സായുധ സൈന്യം, മുന്‍സിപല്‍ ജീവനക്കാര്‍ എന്നിവരുള്‍പ്പെടുന്ന രണ്ടുകോടി മുന്നണി പോരാളികള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സര്‍വ്വകക്ഷിയോഗത്തില്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൊവിഡ് വാക്‌സിന്‍ ആഴ്ചകള്‍ക്കുള്ളില്‍ എത്തുമെന്ന് യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. എട്ട് വ്യത്യസ്ത വാക്‌സിനുകളാണ് അവസാനഘട്ടത്തിലെത്തിനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എല്ലാപാര്‍ട്ടികളിലെയും നേതാക്കളും ലോക്‌സഭാ, രാജ്യസഭാ അംഗങ്ങളും യോഗത്തിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നു. പ്രമുഖ പാര്‍ട്ടികളിലെ 13 നേതാക്കളും അഞ്ച് എംപിമാരും യോഗത്തില്‍ സംസാരിച്ചു.

നിലവിലെ കൊവിഡ് സാഹചര്യം ചര്‍ച്ചചെയ്യാനും വാക്സിന്‍ വികസനത്തിന്റെ പുരോഗതി ചര്‍ച്ചചെയ്യാനുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വ്വകക്ഷി യോഗം വിളിച്ചുചേര്‍ത്തത്. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള 12 പ്രമുഖ നേതാക്കളും മറ്റ് ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. വന്‍തോതില്‍ വാക്സിന്‍ ലഭ്യമാക്കാനും സംഭരിക്കാനും വിതരണം ചെയ്യാനും സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചുവരികയാണെന്ന് നരേന്ദ്രമോദി വിശദീകരിച്ചു. ഇത്തരം കാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഒരു വിദഗ്ധ സമിതിയ്ക്ക് രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!