അബൂദാബി

16 കോടി ദിർഹത്തിൻ്റെ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ച ആറ് പ്രവാസികള്‍ക്ക് 10 വര്‍ഷം തടവും ഒരു കോടി ദിര്‍ഹം പിഴയും

അബുദാബി:16 കോടി ദിർഹത്തിന്റെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് 3 പാക്കിസ്ഥാനികൾ ഉൾപ്പെടെ 6 വിദേശികൾക്കു 10 വർഷം വീതം തടവും ഒരു കോടി ദിർഹം വീതം പിഴയും ശിക്ഷ വിധിച്ചു. തടവിനുശേഷം പ്രതികളെ നാടുകടത്താനും അബുദാബി ക്രിമിനൽ കോടതി ഉത്തരവിട്ടു. ബാങ്ക് ഇടപാട് അടിസ്ഥാനമാക്കി നടത്തിയ അന്വേഷണം സംശയകരമാം വിധം ലഹരിക്കടത്തിലാണു എത്തിയത്. ലഹരി മരുന്ന് കള്ളക്കടത്തിലൂടെ ലഭിച്ച തുക മറച്ചുവെക്കാനാണ് സംഘം ശ്രമിച്ചത്.

6 മാസത്തിനിടെ 80 ലക്ഷം ദിർഹത്തിന്റെ ബാങ്ക് ഇടപാടു നടന്നതാണ് ഇവർക്കു വിനയായത്. സംഘത്തിന്റെ താമസ കേന്ദ്രങ്ങളിൽനിന്ന് 20 ലക്ഷം ദിർഹമും കണ്ടെടുത്തു. യുഎഇയിലുള്ള വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ അക്കൗണ്ടിലേക്കു പണം നിക്ഷേപിക്കുന്നതോടെ ലഹരി മരുന്ന് കൈമാറുന്നതാണു സംഘത്തിന്റെ രീതിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. തുടർന്ന് ഫോറിൻ എക്സ്ചേഞ്ചു വഴി ഈ പണം പാക്കിസ്ഥാനിലെ അക്കൗണ്ടിലേക്ക് കൈമാറും.

error: Content is protected !!