ദുബായ്

നന്ദി നന്തിക്കാ..! (നാസർ നന്തി എന്ന അസാധാരണ സാമൂഹിക പ്രവർത്തകനെ അനുസ്മരിച്ച് നിസാർ സെയ്ദ് എഴുതിയ പ്രത്യേക കുറിപ്പ് )

ഡിസംബർ 31 എത്താൻ വേണ്ടി കാത്തിരിക്കുകയും അന്ന് പാതിരാത്രി തന്റെ ജന്മ ദിനം സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ ആഘോഷിക്കാനും കരുതിയിരിക്കുന്ന അഗാധമായ ആകാംക്ഷയ്ക്കിടയിലാണ് അതിന്റെ രണ്ടു ദിവസം മുൻപ് 2019 ഡിസംബർ 29 ന് വെളുപ്പിന് നമ്മുടെ നന്തി നാസർ ഇക്കായെ മരണം ക്ഷണിച്ചു കൊണ്ട്‌ പോയത്. 2020 എന്ന വർഷം പുലർന്ന് കാണാൻ ഇത്രയും ആഗ്രഹിച്ച ഒരാൾ എന്റെ പരിചയത്തിൽ ഇല്ല. വർഷങ്ങൾക്ക് മുൻപേ ഫോൺ നമ്പർ , ഇമെയിൽ ഐഡി അടക്കം 2020 എന്ന് എടുത്തു കരുതിവച്ച് കാത്തിരുന്ന ഒരാൾ. അത് കാണാൻ കഴിയാതെ വിധി തട്ടിക്കൊണ്ട് പോയ ഒരാൾ.

നൂറ്റാണ്ടുകൾ പിന്നിട്ടാലും നന്തിക്കാരുടെയും ദുബൈക്കാരുടെയും മാനുഷിക പരിഗണനാ ചരിത്രത്തിൽ എഴുതിവയ്‌ക്കാൻ പറ്റിയ ഒരു നാമമാണ് നാസർ നന്തി എന്നത്. മുംബൈയിലും ദുബായിലുമായി പതിറ്റാണ്ടുകൾ പിന്നിടുന്ന പ്രവാസ ജീവിതത്തിനിടയിൽ ആയിരക്കണക്കിന് ആളുകൾക്ക് ജാതി മതം വർഗം വർണം ഭാഷ തൊഴിൽ ആൺ പെൺ ഭേദങ്ങൾ ഒന്നും നോക്കാതെ അർഹിക്കുന്ന സഹായങ്ങൾ എത്തിച്ചുകൊടുക്കാൻ കഴിഞ്ഞ ചാരിതാർഥ്യത്തിന്റെ പേരിലാണ് ലോകം നാസർ നന്തി യെ രേഖപ്പെടുത്തുക . സ്‌കൂൾ കാലഘട്ടം മുതൽ ആരംഭിച്ച ആ ജീവകാരുണ്യ പരത 2019 ഡിസംബർ 28 ന്റെ പാതിരാത്രിയിലും യാതൊരു മാറ്റവും കൂടാതെ തുടരുകയായിരുന്നു -ഓരോ ദിവസം ദുബായിൽ പഴക്കം വരുമ്പോഴും നാസർ നന്തി കൂടുതൽ സഹായങ്ങൾ ചെയ്യുന്ന തലത്തിലേക്ക് ഉയരുകയായിരുന്നു.

കോഴിക്കോട് കൊയിലാണ്ടിയിലെ നന്തി എന്ന തനി നാടൻ ഗ്രാമത്തിൽ ജനിച്ചു വളർന്ന നാസർ ബാല്യ കാല ഘട്ടത്തിൽ തന്നെ സഹ ജീവികളോട് അസാധാരണമാം വിധം മാനുഷിക അടുപ്പം കാണിക്കുകയും സ്കൂളിലെ നിർധനരും പട്ടിണിക്കാരുമായ ചില സഹപാഠികൾക്ക് സ്വന്തം വീട്ടിൽ നിന്ന് വീട്ടുകാർ അറിഞ്ഞും അറിയാതെയും ആഹാരം എത്തിച്ചു കൊടുക്കുകയും ചെയ്യുമായിരുന്നു. കുടുംബത്തിലുള്ളവർ ആ ശീലം പ്രോത്സാഹിപ്പിച്ചതേയുള്ളൂ . ഉള്ളത് പങ്കുവയ്ക്കുക , ഇല്ലാത്തിടത്ത് അവശ്യസാധനങ്ങൾ എത്തിക്കുക , അർഹതയുള്ളവരെ കണ്ടുപിടിച്ചു സഹായിക്കുക തുടങ്ങിയ കാര്യങ്ങൾ കുട്ടിക്കാലം മുതൽ നാസർ വളർത്തിയെടുത്തു . നോമ്പുകാലത്തും പെരുന്നാൾ സമയങ്ങളിലും ഓണത്തിന്റെ ഉത്സവാവേശത്തിലും നാസർ അന്വേഷിച്ചത് ഇത്തരം കാര്യങ്ങൾ ആയിരുന്നു . ഒരു തരം ലഹരി പോലെ ആനന്ദം നൽകുന്ന ഒന്നായിരുന്നു നാസർ നന്തിക്ക് സാമൂഹിക സേവനം . പഠന കാലത്ത് ഒക്ടോബർ 2 എന്ന തീയതി വന്നണയാൻ കാത്തുകാത്തിരിക്കുന്ന കുട്ടിയെ സങ്കൽപ്പിക്കൂ . കാരണം പണ്ടുകാലത്ത് അപ്പോൾ മാത്രമാണല്ലോ ഔദ്യോഗിക സേവന വാരം ആചരിക്കുന്നത് . പറമ്പും സ്കൂൾ പരിസരവും എല്ലാം വൃത്തിയാക്കാനും അന്നദാനത്തിൽ ഇടപെടാനും പരസ്യമായി തന്നെ അവസരവും സമയവും കിട്ടുന്ന കാലമാണത് , പ്രത്യേകിച്ച് ഗാന്ധി ജയന്തി ആചരണ കാലഘട്ടം .
മുമ്ബയിൽ ജോലിസംബന്ധമായാണ് എത്തിയതെങ്കിലും ചെയ്തത് ചേരിയിലെ ചില സാമൂഹിക പ്രവർത്തനങ്ങൾ . അത് കണ്ടറിഞ്ഞ ചിലർ നാസറിന് തന്റെ ഇഷ്ട ഫീൽഡ് ആയ ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ തന്നെ മികച്ച ജോലി നൽകി , പിന്നെ അവിടെ തന്നെ മാനേജ്മെന്റിന്റെ വിശ്വസ്തനായി , പാർട്ണർ ആക്കി , പിന്നെ ഗൾഫിൽ സ്വന്തമായി തൊഴിലിടം മെച്ചപ്പെടുത്താൻ അവർ തന്നെ അവസരം നൽകി . തൊണ്ണൂറുകൾ എല്ലാ മലയാളി ചെറുപ്പക്കാരെയും ഗൾഫ് ഭ്രമിപ്പിച്ചപ്പോൾ നാസർ നന്തിയും കടൽ കടന്നു . ദുബായ് രണ്ടുകയ്യും നീട്ടി നാസറിനെ വരവേറ്റു . രാജ കുടുംബവുമായി ചേർന്ന് നിൽക്കുന്ന ബിസിനസ് കുടുംബമായ മിഹെയ്‌രി കുടുംബത്തിന്റെ വിശ്വാസ്യത ഏറ്റുവാങ്ങാൻ നാസറിന് കഴിഞ്ഞത് വലിയ തുണയായി . ആഫ്രിക്ക , CIS രാജ്യങ്ങൾ എന്നിവിടങ്ങളിൽ വലിയ ബന്ധങ്ങളായി . വ്യക്തിപരവും ബിസിനസ് പരവും ആയ മികച്ച ബന്ധങ്ങൾ ആണ് നാസറിന്റെ വിജയത്തിന്റെ കാതൽ . ഇപ്പോഴും ആ വിശാലമായ ചില ഒത്തുചേരലുകളിൽ നമുക്ക് കാണാൻ കഴിയാത്ത ലോകത്ത് നാസർക്ക അഭിരമിക്കുന്നുണ്ടാകും.

ദുബായിൽ ജയിലിൽ അകപ്പെട്ട ശേഷം ശിക്ഷാകാലാവധി കഴിഞ്ഞ തടവുകാർക്ക് നാട്ടിലേക്ക് പോകാൻ തടസ്സം നിൽക്കുന്ന ഘടകം ഒരു റിട്ടേൺ ടിക്കറ്റ് മാത്രമാണെന്ന് തിരിച്ചറിഞ്ഞ നാസർ നന്തി അറിയാവുന്നിടത്തുനിന്നെല്ലാം ടിക്കറ്റുകൾ സംഘടിപ്പിച്ച് ജയിലിൽ കൊണ്ടുപോയി നൽകി അവരെ വിട്ടയക്കാൻ അധികൃതരോട് അപേക്ഷിക്കുന്നതാണ് ആദ്യത്തെ ജീവ കാരുണ്യ പ്രവർത്തനം . സ്വന്തം പോക്കറ്റിൽ നിന്നും സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും സഹായത്തോടുകൂടി ഇങ്ങനെ നടത്തിയ ആ ജീവൽ സഹായ പദ്ധതികൾ നാസർ നന്തിക്ക് നല്ലൊരു മേൽവിലാസം ദുബായിൽ നൽകി . പ്രാദേശിക സംഘടനകളും മറ്റും നാസർ നന്തിയുടെ ഇടപെടലിനായി ആഗ്രഹിച്ച നാളുകൾ.

 

കൂടുതൽ ബന്ധങ്ങൾ , കൂടുതൽ ആളുകൾ , കൂടുതൽ പ്രവർത്തനങ്ങൾ അങ്ങനെ എല്ലാം നാസർ നന്തി ആഗ്രഹിച്ചപോലെ വന്നുചേർന്നു .
ദുബായ് പോലീസ് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ കഴിഞ്ഞതാണ് നാസർ നന്തിക്ക് ജീവിത വഴിത്തിരിവായി മാറിയത് . ലേബർ ക്യാമ്പുകളിലും അതുപോലെ യുഎ ഇ യുടെ ദേശീയ ആഘോഷ വേദികളിലും നാസർ നന്തി ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം അവർക്ക് നിരവധി സഹായങ്ങളുമായി നിത്യ സാന്നിധ്യമായി .

രൂപം കൊണ്ടും പെരുമാറ്റത്തിലെ സവിശേഷത കൊണ്ടും ഒന്നും തിരിച്ച് ആഗ്രഹിക്കാതെ പ്രവർത്തിക്കുന്നത് കൊണ്ടും എല്ലാ ഉദ്യോഗസ്ഥരുടെയും പ്രിയ സ്നേഹിതനായി നാസർ നന്തി വളർന്നു. മലയാളീ സമൂഹത്തിന് അഭിമാനമായ വ്യക്തിത്വമായി . ഇന്ത്യൻ കോൺസുലേറ്റിൽ എത്തിച്ചേരുന്ന പല അഗതികൾക്കും ഉപദേശം നൽകിയും ഇടപെട്ടു കൊണ്ടും നാസർ കഴിയാവുന്ന സഹായങ്ങൾ ഒക്കെ ചെയ്തുകൊടുത്തു. ഇന്ത്യൻ സമൂഹത്തിൽ നാസർ നന്തിക്ക് നല്ലൊരു സ്ഥാനം അങ്ങനെ കൈവന്നു . മറ്റു പലരും ശ്രമിച്ചശേഷം ഉപേക്ഷിച്ച കാര്യങ്ങൾ ഏറ്റെടുത്തു അധികൃതരുടെ മുന്നിൽ എത്തിച്ചുകൊടുത്തു യാതൊരു പ്രതിഫലവും കൈപ്പറ്റാതെ പല ഉദ്യോഗസ്ഥരുടെയും ദയാവായ്‌പിൽ നടത്തിക്കൊടുത്ത നിരവധി ഉദാഹരണങ്ങൾ

രാത്രിയും പകലും ഊണും ഉറക്കവും വിശ്രമവും ഇല്ലാത്ത ഒരു ജീവിതമായി അത് മാറി .
മൃതദേഹങ്ങൾ അവരവരുടെ നാടുകളിലേക്ക് പെട്ടെന്ന് തന്നെ എത്തിക്കാൻ നാസർ നന്തി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങൾ നിസ്തുലമാണ് . അൽ ഖൂസിൽ എംബാമിങ് കേന്ദ്രത്തിൽ നൂറുകണക്കിന് മൃതദേഹങ്ങൾക്ക് കൂട്ടായി നിന്ന നന്തിയുടെ ജീവനറ്റ ദേഹം കൊണ്ടുവച്ചപ്പോൾ ഇതുവരെ ആ കേന്ദ്രം കാണാത്ത ആളുകൾ ആണ് തടിച്ചു കൂടിയത്. പലവട്ടം മയ്യത് നമസ്കാരം നടത്തേണ്ടി വന്നു.

ജയിലിൽ പെട്ടവർക്ക് നിയമ സഹായം ലഭ്യമാക്കാൻ നാസർ നന്തി ഒരു പ്രത്യേക ഗ്രൂപ്പ് തന്നെ രൂപീകരിച്ചു . റമദാനിൽ പോലീസിന്റെ പേരിൽ ലേബർ ക്യാമ്പുകളിൽ ഇഫ്താർ എത്തിക്കാൻ ഒരു ദ്രുത കർമ്മ സേന തന്നെ ഉണ്ടാക്കി നാസർ നന്തി. ആയിരങ്ങൾ അങ്ങനെ സുഭിക്ഷമായി നോമ്പ് തുറന്നു . ഇങ്ങനെയുള്ള നിരവധി കാര്യങ്ങളുടെ പേരിൽ നാസർ നന്തി യെ തേടി പുരസ്‌കാരങ്ങൾ പലതും വന്നു . കെഎംസിസി യുടെയും മിഡ്‌ഡിൽ ഈസ്റ്റ് ചന്ദ്രികയുടെയും നന്തി യിലെ കടലൂർ സ്കൂളിന്റെയും ഖത്തർ നന്തി കൂട്ടായ്മയുടേയും ദുബായ് പോലീസിന്റെ വിവിധ ജനക്ഷേമ ജീവകാരുണ്യ പുരസ്കാരങ്ങളായും നിരവധി അവാർഡുകൾ നാസർ നന്തിക്ക് ലഭിച്ചു . രഹസ്യമായി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുക എന്നതും ഇക്കാര്യത്തിൽ പ്രതിഫലം തൊടുക പോലും ചെയ്യരുത് എന്നതുമാണ് നാസർ നന്തിയുടെ പോളിസി.

നാസർക്കയെ അറിയാവുന്ന എല്ലാവരും പറഞ്ഞ ഒരു കാര്യമുണ്ട് – ഈ കൊറോണ കാലത്ത് നന്തി ഉണ്ടായിരുന്നെങ്കിൽ കാണേണ്ടതായിരുന്നു എന്ന് !

ഒരിക്കൽ എം എ യൂസഫലിയെ അടുത്ത് പരിചയപ്പെടണം എന്ന ആഗ്രഹം പറയുകയും കൊണ്ടു പോയി പരിചയപ്പെടുത്തുകയും യൂസഫലി ആശ്ലേഷിച്ച് സ്വീകരിക്കുകയും ചെയ്തത് നന്തിക്കായുടെ ജീവിത്തിലെ വലിയ അനുഭവം ആയെന്ന് എപ്പോഴും പറയുമായിരുന്നു. മറ്റൊരിക്കൽ റസൂൽ പൂക്കുട്ടിയെ ശംസുദ്ധീൻ നെല്ലറ യുടെ കൂടെ ഒന്നിച്ച് സൽക്കരിക്കാൻ അവസരം കിട്ടിയതും നാസർക്ക അവിസ്മരണീയ ജീവിതാനുഭവം ആയി കൊണ്ടുനടക്കുകയായിരുന്നു.

ഇത്രയധികം വായനയും പുസ്തകക്കൂട്ടുകളും ഉള്ള ഒരാൾ നമുക്കിടയിൽ ഉണ്ടെന്ന് വിശ്വസിക്കാൻ പ്രയാസം. ഹൊർ അൽ അൻസിൽ വില്ലയിൽ പുസ്തകങ്ങൾക്ക് ഇടയിലെ ആ ചാരുകസേരയുടെ ചാരത്ത് ഒരിക്കൽ കൂടി പോയി നിൽക്കണം എന്ന് ഇക്കഴിഞ്ഞ 51 ആഴ്ചകൾക്കിടയിൽ പലവട്ടം ആഗ്രഹിച്ചെങ്കിലും വേണ്ടെന്ന് ഞാൻ സ്വയം പറയുന്നു.
ഞാനുമായി ഉള്ള ആത്മബന്ധം നമ്മുടെ പൊതു സുഹൃത്തുക്കൾക്കിടയിൽ അറിയാവുന്ന കാര്യമാണ്. ഒരു സ്ഥാപനം സ്വന്തം പേരിൽ ഉണ്ടാകണം എന്ന് പറഞ്ഞ് എന്നെക്കൊണ്ട് നിർബന്ധിപ്പിച്ചു ഒരു ട്രേഡ് ലൈസൻസ് 2002 ൽ എടുപ്പിച്ചത് നന്തിക്ക ആയിരുന്നു. അതാണ് ഏഷ്യാവിഷൻ. റാസ് അൽ ഖൈമയിൽ ഇരുന്ന് വാർത്ത വായിച്ചു വായിച്ചു മരിച്ചു പോകാതെ ദുബായിലേക്ക് വരൂ എന്ന് സദാ നിർബന്ധിച്ചതിന്റെ പരിണതിയാണ് ഈ സ്ഥാപനം. എനിക്ക് വന്ന ഈ ശൂന്യതക്ക് പകരം വയ്ക്കാൻ എന്റെ കണ്ണൂനീർ മതിയാവില്ല. ദുബായ് വാർത്ത എന്റേതാണെന്ന് സ്വയം അഭിമാനത്തോടെ പറഞ്ഞിരുന്ന നന്തിക്ക അതിന്റെ വളർച്ചയുടെ ഓരോ ദിവസവും ഒരു കുഞ്ഞിനെയെന്ന പോലെ താലോലിക്കുമായിരുന്നു.
എല്ലാ വിഷയങ്ങളിലും ദുബായ് വാർത്തയിലൂടെ ആദ്യം പ്രതികരണം അറിയിക്കാൻ നാസർക്ക എല്ലാ പ്രഭാതങ്ങളിലും വിളിക്കുമായിരുന്നു.

മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരു ചെറിയ ഇടപെടൽ ഞാൻ അദ്ദേഹത്തിന്റെ കാര്യത്തിൽ ചെയ്തതിന് മറുപടിയായി എനിക്കയച്ച വോയിസ് മെസ്സേജിൽ “നിങ്ങൾ എന്റെ ഒപ്പം നടന്നു , ഞാൻ കരഞ്ഞപ്പോൾ ഒപ്പം കരഞ്ഞു , ഞാൻ അപമാനിതനാകാതെ നോക്കി ” എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള വാചകങ്ങൾ ഇന്നും വിതുമ്പലായി ഹൃദയത്തിൽ കിടക്കുകയാണ്. അതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരവും. നന്ദി നന്തിക്കാ ! നമ്മൾ വീണ്ടും ഒരുമിച്ച് കാണും – ഇൻ ഷാ അല്ലാഹ്.

നിസാർ സെയ്ദ് – ചീഫ് എഡിറ്റർ – ദുബായ് വാർത്ത (മാനേജിങ് ഡയറക്ടർ -ഏഷ്യാവിഷൻ)

error: Content is protected !!