fbpx
കേരളം

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരണം: അനുകൂല നിലപാടുമായി ശശി തരൂർ എം പി

രാജ്യാന്തര വിമാനത്താവളത്തിൽ സ്വകാര്യപങ്കാളിത്തം അനുവദിക്കുന്നതിനെ പരസ്യമായി അനുകൂലിച്ച് ശശി തരൂർ എംപി. വിമാനത്താവളം വികസിപ്പിക്കാനും കൂടുതൽ വിമാനസർവീസുകൾ കൊണ്ടുവരാനും സ്വകാര്യപങ്കാളിത്തത്തിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരനും വി.എസ്.ശിവകുമാറും ഉൾപ്പെടെയുള്ളവർ തുടക്കം മുതൽ വിമാനത്താവളത്തിൽ സ്വകാര്യപങ്കാളിത്തം അനുവദിക്കുന്നതിനെ എതിർത്തുകൊണ്ടിരിക്കെയാണു ശശി തരൂർ അനുകൂലിച്ചു രംഗത്തെത്തിയത്.

സ്വകാര്യ പങ്കാളിത്തത്തിനെതിരെ ഐഎൻടിയുസി ജില്ലാ കമ്മിറ്റി സമരവും നടത്തിയിരുന്നു. വിമാനത്താവളത്തിനായി നൽകിയ ഭൂമിയുടെ ആനുപാതിക ഓഹരിവിഹിതം ചോദിച്ചുവാങ്ങാനാണു സംസ്ഥാന സർക്കാർ ശ്രമിക്കേണ്ടതെന്നു ശശി തരൂർ പറഞ്ഞു. ഇതു ഭാവിയിൽ ജീവനക്കാരുടെയും പ്രദേശവാസികളുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ പ്രയോജനപ്പെടും.

സ്വകാര്യസംരംഭകർ വരുന്നതോടെ വിമാനത്താവളത്തിൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കാനും വിമാനങ്ങളെ ആകർഷിക്കാനും അവർ കഴിയാവുന്നതെല്ലാം ചെയ്യും. എന്നാൽ, ഒരു പൊതുമേഖലാസ്ഥാപനത്തിന് ഇക്കാര്യത്തിൽ പരിമിതികളുണ്ട്. സർക്കാർ തലസ്ഥാനനഗരത്തിന്റെ സാമ്പത്തിക വികസനത്തിലാണു ശ്രദ്ധിക്കേണ്ടത്.

തിരുവനന്തപുരത്തിന്റെ വികസനത്തിൽ വിമാനത്താവളത്തിന്റെ വികസനം നിർണായകഘടകമാണ്. ഐടിയും ടൂറിസവും വികസിക്കണമെങ്കിൽ വിമാനത്താവളത്തിന്റെ പിന്തുണ അനിവാര്യമാണ്. കൂടുതൽ ആഭ്യന്തര–രാജ്യാന്തരസർവീസുകൾ തുടങ്ങേണ്ടതുണ്ട്. ഇതിനു വേണ്ടി എയർലൈൻ കമ്പനികളുമായി പലവട്ടം ചർച്ച നടത്തി. പക്ഷേ, സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. സർക്കാരിന് എല്ലാ വിമാനത്താവളങ്ങളെയും ഒരുപോലെ പരിഗണിക്കേണ്ടതുണ്ട്. പക്ഷേ, തിരുവനന്തപുരം തീരെ അവഗണിക്കപ്പെട്ടു.

അദാനി ഗ്രൂപ്പ് വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം നേടിയതു കേന്ദ്രസർക്കാരിന്റെ ബിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ്. വിമാനത്താവളം നടത്തി മുൻപരിചയമുള്ളവർക്കു മാത്രമേ ബിഡിൽ പങ്കെടുക്കാവൂ എന്ന നിബന്ധന എയർപോർട്ട് അതോറിറ്റി മുന്നോട്ടുവച്ചിരുന്നില്ല. അവർ വിമാനത്താവളത്തിന്റെ നടത്തിപ്പിനായി പരിചയവും കഴിവുമുള്ള ഉദ്യോഗസ്ഥസംഘത്തെ നിയോഗിക്കുമായിരിക്കും.

മുൻപ് ഡൽഹി, മുംബൈ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഏറ്റെടുത്ത ജിഎംആറും ജിവികെയുമൊക്കെ ചെയ്തത് ഈ രീതിയാണ്. ഇപ്പോൾ ഈ വിമാനത്താവളങ്ങൾ ലോകത്തെ മുൻനിരയിലെത്തി. ബിഡിൽ സംസ്ഥാന സർക്കാരിനു വേണ്ടി പങ്കെടുത്ത കെഎസ്ഐഡിസിക്ക് വിമാനത്താവളം നടത്തി മുൻപരിചയമില്ല. പിന്നെങ്ങനെയാണ് അദാനിയുടെ മുൻപരിചയമില്ലായ്മയെ വിമർശിക്കുകയെന്നും തരൂർ ചോദിച്ചു

error: Content is protected !!