fbpx
അബൂദാബി കേരളം

ജി.സി.സി രാജ്യങ്ങളുടെ ഒത്തൊരുമ വികസനത്തിന് കരുത്തുപകരും: കാന്തപുരം

കോഴിക്കോട്: ജി.സി.സി രാജ്യങ്ങൾക്കിടയിൽ ഒരുമയും സൗഹൃദവും ഊഷ്മളമായത് സന്തോഷകരമാണെന്നും മിഡിൽ ഈസ്റ്റിന്റെ വികസനത്തിനും മുന്നേറ്റത്തിനും ഈ യോജിപ്പ് കരുത്തുപകരുമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പ്രസ്താവനയിൽ പറഞ്ഞു. ജി.സി.സി രാഷ്ട്രങ്ങൾ ഒരുമിച്ചു നിന്ന് സാമൂഹിക-സാമ്പത്തിക പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നത് അറബ് ലോകത്തിന്റ സുസ്ഥിര വളർച്ചയെ ത്വരിതപ്പെടുത്തും. അറബ്-ഇസ്‌ലാമിക പൈതൃകം ആഴത്തിൽ നിലനിൽക്കുന്ന ഈ രാജ്യങ്ങളുടെ യോജിച്ചുള്ള പ്രവർത്തനങ്ങളും, പദ്ധതികളും ഏഷ്യ-ആഫ്രിക്ക വന്കരകളിലെ നിരവധി രാജ്യങ്ങൾക്കും സഹായകരമാകും. ആഫ്രിക്കയിലെ പല ദരിദ്ര രാജ്യങ്ങളുടെയും ജി.ഡി.പിയെ വർദ്ധിപ്പിക്കുന്നതിൽ ഗൾഫ് രാജ്യങ്ങൾക്കും, അവിടെ നിലനിൽക്കുന്ന തൊഴിൽ – വ്യാപാര സാഹചര്യങ്ങൾക്കും വലിയ പങ്കുണ്ട്. ഇന്ത്യയുടേയും പ്രധാന വാണിജ്യ സൗഹൃദ രാജ്യങ്ങളാണ് ജി.സി.സി രാഷ്ട്രങ്ങൾ. ഇന്ത്യക്കാരായ പ്രവാസികൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും എന്ന് പ്രതീക്ഷിക്കുകയാണ് :അദ്ദേഹം പറഞ്ഞു.
ഖത്തറിന് മേൽ മൂന്നു വർഷമായി ചുമത്തിയിരുന്ന ഉപരോധം പിൻവലിച്ച്‌ സഊദി ബോർഡർ തുറക്കുന്നതോടെ, പൂർവ്വാധികം ഭംഗിയായി മിഡിൽ ഈസ്റ്റിന്റെ ബഹുമുഖ മേഖലകളിലെ വളർച്ച നടക്കും: കാന്തപുരം വ്യക്തമാക്കി. സഊദിയിൽ നടന്ന ജി.സി.സി നാല്പത്തിയൊന്നാം സമ്മിറ്റിൽ പ്രശംസനീയമായ ഈ തീരുമാനത്തിന് നേതൃത്വം നൽകിയ യു.എ.ഇ വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം, സഊദി ക്രൗൺ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്, കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ റഹ്‌മാൻ സബാഹി, ഖത്തർ അമീർ ഹിസ് ഹൈനസ് തമീം ബിൻ ഹമദ് അൽ അസാനി, ഒമാൻ ഡെപ്യൂട്ടി പ്രധാനമന്ത്രി ശൈഖ് ഫഹദ് ബിൻ മഹമൂദ്, ബഹ്‌റൈൻ ക്രൗൺ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നീ ഭരണകർത്താകളെ കാന്തപുരം അനുമോദിച്ചു

error: Content is protected !!