fbpx
ഷാർജ

ഗൃഹാതുര സ്മരണകൾ ഉണർത്തി ഷാർജയിൽ കണ്യാർകളി അരങ്ങേറി

നാട്ടിലെ അരങ്ങിനെ അനുസ്മരിപ്പിക്കുമാറ് സജ്ജീകരിച്ച ഒൻപതുകാൽ പന്തലിൽ പൂങ്കുരുത്തോലകളും ചുവന്ന വാകപ്പൂക്കളും ഇളകിയാടി. ഒപ്പം കണ്യാർകളിയിലെ പ്രസിദ്ധങ്ങളായ പുറാട്ടുവേഷങ്ങളും കളിപ്രേമികളുടെ മനസും ! നീണ്ട കാത്തിരിപ്പിനുശേഷം ഷാർജയിൽ, പാലക്കാട് ദേശക്കൂട്ടായ്മ ഒരുക്കിയ കണ്യാർകളി മേള അക്ഷരാർത്ഥത്തിൽ  കണ്യാർകളി പ്രേമികൾക്ക് മറക്കാനാവാത്ത അനുഭവവും പുതുതായി ഈ കലാരൂപത്തെ അടുത്തറിഞ്ഞ പാലക്കാട്ടുകാരല്ലാത്ത പലർക്കും വിസ്മയകരമായ അനുഭൂതിയുമാണ് പ്രദാനം ചെയ്തത്.   നാടിന്റെ സാംസ്‌കാരിക തനിമകളെയും കലാപാരമ്പര്യത്തെയും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ നാലാമത് തവണയാണ് കണ്യാർകളി മേള യു എ യിൽ അരങ്ങേറിയത്.  യു എ ഇ യിൽ ജനിച്ചു വളർന്ന കുട്ടികളുടെ സംഘം ഉൾപ്പെടെ പന്ത്രണ്ടോളം ദേശങ്ങളാണ് വെവ്വേറെ പുറാട്ടുവേഷങ്ങൾ മേളയിൽ അവതരിപ്പിച്ചത്.
രാവിലെ ഒമ്പതുമണിക്ക് കേളികൊട്ടോടെ ആരംഭിച്ച മേളയിൽ മേതിൽ സതീശൻറെ പന്തൽസ്തുതിക്കു ശേഷം സാമ്പ്രദായിക മലമകളിയും തുടർന്ന് കുഴൽമന്ദം, പല്ലാവൂർ, കാക്കയുർ, പുതിയങ്കം, കാട്ടുശ്ശേരി, ചിറ്റിലഞ്ചേരി, നെമ്മാറ, പല്ലശ്ശേന, കുത്തനൂർ, കുനിശ്ശേരി, കൊടുവായൂർ എന്നീ ദേശങ്ങളും ദുബായ് ബാലസംഘവും, ദുബായ് കണ്യാർകളി ദേശക്കൂട്ടായ്മയും പ്രസിദ്ധങ്ങളായ വിവിധ പുറാട്ടുകൾ അവതരിപ്പിച്ചു. ലാസ്യ ലയഭാവങ്ങൾ വിടർത്തിയ സ്ത്രീ വേഷങ്ങളും,   പതിഞ്ഞതും ചടുലവും ഇടകലർന്ന ചുവടുവെപ്പുകളോടെയുള്ള ഒറ്റ – കൂട്ട പുറാട്ടുകളും ഇമ്പമുള്ള ഗാനങ്ങളുടെയും ചെണ്ട, മദ്ദളം, ഇലത്താളം, ഇടക്ക തുടങ്ങിയ വാദ്യ ഉപകരണങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ ആസ്വാദ്യകരമായി.  ഫോക്ലോർ അക്കാദമി അവാർഡ് ജേതാവ് ചിപ്പുക്കുട്ടി ആശാൻ,  അരവിന്ദാക്ഷൻ  കുത്തനൂർ, പ്രഭാകരൻ രംഗോരത് , ജയപ്രകാശ് പെരിഞ്ചീരി, വാസുദേവൻ പല്ലശ്ശേന, കെ പി വേണുഗോപാലൻ, സി ഭാസ്കരൻ നായർ, സോമൻ വി നായർ, എ വി നായർ, മേതിൽ ശ്രീകുമാർ ,  കേശവദാസ്  മുതലായ നാട്ടിൽ നിന്നും എത്തിയ പ്രമുഖ ആശാന്മാരാണ് മേളയ്ക്ക് നേതൃത്വം നൽകിയത്.  സാമ്പ്രദായിക തനിമയിലുള്ള പന്തൽ രൂപകൽപ്പന ചെയ്‍തത് നാട്ടിൽ നിന്നും എത്തിയ കലാസംവിധായകൻ പ്രമോദ് പള്ളിയിലാണ്.   വനിതാ ആസ്വാദകർ അവതരിപ്പിച്ച ഗാനാവതരണവും ശ്രദ്ധേയമായി.  ആശാന്മാർക്കുള്ള ആദരായണ ചടങ്ങും അനുബന്ധമായി പഞ്ചാരിമേളയും നടന്നു.  മേളയുടെ കൺവീനർ സ്വാഗതവും സെക്രട്ടറി ശശികുമാർ നന്ദിയും പ്രകാശിപ്പിച്ചു.
error: Content is protected !!