അന്തർദേശീയം ഷാർജ

കഴിഞ്ഞ വർഷം വിവിധ ചൂഷണങ്ങൾക്കിരയായ 95 കുട്ടികൾക്ക് അടിയന്തര സഹായം നൽകിയതായി ഷാർജ ശിശുസംരക്ഷണ വകുപ്പ്

കഴിഞ്ഞ വർഷം  വിവിധ ചൂഷണങ്ങൾക്കിരയായ 95 കുട്ടികൾക്ക് അടിയന്തര സഹായം നൽകിയതായി ഷാർജ ശിശുസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു. 2020 ൽ കുട്ടികളുടെ ഹെൽപ്പ് ലൈനിൽ ലഭിച്ച 1,362 പരാതികളാണ് വകുപ്പ് പരിഗണിച്ചത്, ഇതിൽ 1,267 കേസുകൾ അടിയന്തിര സാഹചര്യങ്ങളായിരുന്നു.

ലൈംഗിക പീഡനം, അക്രമം, ശാരീരിക പീഡനം, അവഗണന, സ്‌കൂൾ പ്രശ്‌നങ്ങൾ, സാമ്പത്തിക പ്രശ്‌നങ്ങൾ, ഭവനരഹിതർ, വാണിജ്യപരമായ ചൂഷണം, ആരോഗ്യം, മാനസിക പ്രശ്‌നങ്ങൾ എന്നിവയാണ് വിവിധ രാജ്യങ്ങളിലെ കുട്ടികളിൽ നിന്നുള്ള പരാതികൾ. ശിശുസംരക്ഷണ വിഭാഗത്തിന് കഴിഞ്ഞ വർഷം 800700 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ 10,155 കോളുകൾ ലഭിച്ചതായി ഷാർജ സോഷ്യൽ സർവീസ് ഡിപ്പാർട്ട്‌മെന്റിന്റെ സർക്കാർ കമ്മ്യൂണിക്കേഷൻ ഡയറക്ടർ മഹാ അൽ മൻസൂരി പറഞ്ഞു. 134 ആരോഗ്യ, സാമൂഹിക, മന ശാസ്ത്രപരമായ അന്വേഷണങ്ങളും 3,667 പൊതു അന്വേഷണങ്ങളും ഇതിൽ ഉൾപ്പെടുന്നു.

2020 നവംബർ അവസാനം വരെ മൊത്തം 494 കുട്ടികളെ ദുരുപയോഗം ചെയ്യുന്നവരിൽ നിന്നും ഷാർജ സോഷ്യൽ സർവീസ് ഡിപ്പാർട്ട്‌മെന്റ് (എസ്എസ്എസ്ഡി) സംരക്ഷിക്കുകയും പരിചരണം നൽകുകയും ചെയ്തിട്ടുണ്ടെന്ന് എസ്എസ്എസ്ഡിയിലെ കുട്ടികളുടെ സംരക്ഷണ ഡയറക്ടർ അമിന അൽ റിഫായ് പറഞ്ഞു.

കുട്ടികളെ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപെട്ട് ടോൾ ഫ്രീ ലൈൻ കുട്ടികൾക്ക് സംരക്ഷണം നൽകുന്നുവെന്നും അവരുടെ അവകാശങ്ങൾ നേടിയെടുക്കാനായി അവർക്ക് സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

error: Content is protected !!