ദുബായ്

ദുബായിലെ പുതിയ ബസ്-ടാക്സി പാത ഇന്ന് മുതൽ തുറക്കുന്നു ; നിയമലംഘകർക്ക് 600 ദിർഹം പിഴ

ദുബായിലെ ഖാലിദ് ബിൻ അൽ വലീദ് സെന്റിലെ പുതിയ ഡെഡിക്കേറ്റഡ് ബസ്-ടാക്സി പാത ഇന്ന് ജനുവരി 21 മുതൽ തുറക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

ഈ ട്രാക്കിൽ നടത്തിയ പരീക്ഷണങ്ങളിൽ ബസ് യാത്രാ സമയം 24 ശതമാനം വരെ കുറക്കാമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്.‌ പൊതുവാഹന യാത്രക്കാർക്ക് ഗതാഗതക്കുരുക്കിൽ പെടാതെ ലക്ഷ്യത്തിലെത്താനും പൊതുവാഹനങ്ങളിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനും ലക്ഷ്യമിട്ടാണു ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഈ പ്രത്യേക പാതകൾ സവിശേഷമായ ചുവന്ന നിറത്തിലാണുള്ളത്. കാൽനട പാതകളുടെ നിർമ്മാണം, ബസ്, ടാക്സി യാത്രക്കാർക്ക് എയർകണ്ടീഷൻഡ് ഷെൽട്ടറുകൾ, സ്ട്രീറ്റ് ലൈറ്റുകൾ , റോഡരികിലെ പാർക്കിംഗ്, ലാൻഡ്സ്കേപ്പിംഗ് എന്നിവ ഈ പദ്ധതിയുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.

നായിഫ് സ്ട്രീറ്റ് ( ഒരു കിലോമീറ്റർ), ഇത്തിഹാദ് റോഡ് (500 മീറ്റർ), മിന സ്ട്രീറ്റ് (കുവൈത്ത് സ്ട്രീറ്റ് മുതൽ ഫാൽക്കൺ ഇന്റർസെക് ഷൻ വരെ 1.7 കിലോമീറ്റർ), അൽ ഖലീജ് സ്ട്രീറ്റ് (ക്രീക്ക് സ്ട്രീറ്റ് മുതൽ മുസല്ല സ്ട്രീറ്റ് വരെ 1.7 കിലോമീറ്റർ), ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റ് (അൽ മിന സ്ട്രീറ്റ് ഇന്റർസെക്‌ഷൻ മുതൽ സ്ട്രീറ്റ് 16 വരെ), ഗുബൈബ സ്ട്രീറ്റ് (മിന സ്ട്രീറ്റ് ഇന്റർസെക്‌ഷൻ മുതൽ സ്ട്രീറ്റ് 12 വരെ 500 മീറ്റർ) എന്നിവിടങ്ങളിലായാണ് ഈ ചുവന്ന നിറത്തിലുള്ള ട്രാക്ക് സംവിധാനം ഒരുക്കിയിട്ടുള്ളത്.

സ്വകാര്യ വാഹനങ്ങൾ ഈ ട്രാക്കിലേക്ക് പ്രവേശിച്ചാൽ 600 ദിർഹം പിഴ ചുമത്തും. പൊലീസ്, സിവിൽ ഡിഫൻസ് വാഹനങ്ങൾക്കും ആംബുലൻസിനും ഈ പാത ഉപയോഗിക്കാം. മറ്റുവാഹനങ്ങൾ ഏതു സാഹചര്യത്തിലായാലും ഈ ട്രാക്കിൽ കടന്നാൽ നിയമ നടപടികൾ നേരിടേണ്ടി വരും.

error: Content is protected !!