ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജ (IAS) ഈ വർഷത്തെ ‘സാഹിത്യോത്സവം 2019’ ന്റെ ഭാഗമായി പ്രഖ്യാപിച്ച സാഹിത്യ അവാർഡുകൾ നാളെ (മാർച്ച്,16) സമർപ്പിക്കും. ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ജൂറിയുടെയും വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യമുണ്ടായിരിക്കും. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റുമായ ‘പി സുരേന്ദ്രന്’ സമ്മാനിക്കും. ജൈവം, മഹായാനം സാമൂഹ്യപാഠം, ശൂന്യമനുഷ്യൻ തുടങ്ങി ഏഴോളം നോവലുകളും ജലസന്ധി, പിരിയൻ ഗോവണി, കറുത്ത പ്രാർഥനകൾ തുടങ്ങി ശ്രദ്ധേയമായ നിരവധി ചെറുകഥകളും ‘വെളിച്ചത്തിന്റെ പര്യായങ്ങൾ – യൂസഫ് അറയ്ക്കലിന്റെ കലാജീവിതം’ പഠനവും വിവിധ യാത്രാ വിവരണങ്ങളും പി സുരേന്ദ്രന്റ മലയാള സാഹിത്യ ലോകത്തിനുള്ള വിലമതിക്കാനാവാത്ത സംഭാവനകളാണ്. ‘പാപ്പിലിയോ ബുദ്ധ’ എന്ന ചിത്രത്തിന്റെ തിരക്കഥാ രചനയിലും മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. ചൈനീസ് മാർക്കറ്റ് എന്ന ചെറുകഥാ സമാഹാരത്തിന് മുപ്പത്തി മൂന്നാമത് ‘ഓടക്കുഴൽ’ പുരസ്കാരവും സ്വന്തമാക്കിയിരുന്നു.
ചടങ്ങിൽ ഈ വർഷത്തെ മികച്ച കഥാകൃത്തിനുള്ള പുരസ്കാരം സലിം അയ്യനേത്തിനും മികച്ച പ്രവാസി നോവലിസ്റ്റിനുള്ള പുരസ്കാരം രമണി വേണുഗോപാലിനും മികച്ച കവി ക്കുള്ള പുരസ്കാരം ഷാജി ഹനീഫിനും സമ്മാനിക്കും. സാഹിത്യോത്സവത്തിന്റെ ഭാഗമായി നാലാമത് അന്താരാഷ്ട്ര ചലച്ചിത്ര പ്രദർശന മേളയും IAS ൽ സംഘടിപ്പിച്ചിട്ടുണ്ട്.