ദുബായ്

യുഎഇ പൗരത്വവുമായി ബന്ധപെട്ട് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചതിന് ദുബായിൽ ഒരു ഓഫീസ് അടച്ചുപൂട്ടി

യുഎഇ പൗരത്വം ലഭിക്കുന്നതിന് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചതിന് ദുബായിലെ ഒരു ഇമിഗ്രേഷൻ സേവന ഓഫീസ് അടപ്പിച്ചു.

യുഎഇ പൗരത്വം ലഭിക്കുന്നതിന് ഇമിഗ്രേഷൻ സേവന ഓഫീസ് നിക്ഷേപകർക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ദുബായ് എക്കണോമി നടത്തിയ അന്വേഷണത്തിൽ വ്യക്തമായതിനെതുടർന്നാണ് ഓഫീസ് പൂട്ടിച്ചത്.

100 മില്ല്യൺ ദിർഹം സമ്പത്തുള്ള അപേക്ഷകരോട് 10,000 ഡോളർ പ്രോസസ്സിംഗ് ഫീസായി നൽകാൻ ആവശ്യപ്പെടുകയും അവർ നൽകിയ അപേക്ഷ വിശദാംശങ്ങൾ പൗരത്വത്തിന്റെ ആവശ്യകതകൾ പാലിക്കുന്നതിനായി വിലയിരുത്തുമെന്നും തുടർന്ന് അപേക്ഷ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുമെന്നും ഇവർ വാഗ്ദാനം ചെയ്തതായി ശ്രദ്ധയിൽപെട്ടു. വാഗ്ദാനം ചെയ്ത സേവനം അനധികൃതം മാത്രമല്ല, യുഎഇ പൗരത്വ നിയമത്തിൽ അടുത്തിടെ വരുത്തിയ ഭേദഗതിക്ക് വിരുദ്ധവുമാണ്.

ഇതേതുടർന്ന് തങ്ങളുടെ അധികാരത്തെ ലംഘിക്കുന്ന ഏതെങ്കിലും ഓഫീസ് അല്ലെങ്കിൽ വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ദുബായ് എക്കണോമി മുന്നറിയിപ്പ് നൽകി.

ആപ്പിൾ, ഗൂഗിൾ, ഹുവാവേ സ്റ്റോറുകളിൽ ലഭ്യമായ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ 600545555 എന്ന നമ്പറിലോ അല്ലെങ്കിൽ Consumerrights.ae വെബ്‌സൈറ്റ് വഴിയോ പൊതുജനങ്ങൾക്ക് എന്തെങ്കിലും നെഗറ്റീവ് നടപടികൾ റിപ്പോർട്ട് ചെയ്യണമെന്നും ദുബായ് എക്കണോമി ആവശ്യപ്പെട്ടു.

error: Content is protected !!