ഷാർജ

2020 ൽ അശ്രദ്ധമായി വാഹനമോടിച്ച് 83 റോഡപകടങ്ങൾ ; ഇലക്ട്രോണിക് ട്രാഫിക് അവബോധ കാമ്പയിനുമായി ഷാർജ പോലീസ്

”റോഡിൽ നിങ്ങളുടെ ശ്രദ്ധ നഷ്‌ടപ്പെടുത്തരുത്’ എന്ന മുദ്രാവാക്യമുയർത്തി ഒരു ഇലക്ട്രോണിക് ട്രാഫിക് അവബോധ കാമ്പയിൻ ആരംഭിച്ചതായി ഷാർജ പോലീസ് ജനറൽ കമാൻഡിലെ ട്രാഫിക് ആൻഡ് പട്രോളിംഗ് വകുപ്പ് അറിയിച്ചു.അശ്രദ്ധമായി വാഹനമോടിച്ചതിനെ തുടർന്ന് 2020 ൽ 83 റോഡപകടങ്ങൾ ഉണ്ടായതായി പോലീസ് കണക്കുകൾ വെളിപ്പെടുത്തി. ഈ അപകടങ്ങൾ നിരവധി പരിക്കുകൾക്കും മരണത്തിനും കാരണമായി.

നേതൃത്വത്തിന്റെ കാഴ്ചപ്പാടിന് അനുസൃതമായി ഗതാഗത അപകടങ്ങൾ കുറയ്ക്കുകയെന്നതും എല്ലാവർക്കുമായി റോഡുകൾ സുരക്ഷിതമാക്കുകയെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ലക്ഷ്യവുമാണ് ഇപ്പോൾ നടക്കുന്ന പ്രചാരണമെന്ന് ഷാർജ പോലീസിലെ എക്സ്റ്റേണൽ റോഡ്‌സ് പട്രോളിംഗ് ബ്രാഞ്ച് ഡയറക്ടർ ക്യാപ്റ്റൻ ഫഹദ് അൽ ബ്ലൗഷി പറഞ്ഞു.

സോഷ്യൽ മീഡിയയിലെ വീഡിയോകളിലൂടെയും സന്ദേശങ്ങളിലൂടെയും അവബോധം വളർത്താനാണ് പ്രചാരണമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, വാഹനമോടിക്കുമ്പോൾ നിയമങ്ങൾ പാലിക്കാൻ വാഹനമോടിക്കുന്നവരെ ഓർമ്മിപ്പിക്കുന്നതിനായി അറബി, ഇംഗ്ലീഷ്, ഉറുദു ഭാഷകളിൽ ഷോപ്പിംഗ് സെന്ററുകളിൽ ഇലക്ട്രോണിക് പരസ്യങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. 25,000 ത്തിലധികം ആളുകൾക്ക് ഈ പ്രചാരണത്തിന്റെ പ്രയോജനം ലഭിച്ചതായി ക്യാപ്റ്റൻ അൽ ബ്ലൗഷി പറഞ്ഞു.

error: Content is protected !!