കേരളം ദുബായ്

യു.എ.ഇ കെ.എം.സി.സിയുടെ വോട്ടുവിമാനം യാത്ര തുടങ്ങി

ദുബായ്: പ്രവാസികൾക്ക് പ്രവാസ ലോകത്ത് നിന്നുതന്നെ വോട്ട് ചെയ്യാനുള്ള അവകാശം മരീചികയായിരിക്കുമ്പോൾ വോട്ടർമാരായെ പ്രവർത്തകരെ നാട്ടിലെത്തിക്കുന്നതിനു യു.എഇ കെ.എം.സി.സി വോട്ടുവിമാനങ്ങൾ ഏർപ്പെടുത്തിത്തുടങ്ങി. ആദ്യ വിമാനം ഇന്നലെ യു.എ.ഇ കെ.എം.സി.സിയുടെ ദേശീയ ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കോഴിക്കോടേക്കു യാത്ര പുറപ്പെട്ടു. കേരളത്തിൽ തെരഞ്ഞെടുപ്പു ചൂടേറുമ്പോൾ നാട്ടിലെത്തി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഏർപ്പെടാനും യു.ഡി.എഫ് സ്ഥാനാർത്ഥികളെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാനുമാണ് വോട്ട് വിമാനങ്ങൾ. കെ.എം.സി.സി ഏർപ്പെടുത്തുന്ന അവസാനത്തെ വിമാനം ഏപ്രിൽ മൂന്നിനു നാട്ടിലേക്ക് പുറപ്പെടും. നാഷണൽ കമ്മിറ്റി ചെയർമാൻ പുത്തൂർ റഹ്മാൻ വിശദമാക്കി.

പ്രവാസി വോട്ടവകാശം ഓരോ തെരഞ്ഞെടുപ്പു സമയത്തും ചർച്ചയാവുന്നുണ്ടെങ്കിലും ആരുമതു ഗൗരവ വിഷയമാക്കുന്നില്ല. രാജ്യത്തെ ജനാധിപത്യ പ്രക്രിയയിൽ പ്രവാസി വോട്ടർമാരുടെ സമ്മതിദാനാവകാശം ഉറപ്പാക്കുക എന്ന ദൗത്യമാണു വീട്ടുവിമാനങ്ങൾ ഏർപ്പെടുത്തി കെ.എം.സി.സി സാക്ഷാത്കരിക്കുന്നത്. സർക്കാർ സംവിധാനങ്ങൾ മുടന്തുമ്പോൾ പ്രവാസ ലോകത്തെ വോട്ടവകാശത്തിനായി പ്രായോഗികമായ പരിഹാരം ഒരുക്കുകയാണു സംഘടനയെന്നും പുത്തൂർ റഹ്മാൻ വിശദീകരിച്ചു.

പ്രവാസി നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിനൊപ്പം മൂല്യം വോട്ടിനും ഉണ്ടാകേണ്ട കാലം അതിക്രമിച്ചതായി യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി അൻവർ നഹ ചൂണ്ടിക്കാട്ടി. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന പ്രവർത്തനമാണു വോട്ടുവിമാനം വഴി നടത്തുന്നതെന്നും അൻവർ നഹ അവകാശപ്പെട്ടു. അടുത്തറിയുന്നവരും പഴയ പ്രവാസികളും മത്സരിക്കുന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കണമെന്നും നേതാക്കൾ പ്രവർത്തകരോട് അഭ്യർത്ഥിച്ചു. ആദ്യ വോട്ട് വിമാനത്തിൽ നാട്ടിലേക്കു തിരിക്കുന്ന പ്രവർത്തകരെ യാത്രയയക്കാനായി ദുബായ് കെഎംസിസി ആക്ടിങ് പ്രസിഡന്റ് ഹനീഫ ചെർക്കള , മുസ്തഫ തിരൂർ , ഹംസ തൊട്ടി , അഡ്വ സാജിദ് അബൂബക്കർ , സൂപ്പി പാതിരിപ്പറ്റ , എന്നിവരും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.

error: Content is protected !!