അന്തർദേശീയം അബൂദാബി

യു‌എഇയിലേക്കോ മറ്റുരാജ്യങ്ങളിലേക്കോ ഉള്ള യാത്ര : ലഗേജിൽ എന്താണ് അനുവദനീയമായത് ..? നിർദ്ദേശങ്ങളുമായി കസ്റ്റംസ് അതോറിറ്റി

ജി‌സി‌സി ഏകീകൃത കസ്റ്റംസ് നിയമവും അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി യു‌എഇയിൽ ബാധകമായ നിയമങ്ങളും നിർദ്ദേശിച്ചിട്ടുള്ള കസ്റ്റംസ് നടപടിക്രമങ്ങൾ കർശനമായി പാലിക്കാൻ ഫെഡറൽ കസ്റ്റംസ് അതോറിറ്റി (എഫ്‌സി‌എ) യുഎഇയിൽ നിന്നും മറ്റുരാജ്യങ്ങളിലേക്ക് പോകുന്നവരോടും യു‌എഇയിലേക്കുമുള്ള എല്ലാ യാത്രക്കാരോടും ആവശ്യപ്പെട്ടു.

ഇതനുസരിച്ച് അനുവദനീയമായ ലഗേജുകളിൽ മൂവി പ്രൊജക്ഷൻ ഉപകരണങ്ങൾ, റേഡിയോ, സിഡി പ്ലെയറുകൾ, ഡിജിറ്റൽ ക്യാമറകൾ, ടിവി, റിസീവർ (ഓരോന്നും), വ്യക്തിഗത സ്‌പോർട്‌സ് ഉപകരണങ്ങൾ, പോർട്ടബിൾ കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ, വ്യക്തിഗത ഉപയോഗത്തിനുള്ള മരുന്നുകൾ എന്നിവ ഉൾപ്പെടുന്നുവെന്ന് ഫെഡറൽ കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

കൂടാതെ, യാത്രക്കാർ കൊണ്ടുവരുന്ന സമ്മാനങ്ങളുടെ മൂല്യം 3,000 ദിർഹത്തിൽ കവിയാൻ പാടില്ലെന്നും സിഗരറ്റ് അനുവദനീയമായ പരിധി (200 സിഗരറ്റ്) കവിയാൻ പാടില്ലെന്നും അതോറിറ്റി കൂട്ടിച്ചേർത്തു. കൂടാതെ, പുകയില ഉൽപന്നങ്ങളും ആൾക്കഹോളിക്‌ ലഹരിപാനീയങ്ങളും 18 വയസ്സിന് താഴെയുള്ള യാത്രക്കാർ വഹിക്കാൻ പാടില്ല.

ജിസിസി ഏകീകൃത കസ്റ്റംസ് നിയമം അനുശാസിക്കുന്ന യാത്രാ കസ്റ്റംസ് നടപടിക്രമങ്ങൾ, യാത്രക്കാരുടെ അവകാശങ്ങൾ, ബാധ്യതകൾ എന്നിവയെക്കുറിച്ച് യാത്രക്കാരെ ബോധവത്കരിക്കുന്നതിന് അതോറിറ്റി അതിന്റെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലായി അറബിക്, ഇംഗ്ലീഷ്, ഉറുദു എന്നീ മൂന്ന് ഭാഷകളിൽ ഒരു അവബോധവീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. www.fca.gov.ae. എന്ന വെബ്‌സൈറ്റിലും ഈ വിവരങ്ങൾ ലഭ്യമാണ്

error: Content is protected !!