fbpx
ദുബായ്

കെട്ടിടത്തിന് മുകളിൽ നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ തൊഴിലാളിയെ രക്ഷിച്ച് ദുബായ് പോലീസ്

കെട്ടിടത്തിനു മുകളിൽ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ വിദേശ തൊഴിലാളിയെ ദുബായ് പോലീസ് രക്ഷപ്പെടുത്തി. നാലു മണിക്കൂർ നേരത്തെ പ്രയത്നത്തിന് ഒടുവിലാണ് തൊഴിലാളിയെ രക്ഷിച്ചത്. 30 വയസ്സുകാരനായ ഏഷ്യൻ വംശജൻ ക്ലീനിംഗ് തൊഴിലാളിയാണ് താമസ കേന്ദ്രമായ കെട്ടിടത്തിനു മുകളിൽ കയറി നിന്ന് ചാടുമെന്ന് ഭീഷണി മുഴക്കിയത്. അൽ വർസാൻ മേഖലയിലാണ് സംഭവം. വിവരം അറിഞ്ഞ ഉടനെ സിവിൽ ഡിഫൻസ് വിഭാഗത്തിനെയും പോലീസിനെയും സംഭവ സ്ഥലത്തേക്ക് അയച്ചതായി അൽറാഷിദിയ്യ പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ സഈദ് ഹമദ് ബിൻ സുലൈമാൻ പറഞ്ഞു. പോലീസ് സംഘം സ്ഥലത്തെത്തുമ്പോൾ അഞ്ച് നില കെട്ടിടത്തിന് മുകളിൽ കൈയിൽനിന്ന് ചോരയൊലിപ്പിച്ച നിലയിലായിരുന്നു തൊഴിലാളി. മാനസിക നില തെറ്റിയ പോലെയാണ് ഇയാൾ പെരുമാറിയത്. തൊഴിൽ നഷ്ടപ്പെടുമെന്ന പേടിയാണ് ഇയാളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്. നാലു മണിക്കൂർ നേരം പോലീസ് ഇദ്ദേഹവുമായി സംസാരിച്ചു. ഇതിനിടെ വെള്ളം നൽകാനായി തൊഴിലാളിയുടെ അരികിലെത്തി കൈകളിൽ പിടികൂടുകയായിരുന്നു.

കമ്പനി ഒരാളെയും പിരിച്ചുവിടാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് മാനേജർ സക്ക റഹ്മാൻ പറഞ്ഞു. തൊഴിലാളിയുടെ ജീവൻ രക്ഷിച്ച ദുബായ് പോലീസിന് അദ്ദേഹം നന്ദി അറിയിച്ചു. ആത്മഹത്യാ ശ്രമം യു.എ.ഇയിൽ ഗുരുതരമായ കുറ്റമാണ്.

error: Content is protected !!