fbpx
ചുറ്റുവട്ടം

തിരഞ്ഞെടുപ്പ് പ്രചാരണം: ഫ്ലെക്സുകൾക്ക് വിട ചുവരെഴുത്തുകൾക്ക് സ്വാഗതം

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തിൽ സ്ഥാനാർഥിയേക്കാൾ തിരക്കുള്ള കൂട്ടരാണു ചുവരെഴുത്തുകാർ. ഇത്തവണ ഫ്ലെക്സ് ബോർഡുകൾ ഉപയോഗിച്ചുള്ള പ്രചാരണത്തിനു നിരോധനമേർപ്പെടുത്തിയതോടെ വൻ ഡിമാൻഡാണ്  ഇക്കൂട്ടർക്ക്.  എന്നാൽ, മുൻകാലങ്ങളിലെപ്പോലെ അധികം പേർ ഈ മേഖലയിലില്ല. ഇതോടെ ചുവരെഴുത്തുകാരെത്തേടി രാഷ്ട്രീയപാർട്ടികൾ പരക്കംപായുകയാണ്.

ചുവരെഴുതുന്ന കലാകാരന്മാരെ നേരത്തേ തന്നെ പാർട്ടികൾ ബുക്ക് ചെയ്തിട്ടുണ്ട്. എന്നാൽ, രണ്ടു മുന്നണികളുടെ സ്ഥാനാർഥി പട്ടിക ആയതോടെ ചുവരെഴുത്തുകാർക്കു തിരക്കോട് തിരക്കായി. ഇതോടെ ‘അൽപം’ കലാബോധം ഉണ്ടെന്നു തോന്നുന്നവരെ ചുവരെഴുത്തു പഠിപ്പിക്കുകയാണ് പാർട്ടികൾ. ഗ്രാമങ്ങളിലെ ചെറിയ സ്ഥലങ്ങളിൽ ഇവരെക്കൊണ്ടു ചുവരെഴുതിക്കും. ‘അക്ഷരശുദ്ധി’ വരുത്തിയ ശേഷം വലിയ സ്ഥലങ്ങളിലെ ചുവരുകളിൽ ഇവരെക്കൊണ്ട് എഴുതിക്കും.

ഇടതുസ്ഥാനാർഥികളെ നേരത്തേ പ്രഖ്യാപിച്ചതിനാൽ അവർക്ക് കൂടുതൽ ചുവരുകളെഴുതാൻ കഴിഞ്ഞിട്ടുണ്ട്. കോൺഗ്രസും ബിജെപിയും ഒട്ടേറെ സ്ഥലങ്ങളിൽ മതിലുകൾ ബുക്ക് ചെയ്തു ചുവരെഴുത്തുകാരെ കാത്തിരിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ചുവരെഴുത്തുകൾ പൂർത്തിയാക്കാനാണു ബൂത്ത് കമ്മറ്റികളുടെ തീരുമാനം. ഇതിനായി ജില്ലയ്ക്കു പുറത്തുനിന്നു പോലും കലാകാരന്മാരെ എത്തിക്കാൻ പദ്ധതിയുണ്ട്.

തിരഞ്ഞെടുപ്പു കാലത്തൊഴികെ ചുവരെഴുത്തുകാ‍ർക്ക് ജോലിയില്ലാത്ത സ്ഥിതിയാണ്. ഫ്ലെക്സുകളുടെയും മറ്റു പ്രിന്റിങ് ഉൽപന്നങ്ങളുടെയും കടന്നുവരവോടെ ചുവരെഴുത്തുകളും കടകൾക്കു മുന്നിലെ എഴുത്തുകളും ഇല്ലാതായി. അതുകൊണ്ടു തന്നെ ഒട്ടേറെപ്പേർ ഈ രംഗം വിട്ടു. 20 വർഷം മുൻപ് ഈ രംഗത്തുണ്ടായിരുന്നവരുടെ എണ്ണം പകുതിയായി. ചുവരെഴുത്ത് ചെയ്തുവന്നവർ പലരും ഫ്ലെക്സ് ഡിസൈനിങ് കടകൾ ആരംഭിച്ചു.‌

തലസ്ഥാന നഗരത്തിൽ ഒട്ടേറെ സംഘടനകളുടെ സമ്മേളനങ്ങളും മറ്റും നടക്കാറുള്ളതിനാൽ ചുവരെഴുത്തുകാർക്കു മിക്കപ്പോഴും ജോലിയുണ്ട്. എങ്കിലും പുതിയതായി ആരും ഈ രംഗത്തേക്കു വരുന്നില്ല എന്നു കലാകാരന്മാ‍ർ പറയുന്നു.

നാടൊട്ടുക്കുമുള്ള ചുവരുകളിൽ പേരും ചിഹ്നവും കോറിയിടുകയാണു ജനമനസ്സുകളിൽ കയറിപ്പറ്റാനുള്ള എളുപ്പവഴിയെന്നു സ്ഥാനാർഥികളും പാർട്ടികളും വിശ്വസിക്കുന്നു.കണ്ണായ സ്ഥലങ്ങളിലെ മതിലുകൾ ബുക്ക് ചെയ്യാൻ പാർട്ടികൾ തമ്മിൽ മൽസരമാണ്. വിശാലമായ ചുവരുകളാണ് പാർട്ടികളുടെ നോട്ടം.  ഫ്ലെക്സ് ബോർഡുകൾ ഇല്ലാത്തതിനാൽ കൂടുതൽ ചുവരുകളിൽ സ്ഥാനാർഥികളുടെ പേര് പതിയാൻ സാധ്യതയുണ്ട്.

ജിഎസ്ടിയുടെയും മറ്റും കടന്നുരവോടെ ചുവരെഴുതുന്നതിന്റെ ചെലവ് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ ഇരട്ടിയോളമായെന്നു കലാകാരന്മാർ പറയുന്നു. ഫ്ലൂറസെന്റ് കളറുകളുടെ വിലയാണു വർധിച്ചത്. 100 ഗ്രാമിനു മുൻപ് 46 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 90 രൂപയോളമാണ്.

സാമാന്യം നല്ല വലുപ്പമുള്ള ഒരു ചുവരെഴുതാൻ മൂന്നു പേരെങ്കിലും വേണം. 1500 മുതൽ 3000 രൂപ വരെ പ്രതിദിനം വാങ്ങുന്ന കലാകാരന്മാരുണ്ട്. പാർട്ടി പ്രവർത്തകരാണെങ്കിൽ റേറ്റ് കുറയ്ക്കും. കടുത്ത ചൂടാണ് ചുവരെഴുത്തിന്റെ വേഗം കുറയ്ക്കുന്ന മറ്റൊരു സംഗതി. രാവിലെ 6 മുതൽ തുടങ്ങുന്ന ചുവരെഴുത്ത് 11ഓടെ അവസാനിപ്പിക്കും. വൈകിട്ട് 4ന് ആരംഭിച്ചു രാത്രി 10ഓടെ അവസാനിപ്പിക്കുകയാണ് രീതി

error: Content is protected !!