ഇന്ത്യ വിദ്യാഭ്യാസം

ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗം ; സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി, പ്ലസ് ടു പരീക്ഷ മാറ്റി വെച്ചു

ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഉയർന്ന് വന്ന് പരാതികളുടെ അടിസ്ഥാനത്തിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും പ്ലസ് ടു പരീക്ഷ മാറ്റിവെക്കുകയും ചെയ്തു. സി.ബി.എസ്.ഇ പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനമായത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരുമാണ് യോഗത്തില്‍ പങ്കെടുത്തത്. ജൂണ്‍ ഒന്നിന് വീണ്ടും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. സാഹചര്യം അനുകൂലമാണെങ്കില്‍ പരീക്ഷ നടത്തുന്നതിനുള്ള തീരുമാനമെടുക്കും.

പരീക്ഷ തീയതിയുടെ 15 ദിവസങ്ങള്‍ക്കു മുമ്പ് ഉത്തരവിറക്കണമെന്ന നിര്‍ദേശവും കേന്ദ്രസര്‍ക്കാര്‍ സി.ബി.എസ്.ഇ ബോര്‍ഡിന് നല്‍കിയിട്ടുണ്ട്. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, രാജ്യത്ത് ഏറ്റവും വലിയ പ്രതിദിന വർധനവാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം വ്യാപകമായി ഉയരുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങി നിരവധി നേതാക്കളും വിവിധ സംസ്ഥാനങ്ങളും പലതവണ ഈ ആവശ്യവുമായി രംഗത്തുവന്നിരുന്നു.

 

error: Content is protected !!