കേരളം വിനോദം

സമീർ’ സിനിമ ‘നീ സ്ട്രീം’ ഒ.ടി.ടിയിൽ മെയ് ഏഴ് മുതൽ

sameer release

ഗൾഫ് പ്രവാസത്തിന്റെ വേറിട്ട ചിത്രീകരണത്തിലൂടെ പ്രേക്ഷകരുടെയും നിരൂപകരുടെയും വമ്പിച്ച ശ്രദ്ധ നേടിയ ’സമീർ’ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ലോക പ്രേക്ഷകരിലേക്കെത്തുന്നു. ‘നീ സ്ട്രീം’ ഒ.ടി.ടി.യിൽ മെയ് ഏഴിന് 2:30 മുതൽ സംപ്രേഷണം ആരംഭിക്കും. നീ സ്ട്രീം മൊബൈൽ ആപ്ലിക്കേഷൻ വഴി സ്മാർട്ട് ഫോണിലോ ആൻഡ്രോയ്ഡ് ടി.വി.യിലോ ചെറിയ തുകയിൽ ചിത്രം ലോകത്തെവിടെയും കാണാൻ സാധിക്കും.

ഇക്കഴിഞ്ഞ ദേശീയ ചലച്ചിത്ര അവാർഡ് പട്ടികയുടെ ഫൈനൽ റൗണ്ടിൽ എത്തുകയും മൂന്ന് വിഭാഗങ്ങളിൽ അന്തിമ ഘട്ടം വരെ മത്സരിക്കുകയും ചെയ്ത ഈ ചിത്രം എഴുതി സംവിധാനം ചെയ്തത് റഷീദ് പാറക്കൽ എന്ന മുൻ പ്രവാസിയാണ്. തൊണ്ണൂറുകളുടെ അവസാന പാദത്തിൽ കേരളത്തിലെ ഗ്രാമ്യനന്മയിൽ നിന്ന് തൊഴിൽ തേടി അൽഐനിലെ ഒരു തക്കാളിത്തോട്ടത്തിൽ എത്തിയ ഒരു ചെറുപ്പക്കാരൻ. അവിടുത്തെ ദുസ്സഹ സാഹചര്യത്തിൽ പ്രതീക്ഷിക്കാതെ എത്തുന്ന ദുഃഖങ്ങളെയും ദുരിതങ്ങളെയും പഴിക്കാതെ, ശപിക്കാതെ ചെറുചിരിയോടെയും സ്നേഹത്തോടെയും നേരിടാൻ ശ്രമിക്കുന്ന അയാൾക്ക് പിന്നെയും വന്നുപെടുന്നത് വിചിത്രാനുഭവങ്ങൾ. സ്വതസിദ്ധമായ നന്മയും പ്രസന്നതയും കൈവിടാത്ത അയാൾ പ്രകൃതിയും പരിസരവും എത്രമാത്രം കാഠിന്യം കാണിക്കുമ്പോഴും പ്രതീക്ഷ വറ്റാത്ത മനസ്സോടെ പ്രതിരോധിക്കാൻ തീരുമാനമെടുക്കുന്നു.

സത്യത്തിനും സ്വപ്നത്തിനും ഇടക്കുള്ള ധർമ്മസങ്കടങ്ങളുടെ അവസ്ഥയാണു ജീവിതമെന്ന വിശേഷണത്തെ
സ്നേഹത്തിനും സൗഹൃദത്തിനും ഇടക്കുള്ള നിർവൃതിയാണെന്ന് ബോധ്യപ്പെടുത്താൻ ഇറങ്ങിത്തിരിച്ച ആ ചെറുപ്പക്കാരന്റെ പേരാണ് – സമീർ. അവന്റെ വിചിത്ര കഥയാണ് സമീർ എന്ന സിനിമ. ഇതുവരെ അധികമാരും വരച്ചിടാത്ത ചില പ്രവാസാനുഭവങ്ങളെ, വ്യത്യസ്ത ഭൂഭാഗങ്ങളെ, ദേശ ഭാഷയ്ക്കപ്പുറമുള്ള വൈവിധ്യ കഥാപാത്രങ്ങളെ സമീർ നമുക്ക് പരിചയപ്പെടുത്തുന്നു. ഇതൊരു പ്രാദേശിക സിനിമയല്ല. ലോകത്തിന്റെ പരിച്ഛേദമാകുന്ന ഗൾഫ് പ്രവാസഭൂമികയിൽ പല തരക്കാരായ മനുഷ്യരുടെ യഥാർത്ഥ മനസ്സും ജീവിതവും എന്താണെന്നു ബോധ്യപ്പെടുത്തുന്ന കെട്ടുകാഴ്ച്ചകളില്ലാത്ത മാനവികതയുടെ യൂണിവേഴ്സൽ സിനിമ തന്നെയാണ് സമീർ.

റഷീദ് പാറക്കൽ നേരിട്ട സ്വന്തം ജീവിതം കോറിയിട്ട ‘ഒരു തക്കാളിക്കൃഷിക്കാരന്റെ സ്വപ്‌നങ്ങൾ’ എന്ന നോവലിൽ നിന്നാണ് തിരക്കഥ രൂപപ്പെടുത്തിയത്. അന്നത്തെ അതേ തോട്ടത്തിലും പരിസരങ്ങളിലുമായി തന്റെ പ്രവാസകാലത്തെ അന്തരീക്ഷവും കഥാപാത്രങ്ങളുമൊക്കെ പുനഃസൃഷ്ടിച്ചൊരുക്കിയ ‘സമീർ’ പക്ഷേ യാഥാർഥ്യമോ അയാഥാർത്യമോ എന്ന് വേർതിരിച്ചറിയാനാവാത്ത വിധം പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്നു. സ്വൈഹാനിലെ കൃഷിത്തോട്ടങ്ങളിലും മരുഭൂമികളിലും ഫുജൈറ, അൽഐൻ എന്നിവിടങ്ങളിലും ഏതാനും ആഴ്ചകൾ അഹോരാത്രം ശ്രമപ്പെട്ടാണ് റഷീദ് പാറക്കലും സംഘവും ഈ ചിത്രമൊരുക്കിയത്. നാട്ടിൽ വടക്കാഞ്ചേരിയുടെ ഗ്രാമപ്രദേശങ്ങളിലാണ് ബാക്കിഭാഗം ചിത്രീകരിച്ചത്.

പ്രവാസിയായ പ്രശസ്ത ഛായാഗ്രാഹകൻ രൂപേഷ് തിക്കോടി അതിമനോഹരമായി രംഗങ്ങൾ ഒപ്പിയെടുത്തിട്ടുണ്ട്. താരതമ്യേന നവാഗതനായ ആനന്ദ് റോഷൻ ശാരീരികമായും മാനസികമായും നടത്തിയ മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾ സമീർ എന്ന കഥാപാത്രത്തെ ജീവസ്സുറ്റതാക്കിയിട്ടുണ്ട്. മാമുക്കോയ, ഇർഷാദ്, വിനോദ് കോവൂർ, അനഘ സജീവ്, മഞ്ജു പത്രോസ്, നീനാ കുറുപ്പ്, ഫിദാ തുടങ്ങിയവരും ഖൽബിൽ കൂടുവെക്കുന്ന കഥാപാത്രങ്ങളായി. പ്രവാസലോകത്തെ അഷ്‌റഫ് കിരാലൂർ, കെകെ മൊയ്തീൻ കോയ, ഗോപൻ മാവേലിക്കര, ബഷീർ സിൽസില, ഷാജഹാൻ ഒറ്റത്തയ്യിൽ, ഷെയ്‌ഖ സലിൻ, അഷറഫ് പിലാക്കൽ, മെഹ്ബൂബ് വടക്കാഞ്ചേരി, രാജു തോമസ്, എ ആർ ഷാനവാസ്, ഡോ. ആരിഫ്, ഷാനു, പ്രജീപ് ചന്ദ്രൻ, ജിമ്മി തുടങ്ങിയ അഭിനേതാക്കളെ കഥാപാത്രങ്ങൾക്കനുസൃതമായി തിരഞ്ഞെടുക്കുന്നതിലും ഉജ്ജ്വലമായി ഉപയോഗപ്പെടുത്തുന്നതിലും സംവിധായകൻ വലിയ അളവിൽ വിജയിച്ചിരിക്കുന്നു. അപൂർവ്വസുന്ദരമായ അഞ്ചോളം ഗാനങ്ങൾ ‘സമീറി’ന്റെ മറ്റൊരു ആകർഷണമാണ്. പ്രചാരണഘട്ടത്തിൽ പുറത്തിറങ്ങിയ ‘ജീവന്റെ ജീവനായി..’, ‘മഴ ചാറും ഇടവഴിയിൽ…’ എന്നീ പാട്ടുകൾ ഇതിനകം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെ ലക്ഷോപലക്ഷങ്ങൾ ഈ പാട്ടുകൾ ആസ്വദിച്ചിരിക്കുന്നു. റഷീദ് പാറക്കൽ തന്നെ രചിച്ച ഗാനങ്ങൾ സുദീപ് പാലനാട്, ശിവറാം എന്നിവരാണ് ചിട്ടപ്പെടുത്തിയത്. ‘മഴ ചാറും…’ പാടിയത് മലയാളത്തിന്റെ പ്രിയ സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്ററാണ്. സുഡാനി ഫ്രം നൈജീരിയ, നിത്യ ഹരിതനായകൻ, ക്കിൻവെള്ളം’ കെട്ട്യോളാണെന്റെ മാലാഖ തുടങ്ങി ഒട്ടേറെ സൂപ്പർ ഹിറ്റുകൾ എഡിറ്റ് ചെയ്ത നൗഫൽ അബ്ദുള്ളയാണ് ചിത്രം എഡിറ്റ് ചെയ്തത്.

കഥ, തിരക്കഥ, സംഭാഷണം, ഗാനരചന, സംവിധാനം – റഷീദ് പാറക്കൽ. ബിയോണ്ട് ദി റീൽസ്‌ പ്രൊഡക്ഷന്സും പ്രവാസി കൂട്ടായ്മയായ ദുബായ് മാസ് പ്രൊഡക്ഷൻസും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്. സാങ്കേതിക വിഭാഗത്തിൽ ക്രീയേറ്റീവ് കൺസൾട്ടന്റ്: സനിൽ കുമാർ, അസോസിയേറ്റ് ഡയറക്ടർ: അമീർ പട്ടാമ്പി, സംവിധാന സഹായി: അൻസാരി കരൂപ്പടന്ന, സമീർ ചമയം: സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം: ശിവൻ ഭക്തൻ, നിർമ്മാണ നിയന്ത്രണം: താഹിർ മട്ടാഞ്ചേരി, കലാ സംവിധാനം: നിസാർ ഇബ്രാഹിം, നിർമ്മാണ ഏകോപനം: മെഹ്ബൂബ് വടക്കാഞ്ചേരി.

error: Content is protected !!