അന്തർദേശീയം

ചൈനീസ് റോക്കറ്റ് ലോങ് മാര്‍ച്ച് 5 ബിയുടെ അവശിഷ്ടം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

Chinese rocket Long March 5B crashed into the Indian Ocean

നിയന്ത്രണം നഷ്ടപ്പെട്ട് ഭൗമാന്തരീക്ഷത്തിലേക്ക് കടന്ന ചൈനീസ് റോക്കറ്റ് ലോങ് മാര്‍ച്ച് 5 ബിയുടെ അവശിഷ്ടം കടലില്‍ പതിച്ചു. ഇന്ത്യൻ സമയം രാവിലെ ഒൻപതു മണിയോടെ റോക്കറ്റിന്റെ അവശിഷ്ടങ്ങൾ മാലിദ്വീപിന് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചുവെന്ന് ചൈന അറിയിച്ചു. റോക്കറ്റില്‍ നിന്നുള്ള മിക്ക അവശിഷ്ടങ്ങളും അന്തരീക്ഷത്തില്‍ കത്തിനശിച്ചതായി ചൈനീസ് സ്റ്റേറ്റ് മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

നിരീക്ഷണത്തിനും വിശകലനത്തിനും ശേഷം, 2021 മെയ് 9 ന് 10:24 ന് (0224 ജിഎംടി) ലോംഗ് മാര്‍ച്ച് 5 ബി യാവോ -2 വിക്ഷേപണ വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ ഭൗനാന്തരീക്ഷത്തില്‍ പ്രവേശിച്ചതായും മാലിദ്വീപിനടുത്തുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിലെ പ്രദേശത്താണ് പതിച്ചതെന്നാണ് കരുതുന്നതെന്നും ചൈന അറിയിച്ചു.

ചൈനയുടെ ലാര്‍ജ് മോഡ്യുലര്‍ സ്‌പേസ് സ്റ്റേഷന്റെ പ്രധാനഭാഗം ടിയാന്‍ഹെ മൊഡ്യൂളിനെ ഏപ്രില്‍ 29ന് ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ടിയാന്‍ഹെ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ട റോക്കറ്റിന്റെ പ്രധാന ഭാഗം ഭൂമിയിലേക്ക് സുരക്ഷിതമായി തിരികെ ഇറക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം നഷ്ടമായത്.

error: Content is protected !!