fbpx
കേരളം

ചുട്ടുപൊള്ളി കേരളം: മരണം 5 ആയി

തിരുവനന്തപുരം : കൊടുംചൂട‌് തുടരുന്ന കേരളത്തിൽ സൂര്യാതപമേറ്റ‌് ഞായറാഴ്ച മൂന്നുപേർ മരിച്ചു. പൊള്ളലേറ്റ പത്തോളം പേർ ചികിത്സ തേടി. തിരുവനന്തപുരം പാറശാല അയിര സ്വദേശി കരുണാകരൻ(44), പത്തനംതിട്ട മാരാമൺ സ്വദേശി ഷാജഹാൻ(60), കണ്ണൂർ  വെള്ളോറയിലെ കാടൻ വീട്ടിൽ നാരായണൻ (67)എന്നിവരാണ് മരിച്ചത്. ഇതോ‌‌ടെ സംസ്ഥാനത്ത് സൂര്യാതപമേറ്റ് മരിച്ചവരുടെ എണ്ണം അഞ്ചായി.

ഞായറാഴ്ച പകൽ 12ഓടെയാണ് പാറശാലയിലെ കരുണാകരൻ കനത്ത ചൂടിൽ കുഴഞ്ഞുവീണ‌് മരിച്ചത്. വീടിനുസമീപത്തെ വയലിൽ കൃഷിചെയ്യുന്നതിനിടെ കുഴഞ്ഞുവീണയുടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പൊള്ളലേറ്റതായി പരിശോധനയിൽ കണ്ടെത്തി. നെയ്യാറ്റിൻകര കോടതിയിലെ ബെഞ്ച് ക്ലർക്കാണ്. ഭാര്യ:- സുമി. മക്കൾ: ആശിക്, അഭിഷേക്.

മാരാമൺ റിട്രീറ്റ് സെന്ററിന് സമീപം കൺവൻഷൻ നഗറിലേക്കുള്ള നദീതീര റോഡിലാണ‌് ഷാജഹാനെ മരിച്ചനിലയിൽ കണ്ടെത്തിയത‌്. വർഷങ്ങളായി മാരാമൺ, കോഴഞ്ചേരി പ്രദേശങ്ങളിൽ കൂലിപ്പണിയെടുത്ത് ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു.  ശരീരത്തിലെ ചിലഭാഗങ്ങളിൽ പൊള്ളലേറ്റതിന്റെ സൂചനയുണ്ട‌്. വെള്ളോറയിലെ കാടൻ വീട്ടിൽ നാരായണ (67)നെ വീടിനുപിറകുവശത്ത‌് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാളുടെ മുഖത്തും നെഞ്ചത്തും പൊള്ളലേറ്റിട്ടുണ്ട‌്. ഭാര്യ: കുന്നുമ്മൽ ജാനകി. മക്കൾ: മധുസൂദനൻ (വെള്ളോറ ടാഗോൾ മെമ്മോറിയൽ എച്ച‌്എസ‌്എസ‌് ജീവനക്കാരൻ, സിപിഐ എം ചെക്കിക്കുണ്ട‌് ബ്രാഞ്ചംഗം), ഷാജി. മരുമക്കൾ: ശോഭന (പറവൂർ), സവിത(ചെറുപുഴ).

ശനിയാഴ്ച അങ്കമാലിയിലെ അനില സുഭാഷ്(42), കുട്ടനാട്ടിൽ ഇതര സംസ്ഥാന തൊഴിലാളി പി രവി(60) എന്നിവർ സൂര്യാതപമേറ്റ് മരിച്ചിരുന്നു. വിവിധ ജില്ലകളിൽ ഞായറാഴ‌്ച മാത്രം പത്തുപേർ പൊള്ളലേറ്റ‌് ചികിത്സതേടിയിട്ടുണ്ട‌്.  ഇതുവരെ 119പേർക്കാണ് സൂര്യാതപമേറ്റത്. കഴിഞ്ഞ ആഴ്ച മാത്രം 56 പേർക്ക് സൂര്യാതപമേറ്റുവെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു.

കാസർകോട‌് കുമ്പളയിൽ  വീട്ടുമുറ്റത്ത‌് കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരിക്ക‌് സൂര്യാതപമേറ്റു. കുമ്പളയിലെ അബ്ദുൾ ബഷീറിന്റെ മകൾ മർവയക്കാണ‌് പൊള്ളലേറ്റത‌്.  ശനിയാഴ‌്ച  പകൽ വീട്ടുമുറ്റത്ത‌്  കളിച്ചുകൊണ്ടിരിക്കെയാണ‌് കൈയിൽ  പൊള്ളലേറ്റ പാട‌് കണ്ടത‌്. സ്വകാര്യാശുപത്രിയിൽ ചികിത്സ തേടി.പാലക്കാട‌്ജില്ലയുടെ വിവിധ ഭാഗങ്ങളിലായി രണ്ടാഴ‌്ചയ്ക്കിടെ 15 പേർക്ക‌് സൂര്യാതപമേറ്റു. ഞായറാഴ‌്ച കൊല്ലങ്കോട‌്  രണ്ടു പശുക്കൾ ചത്തു. കൊല്ലം ജില്ലയിൽ ഒരാഴ‌്ചക്കിടെ 20 പേർക്ക് സൂര്യാതപമേറ്റു.  ഞായറാഴ‌്ച കൊല്ലം ഹെഡ്‌ പോസ്റ്റ‌് ഓഫീസ് ജീവനക്കാരനായ ശ്രീകുമാർ, പുത്തൂർ ചെറുപൊയ്കയിൽ ഷിജു, ഇടപ്പള്ളിക്കോട്ടയിൽ മരച്ചീനി കച്ചവടക്കാരനായ ശ്രീകുമാർ എന്നിവരെ പൊള്ളലേറ്റ‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആലപ്പുഴ ജില്ലയിൽ ചാനൽ ക്യാമറമാൻ പുലിയൂർ പേരിശേരി ഏഴിക്കൽ വീട്ടിൽ ലിബിൻ ഏബ്രഹാം (29), അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം താഴ‌്ചയിൽ മുഹമ്മദ് സിദ്ദിഖ‌് (57) എന്നിവർക്കാണ‌് പൊള്ളലേറ്റത്.  ശനിയാഴ‌്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ‌് ലിബിന‌് സൂര്യാതപമേറ്റത്. വൈകിട്ട‌് ശക്തമായ ക്ഷീണവും ദാഹവും കൈയ‌്ക്ക‌് അസഹനീയമായ ചൊറിച്ചിലും നീറ്റലും അനുഭവപ്പെട്ടിരുന്നു. തുടർന്ന് കൈകളിൽ ചുവന്ന് ചെറിയകുമിളകൾ പൊങ്ങി. ഇദ്ദേഹത്തെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തടിക്കച്ചവടക്കാരനായ സിദ്ദിഖ് കൊല്ലത്തുപോയി മടങ്ങുന്നതിനിടെ ശരീരത്തിൽ നീറ്റൽ അനുഭവപ്പെടുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി.

ചൂട്‌ ഇനിയും  കൂടും

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ താപസൂചിക റിപ്പോർട്ട് പ്രകാരം വരുംദിവസങ്ങളിൽ ചൂട് ഇനിയും വർധിക്കും. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സംസ്ഥാനത്തെ 11 ജില്ലയിൽ സൂര്യാതപത്തിന‌് സാധ്യതയുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ താപനില ശരാശരിയിൽനിന്ന് മൂന്നുമുതൽ നാലുഡി​ഗ്രി വരെയും തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ രണ്ടുമുതൽ മൂന്നുഡിഗ്രി വരെയും ഉയരും. പകൽ 11 മുതൽ മൂന്നുവരെ സൂര്യപ്രകാശം നേരിട്ട‌് ഏൽക്കുന്നത‌് ഒഴിവാക്കണം. ഞായറാഴ‌്ച സംസ്ഥാനത്ത‌് ശരാശരി താപനില 35.8 ആണ‌്.  പാലക്കാട‌് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസിന‌് മുകളിലാണ‌് ചൂട‌്. ഇരുചക്ര വാഹനയാത്രപോലും അസാധ്യം. മലമ്പുഴയിൽ 40.2, മുണ്ടൂർ ഐആർടിസിയിൽ 40 ഡിഗ്രി എന്നിങ്ങനെയാണ‌് ഞായറാഴ‌്ച രേഖപ്പെടുത്തിയ ഉയർന്ന താപനില.

error: Content is protected !!