fbpx
അന്തർദേശീയം

സാമ്പത്തിക പ്രതിസന്ധി: ജെറ്റ് എയര്‍വേസില്‍ നിന്നും ചെയര്‍മാന്‍ നരേഷ് ഗോയലും ഭാര്യ അനിതാ ഗോയലും രാജിവച്ചു

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേസില്‍ നിന്നും ചെയര്‍മാന്‍ നരേഷ് ഗോയലും ഭാര്യ അനിതാ ഗോയലും രാജിവച്ചു. കമ്പനിയെ കരകയറ്റാനുളള പദ്ധതികള്‍ ചര്‍ച്ചചെയ്യാന്‍ തിങ്കളാഴ്ച മുംബൈയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇരുവരും രാജി പ്രഖ്യാപിച്ചത്. ദൈനംദിന വിമാന സര്‍വ്വീസിനുളള ഇന്ധനം വാങ്ങാന്‍പോലും പണമില്ലാതെ കമ്പനി പ്രതിസന്ധിനേരിട്ടതോടെയാണ് ഇരുവരും രാജിവയ്ക്കാന്‍ തീരുമാനിച്ചത്.

കമ്പനിയില്‍ 24 ശതമാനം ഓഹരിയുണ്ടായിരുന്ന അബുദാബി ആസ്ഥാനമാക്കിയുള്ള എത്തിഹാദ് എയര്‍വെയ്‌സിന്‍റെ പ്രതിനിധി കെവിന്‍ നെറ്റും ബോര്‍ഡില്‍നിന്ന് രാജിവച്ചു. അതേസമയം, കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് വിനയ് ദുബെ ബോര്‍ഡില്‍ തുടരും.എസ്.ബി.ഐ അടക്കമുള്ള ദേശസാത്കൃത ബാങ്കുകള്‍ കമ്പനി ഏറ്റെടുത്ത് നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയായി 1500 കോടി ഉടന്‍ ലഭിക്കുമെന്ന് ജെറ്റ് എയര്‍വേസ് അറിയിച്ചു. ഈ തുക കമ്പനിയിലെ ഓഹരിയായി മാറ്റാനാണ് തീരുമാനമെന്നും സൂചനയുണ്ട്. നരേഷ് ഗോയലിന്റെയും ഭാര്യയുടെയും ഓഹരിയായ 1500 കോടി ഉപയോഗിച്ചാണ് നിലവിലെ ഒത്തുതീര്‍പ്പ്.25 വര്‍ഷമായി വ്യോമയാന രംഗത്ത് സജീവമായ ജെറ്റ് എയര്‍വേസ് 1993ലാണ് നരേഷും ഭാര്യയും ചേര്‍ന്ന് ആരംഭിക്കുന്നത്. 100 കോടി ഡോളറിലേറെ കടബാദ്ധ്യതയുള്ള കമ്പനി ഇപ്പോള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണുള്ളത്.

വായ്പാ കുടിശ്ശിക ഉയര്‍ന്നതിനാല്‍, ബാങ്കുകളില്‍നിന്ന് കമ്പനി കടുത്ത സമ്മര്‍ദ്ദം അനുഭവിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് മാസമായി ശമ്പളം ലഭിക്കാതായതോടെ ഇവിടുത്തെ പൈലറ്റുമാര്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ജെറ്റ് എയര്‍വേസിന്റെ മിക്ക സര്‍വീസുകളും ഇപ്പോള്‍ മുടങ്ങിയിരിക്കുകയാണ്. നിലവില്‍ 51 ശതമാനം ഓഹരിയാണ് കമ്പനിയില്‍ നരേഷ് ഗോയലിനുള്ളത്.

error: Content is protected !!