ഇന്ത്യ ദുബായ്

വിസിറ്റിംഗ് വിസയിലുള്ള ഇന്ത്യക്കാർക്ക്‌ യുഎഇയിൽ വാക്‌സിനേഷൻ നൽകണം ; ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറലിനെ കണ്ട് KMCC നേതാക്കൾ

Vaccination should be given to Indians on visiting visa in UAE; KMCC leaders meet Indian Consul General in Dubai_DUBAIVARTHA_UAE_MALAYALAMNEWS

വിവിധ പ്രവാസി സംഘടനാ നേതാക്കളുമൊത്ത് കെ.എം.സി.സി നേതാക്കൾ ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരിയെ കണ്ടു. വിസിറ്റിംഗ് വിസയിലുള്ള ഇന്ത്യക്കാർക്ക്‌ യു.എ.ഇയിൽ വാക്‌സിനേഷൻ സൗകര്യം ഏർപ്പെടുത്തത്തുന്ന കാര്യത്തിലും അവധിക്കു നാട്ടിൽ പോയി തിരിച്ചുവരാൻ കഴിയാത്തവർക്ക് പ്രത്യേക യാത്രാസൗകര്യമേർപ്പെടുത്തണമെന്നും നേതാക്കൾ കോൺസുൽ ജനറലിനോട് അഭ്യർത്ഥിച്ചു.

യു.എ.ഇയിൽ സന്ദർശകവിസയിലുള്ള കുടുംബങ്ങൾക്കും മുതിർന്ന പൗരന്മാർക്കും വാക്സിനേഷനു അവസരം ലഭിക്കാത്ത സാഹചര്യമുണ്ട്. അതുകൂടാതെ നാട്ടിൽ നിന്നുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുമ്പോൾ കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നതിൽ ഇളവ് ലഭിക്കേണ്ടതുമുമുണ്ട്. ഇന്ത്യയിലെ വാക്‌സിൻ ലഭ്യതയുടെ കുറവ് യു.എ‌.ഇ ഗവൺമെന്റിനെ ബോധ്യപ്പെടുത്തി വാക്സിനെടുത്തതിന്റെ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത് തൽക്കാലം മാറ്റിവെക്കാൻ ഉള്ള നീക്കം നടത്തണം. പ്രാണ വായുവിനായി പിടയുന്ന ഇന്ത്യക്കാരെ സഹായിക്കാൻ കോൺസുലേറ്റ് കൂടുതൽ ഇടപെടലുകൾ നടത്തണം, കോവിഡ് ബാധിച്ചു യു.എ. ഇയിൽ മരണപ്പെട്ടവരിൽ അർഹരായ ഇന്ത്യക്കാർക്കായി സഹായപദ്ധതി രൂപീകരിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കെ.എം.സി.സി നേതാക്കൾ കോൺസുൽ ജനറലിനെ ബോധിപ്പിച്ചത്.

യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് പുത്തൂർ റഹ്മാൻ, ജനറൽ സെക്രട്ടറി അൻവർ നഹ, ട്രഷറർ നിസാർ തളങ്കര,ദുബായ് കെ.എം.സി.സി സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ എന്നിവരാണ് മീറ്റ് ദി അസോസിയേഷൻ പരിപാടിയിൽ കോൺസുൽ ജനറലുമായി കൂടിക്കാഴ്ച നടത്തിയത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കു കോവിഡ് പ്രതിരോധ മെഡിക്കൽ ഉപകരണങ്ങൾ അയക്കാൻ ഉദ്ദേശിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കും സൗജന്യ ഷിപ്പ്മെന്റ് സർവീസ് എയർ ഇന്ത്യ വഴി ഇന്ത്യൻ കോൺസുലേറ്റ് ഏർപ്പെടുത്തുമെന്നും, അവധിക്കു നാട്ടിൽ പോയി തിരിച്ചുവരാൻ കഴിയാത്ത ഇന്ത്യക്കാരുടെ പ്രതിസന്ധി പരിഹരിക്കാൻ യു.എ.ഇ അധികൃതരുമായി സംസാരിക്കുമെന്നും പ്രവാസി സംഘടനകളുടെ ആശങ്കകൾക്ക് പരിഹാരം കാണുമെന്നും കൗൺസിൽ ജനറൽ പ്രതികരിച്ചു. വിവിധ പ്രവാസി സംഘടനാ നേതാക്കൾ പങ്കെടുത്ത മീറ്റ് ദി അസൊസിയേഷനിൽ ഒട്ടേറെ പ്രവാസി പ്രശ്നങ്ങളും ആശങ്കകളും വിവിധ സംഘടനകളുടെ പ്രതിനിധികൾ കൗൺസിൽ ജനറലുമായി പങ്കുവെച്ചു .

error: Content is protected !!