fbpx
കേരളം ദുബായ്

ടിക്കറ്റ് നിരക്ക് വർധനയിൽ കൈപൊള്ളി പ്രവാസി കുടുംബങ്ങൾ

ദുബായ്: കേരളത്തിൽനിന്ന് ഗൾഫിലേക്ക് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികൾ. ഇതോടെ പല കുടുംബങ്ങളും യാത്ര മാറ്റി വെക്കുന്നതിനെ പറ്റി ആലോചിക്കേണ്ട അവസ്ഥയാണ്. മക്കളുടെ പഠനം നഷ്ടമാകരുതെന്ന് കരുതിയാണ് സ്കൂൾ അവധിക്കാലത്തേക്ക് കുടുംബങ്ങൾ യാത്ര തിരഞ്ഞെടുക്കുന്നത്. എന്നാൽ ഈ അവസരം പരമാവധി ചൂഷണം ചെയ്യാനുറപ്പിച്ചു വിമാനകമ്പനികൾ നിലകൊള്ളുന്നു. ഏപ്രിൽ, മേയ് മാസങ്ങളിൽ യാത്ര കൈപൊള്ളിക്കുമെന്നറിഞ്ഞ പല പ്രവാസി കുടുംബങ്ങളും യാത്ര റദ്ദാക്കി. കുറച്ചു നാളത്തെ പഠനം പോയാലും യാത്ര ഓഫ് സീസണിലേക്ക് മാറ്റി ചിന്തിക്കുകയാണ് മിക്ക കുടുംബങ്ങളും.

നിരക്ക് വർധന വിഷയത്തിൽ എല്ലാ എയർലൈനുകളും ഒത്തൊരുമിച്ചു നിൽക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഈസ്റ്ററിനും വിഷുവിനുമെല്ലാം പ്രവാസികളുടെ യാത്ര മുൻകൂട്ടിക്കണ്ട എയർലൈനുകൾ ഏപ്രിൽ 20 വരെ ഉയർന്ന നിരക്കാണ് ഇട്ടിരിക്കുന്നത്. ഇതിനു പിന്നാലെ റമസാൻ എത്തുന്നതോടെ മേയ്, ജൂണിൽ നിരക്കു കൂട്ടാൻ മറ്റൊരു കാരണമായി. മധ്യവേനൽ അവധിയായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും ഇതേ പകൽ കൊള്ള പ്രതീക്ഷിക്കാം. നാട്ടിൽ പോയവർ കൂടുതലും തിരിച്ചെത്തുന്നത് സെപ്റ്റംബറിൽ ആയതിനാൽ സെപ്റ്റംബർ പകുതി വരെയും ഉയർന്ന നിരക്കുകൾ പ്രതീക്ഷിക്കാം.

സാമ്പത്തിക പ്രതിസന്ധി കാരണം ജെറ്റ് എയർവേയ്സ് ഗൾഫ്-കേരള സെക്ടറിൽനിന്ന് പിൻവലിച്ചതും അടുത്തിടെയുണ്ടായ അപകടങ്ങൾ മൂലം വിവിധ വിമാന കമ്പനികൾ ബോയിങ് മാക്സ് വിമാനങ്ങൾ പിൻവലിച്ചതും സെക്ടറിൽ സീറ്റിന്റെ ലഭ്യത കുറച്ചു. എയർഇന്ത്യ ദുബായ് സെക്ടറിലുള്ള ഡ്രീം ലൈനർ പിൻവലിച്ച് പകരം ചെറിയ വിമാനമിട്ടതും സീറ്റ് ലഭ്യത കുറയാൻ കാരണമായി. പ്രസ്തുത അവസരമാണ് വിമാന കമ്പനികൾ മുതലാക്കുന്നത്.

error: Content is protected !!