fbpx
ഇന്ത്യ

കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി; സാമ്പത്തികഭദ്രതയും രാജ്യക്ഷേമവും ഉറപ്പുവരുത്തും

ന്യൂഡല്‍ഹി: പാവങ്ങള്‍ക്ക് മിനിമം വേതനം ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതിയാണ് കോണ്‍ഗ്രസ് പ്രകടന പത്രികയിലെ പ്രധാന ആകര്‍ഷണം. ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ സര്‍ക്കാര്‍ അക്കൗണ്ടില്‍ നല്‍കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പ്രതിമാസം 6,000 മുതല്‍ 12,000 രൂപ വരുമാനം ഉറപ്പാക്കും. പാവപ്പെട്ട 20% കുടുംബങ്ങള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുന്നത്. അതായത് അഞ്ച് കോടി കുടുംബങ്ങളിലായി 25 കോടി ആളുകള്‍ക്ക് പ്രയോജനം ലഭിക്കും. കാര്‍ഷിക മേഖലക്ക് പ്രത്യേക പരിഗണന പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. കാര്‍ഷിക വായ്പയുടെ പേരിലുള്ള ക്രിമിനല്‍ നടപടി റദ്ദാക്കും. ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം 150 ദിവസത്തെ തൊഴില്‍ ഉറപ്പാക്കും. 2020 മാര്‍ച്ചിനകം കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖലകളില സ്ഥാപനങ്ങളിലുള്ള നാല് ലക്ഷം ഒഴിവുകള്‍ നികത്തും. സംസ്ഥാനങ്ങളിലെ ഒവിവുകള്‍ നികത്തുന്നതിന് സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെടും.

ജമ്മു കാശ്മീരിനായുള്ള വികസന അജന്‍ഡ, ജി എസ് ടി രണ്ട് സ്ലാബുകളിലേക്ക് കുറക്കുക തുടങ്ങിയവയാണ് പ്രകടന പത്രികയിലെ മറ്റ് ശ്രദ്ധേയ വാഗ്ദാനങ്ങള്‍. സ്ത്രീസുരക്ഷ, തൊഴിലില്ലായ്മ, കര്‍ഷകദുരിതം എന്നിവയാണ് രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളന്ന് പ്രകടന പത്രിക പറയുന്നു.

ലോക്സഭയിലും രാജ്യസഭയിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. ഗ്രാമങ്ങളിലെ പത്ത് ലക്ഷം ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുളള പദ്ധതി ഏര്‍പ്പെടുത്തും. കര്‍ഷകരെയും യുവാക്കളെയും ന്യൂനപക്ഷകളെയും കൂടെനിര്‍ത്തും. സമ്പത്തും ക്ഷേമവും ഉറപ്പ് വരുത്തും. ജനങ്ങളുടെ പ്രധാന പ്രശ്‌നങ്ങള്‍ മുഖ്യപരിഗണനയിലേക്ക് കൊണ്ടുവരും. ഉത്പ്പാദനക്ഷമത വര്‍ധിക്കുമെന്നും പത്രിക പറയുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, സോണിയാഗാന്ധി, എ കെ ആന്റണി, പി ചിദംബരം, മന്‍മോഹന്‍ സിംഗ്, രണ്‍ദീപ് സുര്‍ജേവാല തുടങ്ങിയ നേതാക്കള്‍ ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

രാജ്യം ഏറെ നുണകള്‍ കേട്ടുവെന്നും, നുണകള്‍ ഇല്ലാത്ത പ്രകടന പത്രികയാണ് കോണ്‍ഗ്രസിന്റേതെന്നും അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ പറഞ്ഞു. ബി ജെ പി വിഷയമാക്കുന്നത് തീവ്രദേശീയ വാദമാണെന്നും വികസിതവും ശക്തവുമായ ഇന്ത്യയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

error: Content is protected !!