fbpx
ദുബായ് വിനോദം റാസൽഖൈമ

ഗൾഫിൻ്റെ  സ്വന്തം “റേഡിയോ ഏഷ്യ” പുതിയ ഫ്രീക്വൻസിയിൽ  കൂടുതൽ കരുത്തോടെ നാളെ (വ്യാഴം) മുതൽ 

കാൽ നൂറ്റാണ്ട് പിന്നിട്ട ഗൾഫ് മലയാള പ്രക്ഷേപണം-റേഡിയോ ഏഷ്യ -ഏപ്രിൽ 4 വ്യാഴം (നാളെ ) മുതൽകൂടുതൽ കരുത്തുള്ള 1476  AM എന്ന പുതിയ ഫ്രീക്വൻസിയിലേക്ക് മാറിക്കൊണ്ട്പ്രക്ഷേപണം പുനരാരംഭിക്കുന്നു. 19 92ൽ മെയ് 9 ന് റാസ്അൽ ഖൈമ യിൽ പിറവിയെടുത്ത ഒരു മണിക്കൂർമലയാള പ്രക്ഷേപണം 2003 ജനുവരി 1 ന് 24 മണിക്കൂർസമ്പൂർണ പ്രക്ഷേപണമായി മാറുകയായിരുന്നു. തുടർന്ന്ഒരു റേഡിയോ നിലയം എന്നരീതിയിൽ കൈവരിക്കാവുന്ന നേട്ടങ്ങൾ എല്ലാം കൈക്കലാക്കിയ റേഡിയോ ഏഷ്യ, മറ്റ് AM ചാനലുകൾക്ക് സംഭവിച്ച അപചയങ്ങൾ ഒക്കെ മറികടന്ന് മുന്നോട്ടു കുതിച്ചു. 25 വർഷം റേഡിയോ ഏഷ്യ യെ നയിച്ച വെട്ടൂർജി ശ്രീധരൻ എന്ന പ്രോഗ്രാം ഡയറക്ടർ ഈ മേഖലയിൽ റെക്കോർഡ് ഇട്ടുകൊണ്ടാണ് പടിയിറങ്ങിയത്.

പ്രശസ്തനായ കലാകാരൻ രാജീവ് ചെറായി അകാലത്തിൽ മരണമടഞ്ഞത് ഒരു വലിയ നഷ്ടമായി ശ്രോതാക്കൾക്ക് അനുഭവപ്പെട്ടു .

കാലത്തിനനുസരിച്ച് സാങ്കേതിക മികവ് പ്രക്ഷേപണത്തിൽ പുലർന്നു കാണണം എന്ന് ആഗ്രഹമുള്ള മാനേജ്മെൻറ് ( ഡോൾഫിൻ റെക്കോർഡിങ് സ്റ്റുഡിയോ ) ദീർഘ ദൂര വ്യാപ്തിക്കായി 1269 AM എന്ന ഫ്രീക്വൻസി മാറ്റി ഇപ്പോൾ ഗൾഫ് മുഴുവൻ തരംഗങ്ങൾ കടന്നു ചെല്ലാൻ കഴിവുള്ള 1476 AM സ്ഥാപിച്ചുകൊണ്ടാണ് വീണ്ടും പ്രക്ഷേപണത്തിലേക്ക് കടന്നു വരുന്നത്. നേരത്തെ ഉമ്മൽ ഖുവൈൻ റേഡിയോ , ഏഷ്യാനെറ്റ് റേഡിയോ എന്നിവിടങ്ങളിൽ ജോലി ചെയ്ത അനുഭവ സമ്പത്തുമായി പ്രമുഖ പ്രക്ഷേപണ കലാകാരൻ രമേഷ് പയ്യന്നൂർ ഇപ്പോൾ റേഡിയോ ഏഷ്യയെ പ്രോഗ്രാം ഡയറക്ടർ എന്ന രീതിയിൽ നയിക്കുന്നു. രമേഷ് അവതരിപ്പിക്കുന്ന ബീ പോസിറ്റീവ് എന്ന തത്സമയ പ്രോഗ്രാം റേഡിയോ ഏഷ്യയിൽ കുറഞ്ഞ കാലം കൊണ്ട് തന്നെ ശ്രോതാക്കളുടെ ശ്രദ്ധ നേടി.

കരുത്തുള്ള ഫ്രീക്വൻസിയുമായി ചെറിയ ഒരു ഇടവേള കഴിഞ്ഞ് റേഡിയോ ഏഷ്യ തിരിച്ചുവരുന്നെന്ന് അറിഞ്ഞത് മുതൽ റേഡിയോ എന്ന മാധ്യമത്തെ സ്നേഹിക്കുന്നവരെല്ലാം ആഹ്ളാദത്തിലാണ്. ഇന്നും പരീക്ഷണ പ്രക്ഷേപണം തുടരുന്നു. നാളെ രാവിലെ മുതൽ പതിവ് ഷെഡ്യൂൾ അനുസരിച്ചുള്ള പ്രോഗ്രാമുകൾ അവതരിപ്പിക്കും.

27 വർഷത്തോളം വാർത്താവിഭാഗം പ്രവർത്തിപ്പിക്കുന്ന റേഡിയോ ഏഷ്യയുടെ ശക്തി ഈ മേഖലയിൽ ചെറുതല്ല . വാർത്താ വിഭാഗത്തെ നയിക്കുന്ന ഹിഷാം അബ്ദുൽ സലാം നേരത്തെ ദൂര ദർശനിൽ വാർത്താ അവതാരകൻ ആയിരുന്നു. വിവിധ ടെലിവിഷൻ ചാനലുകളിലെ അനുഭവങ്ങളുമായി എത്തിയ അനൂപ് കീച്ചേരിയും പ്രശസ്ത വാർത്ത അവതാരകൻ മഹേഷും ഹിഷാമിനൊപ്പം വർഷങ്ങളായി റേഡിയോ ഏഷ്യ യുടെ ന്യൂസ് ടീമിൽ തുടരുന്നു . ഒത്തൊരുമയുള്ള ഈ ന്യൂസ് ടീം കേൾവിക്കാർക്ക് ആനന്ദവും അറിവും  ആവേശവും അപ്പപ്പോൾ തന്നെ  പകരുന്നു. അനുപ് മറ്റു വൈജ്ഞാനിക പ്രോഗ്രാമുകളും അവതരിപ്പിക്കുന്നു.

പ്രമുഖ RJ യും പ്രൗഢ ശബ്ദത്തിന് ഉടമയുമായ ശശികുമാർ രത്ന ഗിരിയ്ക്ക് ഗൾഫ് പ്രക്ഷേപണ ചരിത്രത്തിൽ ഉന്നതമായ സ്ഥാനം ലഭിച്ചതും റേഡിയോ ഏഷ്യ പ്രോഗ്രാമുകളിലൂടെയാണ്. ഏറെ ആരാധകരെ സൃഷ്‌ടിച്ച ഷീബ , സംഗീത സാന്നിധ്യമായ RJ രഞ്ജിനി , ചടുലമായ അവതരണ മികവുള്ള ദിൽമ തുടങ്ങിയവർ ഏറെക്കാലമായി റേഡിയോ ഏഷ്യയുടെ ഭാഗമായി കേൾവിക്കാർക്ക് മികച്ച ആസ്വാദനം നൽകിക്കൊണ്ടിരിക്കുന്നു.

കേരളത്തിൽ നിന്ന് തത്സമയം റിപോർട്ടുകൾ നൽകി റേഡിയോ ഏഷ്യയുടെ വാർത്താ സംവിധാനത്തിന് മിഴിവേകാൻ കണ്ണൂർ സ്വദേശിയായ സജിത്കുമാറും സദാ ഒപ്പമുണ്ട്. 98 മുതൽ റേഡിയോ ഏഷ്യയുടെ ശബ്ദ നിയന്ത്രണ വുമായി സൗണ്ട് എഞ്ചിനീയർ എഡിസൺ ഇഗ്‌നേഷ്യസ് പെരേര യും തുടർന്നുവന്ന രജനീകാന്തും കൂടെയുണ്ട് , ഈ പുതിയ ഫ്രീക്വൻസിയുടെ മികവിലും ഭാഗമാകാൻ .

റേഡിയോ ഏഷ്യയിൽ ആദ്യകാലത്തുതന്നെ അവതാരകയായി എത്തിയ ജയലക്ഷ്മി ഇപ്പോൾ സെയിൽസ് ആൻഡ് മാർക്കറ്റിംഗിൽ വൈസ് പ്രസിഡന്റ് ആയി തുടരുന്നു. ഒപ്പം ജിക്കു ജോസഫ് , ജോയ്‌ദീപ് , പൂജ , വാഹിദ് തുടങ്ങിയവരും ഈ ഡിവിഷനിലുണ്ട്. ആദ്യ ദിവസം മുതൽ റേഡിയോ ഏഷ്യയുടെ PRO ആയി പ്രവർത്തിക്കുന്ന നാസർ ( മലപ്പുറം) ഇപ്പോഴും ജീവാത്മാവ് തന്നെ.അഡ്മിനിസ്ട്രേഷനിൽ റഹിം , തമ്പി തുടങ്ങിയവർ സഹായത്തിനുണ്ട്. ദുബായിലെ ഹെഡ് ഓഫീസിൽ സലാഹും സ്മിതയും ദൈനംദിന പ്രവർത്തനങ്ങളിൽ സഹായിക്കുന്നു . 27 വർഷം നീളുന്ന ഒരു മലയാള പ്രക്ഷേപണം അന്യനാട്ടിൽ വിജയക്കൊടി പാറിക്കുമ്പോൾ അതിൻെറ ഭാഗമായി തുടരുന്ന ഓരോരുത്തരും വിജയത്തിൽ അവകാശികൾ തന്നെയാണ് . നിലനിർത്തുന്ന ശ്രോതാക്കളെ പോലെ.

മലയാളികൾ അല്ലാതിരുന്നിട്ടും സൗഹൃദത്തിന്റെയും സമർപ്പണത്തിന്റെയും വാതിലുകൾ തുറന്നിട്ടുകൊണ്ട് ഇത്രയും കാലം എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ചു ഇതിനെ നയിക്കുന്ന ടുട്ടു ബോസ് , സിറിഞ്ചോയ് ബോസ് , കിഷ് ബന്ദ്യോപാദ്ധ്യായ  ( പശ്ചിമബംഗാൾ ), ദൈനം ദിന കാര്യങ്ങളിൽ റേഡിയോ ഏഷ്യാ  ഗ്രൂപ്പിനെ നയിക്കുന്ന CEO ബ്രിജ് രാജ് ഭല്ല ( ഡൽഹി ) എന്നിവർ മലയാളീ സമൂഹത്തിന് പ്രിയപ്പെട്ടവർ ആയി മാറിക്കഴിഞ്ഞു , റേഡിയോ ഏഷ്യയുടെ ജീവൻ തുടിക്കുന്നതിലൂടെ.

മാധ്യമ പ്രവർത്തകൻ കെ ടി അബ്ദുറബ് , കലാ  സംഘാടകനും സംരംഭകനുമായ കെ പി അബ്ദുല്ല , ബഷീർ തുടങ്ങി നിരവധി പേരുടെ ആവേശവും അധ്വാനവുമാണ് 27 കൊല്ലം മുൻപ് ഇങ്ങനെയൊരു സംരംഭത്തിന് തുടക്കമിടാനും തുടർന്ന് കൊണ്ടുപോകാനും  പ്രേരണയായത്. ഇന്ന് മലയാളത്തിൽ മാത്രമായി നിരവധി FM , AM ചാനലുകൾ പ്രവർത്തിക്കുന്നെങ്കിൽ അതിനൊക്കെ മാതൃ പാഠം പകർന്നുനൽകിയ റേഡിയോ എന്ന നിലയിലും റേഡിയോ ഏഷ്യയുടെ ശബ്ദം ഉയർന്നു നിൽക്കുകയാണ്.

പരസ്യ വരുമാനം പരമ്പരാഗത മാധ്യമങ്ങൾക്ക് പൊതുവെ കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ  വിപണിയുടെ സമകാലിക പ്രതിസന്ധികൾക്കിടയിലും റേഡിയോ ഏഷ്യ കൂടുതൽ കരുത്തുറ്റ ശബ്ദവുമായി വരുന്നത് പൊതുവെ മാധ്യമ ലോകം സൂക്ഷ്മതയോടെ വീക്ഷിക്കുകയാണ്. നിമ്നോന്നതങ്ങൾ ഒത്തിരിക്കണ്ട റേഡിയോ ഏഷ്യയ്ക്ക് ഇത് സ്വാഭാവിക വെല്ലുവിളി പോലും ആകുന്നില്ല. അത്രയ്ക്ക് കരുത്തുണ്ട് ആ ശ്രോതൃ വലയത്തിന്, ആ നിശ്ചയ ദാർഢ്യത്തിന് , ആ ആത്മ സമർപ്പണത്തിന് .! ദുബായ് വാർത്ത ഡോട്ട് കോം ഭാവുകങ്ങൾ അർപ്പിക്കുന്നു.

error: Content is protected !!