fbpx
അന്തർദേശീയം

ഇന്ത്യ വെടി വെച്ചിട്ട എഫ്-16 വിമാനം ഏത് ?? വിമാനം വെടിവച്ചിട്ടെന്ന ഇന്ത്യന്‍ അവകാശവാദം തളളി അമേരിക്ക

പാകിസ്ഥാന്‍റെ എഫ്-16 വിമാനത്തെ ഇന്ത്യന്‍ സൈന്യംവെടിവെച്ചിട്ടെന്ന അവകാശവാദത്തെ അമേരിക്ക തള്ളി. സൈന്യത്തെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. അമേരിക്കന്‍ പ്രതിരോധ വിഭാഗം പാകിസ്ഥാന്‍റെ പക്കലുള്ള എഫ്16 വിമാനങ്ങളുടെ എണ്ണമെടുത്തെന്നാണ് ഫോറിന്‍ പോളിസി പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു വിമാനം പോലും പാകിസ്താന് നഷ്ടപ്പെട്ടിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഭീകരവാദത്തിനെതിരെ പ്രയോഗിക്കുകയെന്ന നിബന്ധനയോടെ പാകിസ്ഥാന് യുഎസ് വിറ്റ വിമാനങ്ങളാണ് എഫ്-16 ഫൈറ്റര്‍ ജെറ്റുകള്‍.

ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അവകാശപ്പെടുന്നതു പ്രകാരം പാകിസ്ഥാന്‍റെ പിടിയിലാകുന്നതിനു മുമ്പ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ഒരു എഫ്-16 വിമാനം വെടിവെച്ച് വീഴ്ത്തിയിട്ടുണ്ട്. ഇതിനു ശേഷമാണ് പാക് മിസ്സൈലേറ്റ് അഭിനന്ദിന്റെ മിഗ് വിമാനം വീണതെന്നാണ് ഇന്ത്യ പറയുന്നത്. താന്‍ എഫ്-16 വിമാനത്തെ ഭേദിച്ചുവെന്ന് അഭിനന്ദന്‍ തെറ്റിദ്ധരിച്ചതാകാമെന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ കരുതുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഫെബ്രുവരി 14ന് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ പാകിസ്ഥാന്‍ ഭീകരസംഘടനയായ ജെയ്‌ഷെ മൊഹമ്മദ് നടത്തിയ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ നടത്തിയ തിരിച്ചടിക്കു പിന്നാലെ പാകിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നുവന്ന് ആക്രമണം നടത്തിയിരുന്നു. അക്രമികളെ തുരത്തുന്നതിനിടയിലാണ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ പാകിസ്ഥാന്‍റെ പിടിയിലായത്. തന്‍റെ വിമാനം തകരുംമുമ്പ് അഭിനന്ദന്‍ ഒരു പാക് എഫ്-16 ജെറ്റ് വെടിവെച്ചിട്ടെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.

സംഭവം നടന്നയുടനെ യുഎസ് പ്രതിരോധ ഉദ്യോഗസ്ഥര്‍ക്ക് എഫ്-16 വിമാനങ്ങളുടെ എണ്ണമെടുക്കാന്‍ സാധിച്ചിരുന്നില്ല. ഈ വിമാനങ്ങളെല്ലാം ആക്രമണസജ്ജമാക്കി നിര്‍ത്തിയിരുന്നതിനാലാണിതെന്നാണ് കരുതേണ്ടത്. സംഘര്‍ഷങ്ങള്‍ ഒടുങ്ങിയതിനു ശേഷമാണ് വിമാനങ്ങളുടെ എണ്ണമെടുക്കാന്‍ യുഎസ്സിന് സാധിച്ചത്. എല്ലാ വിമാനങ്ങളും പാകിസ്ഥാന്‍റെ പക്കലുണ്ടെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കി.

യുഎസ് നിര്‍മിത എഐഎം 120 എയര്‍ ടു എയര്‍ മിസ്സൈലിന്‍റെ ഘടകഭാഗങ്ങള്‍ ഇന്ത്യക്ക് ലഭിച്ചിരുന്നു. ഇതാണ് എഫ് 16 വിമാനങ്ങള്‍ പാകിസ്താന്‍ ഉപയോഗിച്ചുവെന്നതിന് തെളിവായി ഇന്ത്യ ഹാജരാക്കിയത്. ഈ മിസ്സൈലുകള്‍ എഫ് 16 വിമാനങ്ങളില്‍ മാത്രമേ ഘടിപ്പിക്കാനാകൂ. ഭീകരതയെ നേരിടാന്‍ വിറ്റ വിമാനങ്ങള്‍ ഇന്ത്യക്കെതിരെ പ്രയോഗിച്ചത് അമേരിക്ക അന്വേഷിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

error: Content is protected !!