fbpx
Info UAE News അബൂദാബി ദുബായ്

ആശ്ലേഷവും ഭവന സന്ദർശനങ്ങളും ഒഴിവാക്കി നാലാമത്തെ ഈദും കടന്നുപോകുന്നു.

The fourth Eid also passes, avoiding hugs and home visits_DUBAIVARTHA

ഗൾഫിൽ സ്വസ്ഥമായി ആളുകൾ ഒന്നിക്കുന്ന സമയമാണ് ഈദ് ദിവസങ്ങളിലെ പള്ളിമുറ്റവും ഈദ് ഗാഹിന്റെ ചുറ്റുവട്ടവും. സൗഹൃദങ്ങളും ബന്ധുത്വവും പുതുക്കുന്ന ആലിംഗനങ്ങളും ആശ്ലേഷവും കൊണ്ടു നിറയുന്ന ഈദ് പ്രഭാതങ്ങൾ. ഒരു വൈറസ് കാരണം ലോകം മുഴുവൻ അത്തരത്തിൽ ഉള്ള കൂടിച്ചേരലുകൾ ഒഴിവായ ശേഷം ഇത്‌ നാലാമത്തെ ഈദ് ആണ് ഇന്ന് കടന്നുപോകുന്നത്. ഇന്ന് രാവിലെ ഈദ് നമസ്കാരത്തിൽ പങ്കെടുത്തവരുടെ ഉള്ളിൽ ഇതൊക്കെ നീറുന്ന ഓർമ്മകൾ ആയി മാറുന്നു. കഴിഞ്ഞ കാലത്തിന്റെ പ്രൗഢിയെക്കുറിച്ചാലോചിച്ച് ഓർമ്മകൾ അയവിറക്കുന്നു.
ആരോഗ്യ സുരക്ഷ കരുതി ഗൾഫിൽ അതാത് ഗവൺമെന്റുകൾ പുറപ്പെടുവിച്ചിരിക്കുന്ന ഈദ് പ്രോട്ടോകോൾ പ്രകാരം തന്നെയാണ് ഈദ് നമസ്കാരം നടക്കുന്നതും നടക്കാതെ ഇരിക്കുന്നതും. ചില രാജ്യങ്ങളിൽ ഇപ്പോഴും ഈദ് നമസ്കാരത്തിനുള്ള വിലക്ക് മാറിയിട്ടില്ല.
യുഎ ഇ യിൽ തക്ബീറും നമസ്കാരവും തുടർന്നുള്ള ഖുതുബയും ചേർന്ന് 30 മിനിറ്റിൽ ഈദ് നമസ്കാരം പൂർത്തീകരിച്ചതാണ് ഇന്നും കണ്ടത്.
വീടുകളിൽ നിന്ന് അംഗശുദ്ധി വരുത്തിയിട്ട് പള്ളികളിൽ വന്നാൽ മതി എന്ന് പറഞ്ഞിരുന്നു. നിസ്കാരപ്പായ അവരവർ കൊണ്ടുവരാനും. ഇടയില്ലാത്ത രീതിയിൽ നിന്ന് നമസ്കരിക്കാൻ അനുവദിക്കാതെ കൃത്യമായ അകലം പാലിച്ചാണ് ഇന്നും നമസ്കാരം നടന്നത്. ആബാലവൃദ്ധം എന്നു പറഞ്ഞിരുന്നത് മൊത്തം മാറി. കൊച്ചുകുട്ടികൾ പള്ളികളിൽ വന്നുകൂടാ , 60 കഴിഞ്ഞവരും . ഒച്ചയും അനക്കവും ഇല്ലാതെ ഇനി എത്രനാൾ ലോകം സഞ്ചരിക്കണം !

2020 ന്റെ ഈദുൽ ഫിത്തറും ഈദ് അൽ അദ്ഹ യും നമസ്കാരങ്ങൾ അനുവദിക്കാതെയും 2021 ന്റെ രണ്ട് പെരുന്നാളുകളും ഇങ്ങനെ വ്യവസ്ഥകൾക്ക് വിധേയമായും കടന്നുപോകുന്നു. ഖുതുബ കഴിഞ്ഞ് വിശ്വാസികൾ പരസ്പരം ആശ്ലേഷിച്ചുകൊണ്ട് ഈദ് മുബാറക് ചൊല്ലുന്നതും വർഷം മുഴുവനും നന്മയുണ്ടാകട്ടെ എന്ന് ആശംസിക്കുന്നതും ഇപ്പോൾ ഗൃഹാതുരത ആയി മാറിയിരിക്കുന്നു.
ഇലക്ട്രോണിക് മെസ്സേജുകൾ വഴി മാത്രമാണ് ആശംസകൾ ഇപ്പോൾ. ഭവന സന്ദർശനങ്ങൾ വിലക്കപ്പെട്ടിരിക്കുന്നു. ആഹാരം കൊടുക്കൽ വാങ്ങൽ അയല്പക്കങ്ങൾക്കിടയിൽ പോലും വേണ്ടെന്ന് പ്രോട്ടോകോൾ ഉണ്ട്.
രാവിലെ 5.53 മുതൽ യുഎ ഇ യിൽ ഫുജൈറ അടക്കമുള്ള കിഴക്ക് ഭാഗത്തു നമസ്കാരം തുടങ്ങി. പിന്നെ തെക്ക് അബുദാബി എത്തുമ്പോൾ പലയിടങ്ങളിലും 6.07 നായിരുന്നു നമസ്കാരം ആരംഭിച്ചത്.
ത്യാഗമാണല്ലോ ഈദ് അൽ അദ്ഹ യുടെ അടിത്തറ. ആ പിൻബലത്തിൽ നമ്മളും നാളിതുവരെ പിന്തുടർന്ന ചില സമ്പ്രദായങ്ങൾ ത്യജിക്കുക തന്നെയാണ് ഈ 2021 ന്റെ ഈദ് ദിനങ്ങളിലും ചെയ്യുന്നത്.
വാട്സാപ്പ് സന്ദേശങ്ങളിൽ ഒതുക്കി നമുക്ക് ഈ ഈദിനെയും കടത്തിവിടാം. വേണ്ടപ്പെട്ടയാളെ മുന്നിൽ കണ്ടാലും ആശ്ലേഷിക്കാതെ കൈവീശി നമുക്ക് ആശംസ നേരാം , അഭിവാദ്യം ചെയ്യാം. ഈദ് മുബാറക്.

നിസാർ സെയ്ദ്  ,ചീഫ് എഡിറ്റർ , ദുബായ് വാർത്ത

error: Content is protected !!