യുഎഇയില്‍ വിപിഎന്‍ ദുരുപയോഗം ചെയ്താൽ കനത്ത പിഴയെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
യുഎഇയില്‍ നിന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും ബന്ധപ്പെടാന്‍ വിപിഎന്‍ ഉപയോഗിച്ച് വോയിപ് (വോയിസ് ഓവര്‍ ഇന്റര്‍നെറ്റ്) കോളുകള്‍ വിളിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. പിടിക്കപ്പെട്ടാല്‍ നിങ്ങളെ കാത്തിരിക്കുന്നത് 20 ലക്ഷം ദിര്‍ഹം പിഴയാണ്. മാത്രമല്ല വിപിഎന്‍ അഥവാ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് ഉപയോഗിച്ചത് ഏത് ആവശ്യത്തിനാണ് എന്നതിന്റെ അടിസ്ഥാനത്തില്‍ ചിലപ്പോള്‍ ജയില്‍ ശിക്ഷയും ലഭിച്ചെന്നു വരും.
ഉദാഹരണമായി വിപിഎന്‍ ഉപയോഗിച്ച് ഐപി അഡ്രസ് മറച്ചുവച്ച് യുഎഇ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്ത എന്തെങ്കിലും കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍, ഓഡിയോ, വീഡിയോ ചാനലുകള്‍ തുടങ്ങിയവ ഉപയോഗിച്ചാല്‍ പിഴയ്ക്കൊപ്പം ജയിലിലും കിടക്കേണ്ടിവരും. യുഎഇയിലെ സൈബര്‍ നിയമപ്രകാരം 10 ലക്ഷം ദിര്‍ഹം വരെ പിഴയും ഒരു വര്‍ഷം തടവും അല്ലെങ്കിലും രണ്ടും ഒന്നിച്ചും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഈ രീതിയില്‍ വിപിഎന്‍ ഉപയോഗിച്ച് എന്തെങ്കിലും കുറ്റകൃത്യം ചെയ്യുകയോ അല്ലെങ്കില്‍ കുറ്റകൃത്യം മറച്ചുവയ്ക്കുകയോ ചെയ്താല്‍ 20 ലക്ഷം വരെ പിഴയും തടവുമാണ് ശിക്ഷ. വിദേശിയാണെങ്കില്‍ കോടതി ചിലപ്പോള്‍ നാടുകടത്താനും വിധിച്ചേക്കാം.