fbpx
Info UAE News ദുബായ്

ദുബായിൽ ഗർഭിണിയായ പൂച്ചയുടെ ജീവൻ രക്ഷിച്ചവർക്ക് 50,000 ദിർഹം വീതം സമ്മാനം നൽകി ഷെയ്ഖ് മുഹമ്മദ്

Sheikh Mohammed donates 50,000 dirhams to those who saved the life of a pregnant cat in Dubai

ദുബായിൽ ഗർഭിണിയായ ഒരു പൂച്ചയുടെ ജീവൻ രക്ഷിച്ച്‌ വൈറലായ നാല് ദുബായ് നിവാസികൾക്ക് ദുബായ് ഭരണാധികാരിയുടെ ക്യാഷ് പ്രൈസുകൾ ലഭിച്ചു.

പൂച്ചയുടെ ജീവൻ രക്ഷിക്കാൻ ഉണ്ടായ ഈ നാല് പേരുടെയും ദയാപരമായ പ്രവൃത്തിയെ മാനിച്ചാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമ്മാനമായി 50,000 ദിർഹം വീതം നൽകിയത്.

പൂച്ചയുടെ ജീവൻ രക്ഷിച്ചതറിഞ്ഞ് ഇവരെ കുറിച്ച് ഏറെ അഭിമാനവും സന്തോഷവും തോന്നുന്നതായും ഇവരെ തിരിച്ചറിഞ്ഞാൽ തന്റെ നന്ദിയറിയിക്കണമെന്നും ഷെയ്ഖ് മുഹമ്മദ് നേരത്തെ ട്വിറ്ററിൽ കുറിച്ചിരുന്നു. ദെയ്‌റ ഫ്രിജ് മുറാജിൽ രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീഴുന്ന പൂച്ചയെ ഒരു സംഘം രക്ഷിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഷെയ്ഖ് മുഹമ്മദ് തന്റെ നന്ദി അറിയിച്ചത്.

ദെയ്റ ഫ്രിജ് മുറാജിലെ ഒരു കടയ്ക്ക് മുൻപിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ബാൽക്കണിയിലാണ് ഗർഭിണിയായ പൂച്ച കുടുങ്ങിയത്. ബാൽക്കണിയിൽ കുടുങ്ങിപോയ പൂച്ച വീഴുമെന്നായപ്പോൾ രക്ഷിക്കാൻ മറ്റു മാർഗമില്ലാതെ വന്നപ്പോൾ ഒരു സംഘം വേഗത്തിൽ ഒരു സുരക്ഷാ വലയായി ഒരു ബെഡ്ഷീറ്റ് വിരിച്ച് പൂച്ചയെ ബെഡ്ഷീറ്റിലേക്ക് വീഴ്ത്തി രക്ഷിക്കുകയായിരുന്നു.

വാച്ച്മാൻ ആയി ജോലി ചെയ്യുന്ന മൊറോക്കൻ സ്വദേശി അഷ്റഫ്, സെയിൽസ്മാൻ ആയി ജോലി ചെയ്യുന്ന പാകിസ്ഥാനി സ്വദേശി ആതിഫ് മെഹ്മൂദ്, ദുബായ് ആർടിഎയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഇന്ത്യൻ സ്വദേശി നാസർ എന്നിവരാണ് പൂച്ചയെ രക്ഷിച്ചത്. പ്രദേശത്ത് പലചരക്കുകട നടത്തുന്ന മുഹമ്മദ് റാഷിദ് എന്ന വടകര സ്വദേശിയാണ് വീഡിയോ പകർത്തിയത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതിന് ശേഷം ഷെയ്ഖ് മുഹമ്മദ് അത് പങ്കുവെക്കുകയായിരുന്നു.

error: Content is protected !!