fbpx
അബൂദാബി

ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് യു.എ.ഇയിലെ പ്രവാസി സമൂഹം നൽകുന്ന പൗര സ്വീകരണം ഏപ്രിൽ 19-ന്

അബുദാബി: ഇന്ത്യയുടെ ഗ്രാന്റ് മുഫ്തിയായി തെരഞ്ഞെടുക്കപ്പെട്ട സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് യു എ ഇയിലെ പ്രവാസി സമൂഹം നൽകുന്ന പൗര സ്വീകരണം ഏപ്രിൽ 19ന് അബുദാബി സിറ്റി ഗോൾഫ് ക്ലബ് മൈതാനിയിൽ നടക്കും. സ്വീകരണ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗ്രാന്റ് മുഫ്തിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി യു എ ഇയിൽ എത്തുന്ന അദ്ദേഹത്തിനു എമിറേറ്റ്‌സിൽ നൽകുന്ന ഏറ്റവും വലിയ സ്വീകരണ പരിപാടിയായിരിക്കും ഇത്. കാന്തപുരത്തിന്റെ വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവർത്തനങ്ങളുടെ പ്രധാന തട്ടകമായി വർത്തിച്ച പ്രദേശം എന്ന നിലയിലാണ് യുഎഇയിൽ പൗരസ്വീകരണം ഒരുക്കുന്നത്. പൊതുസമ്മേളനത്തിൽ ആയിരങ്ങൾ പങ്കെടുക്കും.

ഇന്ത്യയിൽ പതിറ്റാണ്ടുകളായി കാന്തപുരത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന മത, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തങ്ങളുടെ വലിപ്പവും ആഴവും അടുത്തറിഞ്ഞ രാജ്യത്തെ പ്രധാനപ്പെട്ട സുന്നീ സംഘടന നേതാക്കളാണ് ഗ്രാൻഡ് മുഫ്തിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ഉത്തരേന്ത്യയിൽ സുന്നി നവജാഗരണത്തിനു നേതൃത്വം നൽകിയ അല്ലാമാ അഖ്തർ റസാഖാൻ അസ്ഹരി വിടപറഞ്ഞ ഒഴിവിലേക്കാണ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ എന്ന വിഖ്യാത പണ്ഡിതൻ തിരഞ്ഞെടുക്കപ്പെടുന്നത്. ഉത്തരേന്ത്യൻ മുസ്‌ലിംകളുടെ സർവതോന്മുഖമായ ഉന്നമനത്തിനു പ്രയത്നിച്ച കാന്തപുരത്തിന് ലഭിച്ച അംഗീകാരം തെളിയിക്കുന്നതായിരുന്നു ഈ പദവി. 2019 ഫെബ്രുവരി 24ന് ഡൽഹി രാംലീല മൈതാനിയിൽ നടന്ന ഗരീബ് നവാസ് പീസ് കോൺഫറൻസിൽ വെച്ചാണ് കാന്തപുരത്തെ ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയായി പ്രഖ്യാപിച്ചത്.

അബുദാബി എമിഗ്രേഷന് സമീപത്തെ സിറ്റി ഗോൾഫ് ക്ലബ്ബിൽ നടക്കുന്ന പരിപാടിയിൽ യു എ ഇ ഭരണരംഗത്തെ പ്രമുഖർ, വാണിജ്യ സാംസ്‌കാരിക വ്യക്തിത്വങ്ങൾ പൗര പ്രമുഖർ, നേതാക്കൾ സംബന്ധിക്കും. പരിപാടി വിജയിപ്പിക്കുന്നതിനു വിപുലമായ സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഐ സി എഫ് നാഷനൽ കമ്മിറ്റിക്ക് കീഴിൽ ആർ എസ് സി, കെ സി എഫ്, മർകസ്, വിവിധ സ്ഥാപന കമ്മിറ്റികൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.

വിവിധ എമിറേറ്റുകളിൽ പ്രാദേശിക സ്വാഗതസംഘവും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു. പരിപാടിയിൽ പങ്കെടുക്കുന്നതിന് ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ, ഫുജൈറ, അൽ ഐൻ, ഈസ്റ്റ് കോസ്റ്റ്, ഉമ്മുൽ ഖുവൈൻ, മുസഫ്ഫ, ബനിയാസ്, അബുദാബിയുടെ പടിഞ്ഞാറൻ മേഖല തുടങ്ങി യുഎഇയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും ഗോൾഫ് വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഡോ. മുഹമ്മദ് ഖാസിം (ചെയർമാൻ), അബ്ദുറഹ്മാൻ അബ്ദുല്ല ഹാജി (വൈസ് ചെയർമാൻ), ശരീഫ് കാരശ്ശേരി (സെക്രട്ടറി ഐസിഎഫ് യുഎഇ), ഉസ്മാൻ സഖാഫി തിരുവത്ര (കൺവീനർ) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

error: Content is protected !!