fbpx
Info UAE News ദുബായ്

ഇന്ത്യാ-യുഎഇ ബന്ധം ഏറ്റവും മികച്ചത്, ”എല്ലാം തന്നത് ഈ മരുഭൂമി” : പി.വി അബ്ദുല്‍ വഹാബ് എംപി

India-UAE relations at its best, '' This desert gave it all '': PV Abdul Wahab MP

ദുബായ്: ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ഏറ്റവും മികച്ചതും ഇന്ത്യക്കാരും ഇമാറാത്തികളും സഹോദരങ്ങളായി നിലനില്‍ക്കുന്ന സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ബന്ധം ഏറ്റവും ഈടുറ്റതും ഭാവിയില്‍ കൂടുതല്‍ ശക്തമാകുന്നതുമാണെന്ന് രാജ്യസഭാംഗം പി.വി അബ്ദുല്‍ വഹാബ് പറഞ്ഞു. യുഎഇയിലെ മലയാളി ബിസിനസ്-നെറ്റ് വർക്കായ ഇന്റര്‍നാഷണല്‍ പ്രമോട്ടേഴ്‌സ് അസോസിയേഷന്‍ (ഐപിഎ) ദുബായ് ഗ്രാന്റ് ഹയാത്തില്‍ സംഘടിപ്പിച്ച ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1974ല്‍ എല്ലാവരെയും പോലെ സാധാരണ ഒരു പ്രവാസിയായാണ് ഒരു കപ്പലില്‍ താനീ മണലാരണ്യത്തില്‍ എത്തിയതെന്ന് അബ്ദുല്‍ വഹാബ് പറഞ്ഞു. ഒന്നും കൈവശമുണ്ടായിരുന്നില്ല. എല്ലാം തന്നത് ഈ മരുഭൂമിയാണ്. കഠിനാധ്വാനികളായ മനുഷ്യരുടെ വിയര്‍പ്പാണ് ലോകത്തിലെ തന്നെ ഏറ്റവും വികസിച്ചു വന്ന ഈ രാജ്യത്തിന്റെ ഇന്നത്തെ ഉയര്‍ച്ചയുടെ ഫലം. കച്ചവട രംഗത്ത് മലയാളികള്‍ ഇന്നത്തെയത്ര അന്നുണ്ടായിരുന്നില്ല. സദസ്സില്‍ മുന്‍നിരയിലുണ്ടായിരുന്ന ഡോ. രാം ബുക്‌സാനിയെ അഭിവാദ്യം ചെയ്ത അബ്ദുല്‍ വഹാബ്, അദ്ദേഹത്തെ അന്നേ തനിക്കറിയാമായിരുന്നുവെന്നും ഇന്നും ആ ബന്ധം ഊഷ്മളമായി തുടരുന്നുവെന്നും സിന്ധി സമൂഹമായിരുന്നു വ്യാപാര രംഗത്ത് ധാരാളമായി ഉണ്ടായിരുന്നതെന്നും ആ കാലം ഓര്‍ത്തെടുത്ത് വഹാബ് പറഞ്ഞു. 1992ല്‍ കേന്ദ്ര ധനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിംഗ് കൊണ്ടുവന്ന പുത്തന്‍ സാമ്പത്തിക നയങ്ങളുടെ ഭാഗമായി പെട്രോളിയം ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്ത് വില്‍പന നടത്താന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയത് തന്റെ ജീവിതത്തില്‍ നിര്‍ണായക ഘട്ടത്തെ അടയാളപ്പെടുത്തിയെന്ന് അദ്ദേഹം വെളിപ്പെടുത്തി. 2002ല്‍ വന്ന വാജ്‌പോയി ഗവണ്‍മെന്റ് ആ നയത്തില്‍ മാറ്റം വരുത്തി. ഈ രണ്ടു വര്‍ഷങ്ങളും തന്നെയും തന്റെ സംരംഭങ്ങളെയും സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ പ്രവാസ നാടാണ് എനിക്ക് വ്യവസായ രംഗത്തും ഇതര മേഖലകളിലും പ്രവേശിക്കാനും വിജയിക്കാനും വഴിയൊരുക്കിത്തന്നത്. എന്നെ രൂപപ്പെടുത്തിയ ഈ മണ്ണ് എന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകമാണ് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐപിഎ ചെയര്‍മാന്‍ വി.കെ ഷംസുദ്ദീന്‍ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പേസ് ഗ്രൂപ് ചെയര്‍മാന്‍ ഡോ. പി.എ ഇബ്രാഹിം ഹാജി, ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ് ചെയര്‍മാന്‍ തൗഹീദ് അബ്ദുല്ല, റീജന്‍സി ഗ്രൂപ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, മുന്‍ കേന്ദ്ര മന്ത്രി സി.എം ഇബ്രാഹിം, ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കമ്യൂണിറ്റി അഫയേഴ്‌സ്-വിസാ വിഭാഗം കോണ്‍സുല്‍ ഉത്തം ചന്ദ്, ആശാ ശരത്, ജമാദ് ഉസ്മാൻ, ഡോ. കെ. പി ഹുസൈൻ, റാം ബുക്‌സാനി, അമീന മുഹമ്മദലി, ഹസീന നിഷാദ്, ഐപിഎ സ്ഥാപകന്‍ എ.കെ ഫൈസല്‍, മുന്‍ ചെയര്‍മാന്‍ ഷംസുദ്ദീന്‍ നെല്ലറ തുടങ്ങിയ പ്രമുഖര്‍ സംസാരിച്ചു.

വർണിത് പ്രകാശ് എന്ന ലിംക ബുക്ക് ഓഫ് റെക്കോർഡ്സ് ഉടമയായ ബാലന്റെ സംഗീതപ്രകടനവും ഉണ്ടായിരുന്നു. യു എ ഇ രൂപീകരണത്തിന്റെ അമ്പതാം വാർഷികദിനം പ്രമാണിച്ച് ഐപിഎയും ഏഷ്യാവിഷനും ബ്രാൻഡ് ബേയും പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന ഇൻഫ്ലുവെൻഷ്യൽ ഇന്ത്യൻസിന്റെ അനുഭവകുറിപ്പുകളുടെ സമാഹാരം UAE @ GOLDEN 50 എന്ന പുസ്തകത്തിന്റെ ബ്രോഷർ പ്രകാശനവും ചടങ്ങിൽ ഉണ്ടായിരുന്നു. അനുപമ ടീച്ചറുടെ നേതൃത്വത്തിൽ നൃത്താവിഷ്‌കാരവും ഗഫൂർ ഷാസിന്റെ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറി.

 

error: Content is protected !!