fbpx
അബൂദാബി

ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ വരവേറ്റ് ഇമാറാത്ത്

അബുദാബി:  ഇമാറാത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്ന്  പാരാവാരം കണക്കെ ഒഴുകിയെത്തിയ സ്വദേശികളും വിദേശികളുമായ ആയിരങ്ങളുടെ സ്നേഹോഷ്മള ആദരവ് ഏറ്റുവാങ്ങി ഇന്ത്യൻ ഗ്രാന്റ് മുഫ്തി. ഗ്രാൻഡ് മുഫ്തിയായി നിയോഗിക്കപ്പെട്ടതിനുശേഷം ആദ്യമായി യുഎഇയിൽ എത്തിയ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം മുതലേ പ്രചോദനമായി വർത്തിച്ച യു എ ഇയുടെ തലസ്ഥാന നഗരി പുതിയൊരു ചരിത്രം തീർത്താണ് ആദരം നൽകിയത്.
അറബ്-പ്രവാസ ലോകത്തിൻ്റെ പ്രൗഢമായ ആദരിക്കൽ ചടങ്ങിനു നഗരഹൃദയത്തിലുള്ള സിറ്റി ഗോൾഫ് ക്ലബ്ബിൻ്റെ വിശാലമായ മൈതാനിയായിരുന്നു വേദിയായത്. വൈകുന്നേരത്തോടെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്നേഹജനങ്ങളുടെ സാന്നിധ്യം കൊണ്ട് നഗരി വീർപ്പുമുട്ടി. പരിപാടി ആരംഭിച്ചതോടെ പലർക്കും വേദിയിലേക്ക് എത്താനാകനാവാത്ത തരത്തിൽ നഗരിയും പരിസരവും ജനനിബിഡമായി. അറബ് ലോകത്തിന് ഏറെ പ്രിയപ്പെട്ട പണ്ഡിതനെ സ്വീകരിക്കാൻ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി സ്വദേശി പ്രമുഖരും എത്തിയിരുന്നു.  കാന്തപുരം ഉസ്താദിനുള്ള സ്നേഹാദരം മുൻ ഫെഡറൽ നാഷണൽ  കൗൺസിൽ വൈസ് പ്രസിഡണ്ട് ശൈഖ് സാലിം മുഹമ്മദ് റെക്കാഡ് അൽ ആമിരി നിരവധി പ്രമുഖരുടെ സാന്നിധ്യത്തിൽ സമ്മാനിച്ചു. കേരള ഹജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി.
അബുദാബി സാമ്പത്തിക വിഭാഗം ഡയറക്ടർ ഡോക്ടർ അലി അൽ ഹുസ്‌നി, അഡ്‌നോക് ഡിസ്ട്രിബൂഷൻ സി ആർ ഒ  നാസർ അൽ ഹമ്മാദി, അൽ ഉതൈബ ഹോൾഡിഗ് ചെയർമാൻ ഉതൈബ അൽ ഉതൈബ സഈദ് അൽ ഉതൈബ, മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്‌സ് ഇവന്റ് കോൺഫ്രൻസ് മാനേജർ റാഷിദ് ഹസ്സൻ അൽ നുഐമി, ദുബൈ മതകാര്യ വിഭാഗം മുൻ ഡയറക്ടർ ഡോക്ടർ സൈഫ് അൽ ജാബിരി, യു എ ഇ യിലെ പ്രമുഖ എഴുത്തുകാരനും കവിയുമായ അഹമ്മദ് ഇബ്രാഹിം അൽ ഹമ്മാദി, പ്രമുഖ വ്യവസായകളായ മുഹമ്മദ് റാഷിദ് അൽ ളാഹിരി, ഖമീസ് റാഷിദ് ഉബൈദ് അൽ മഹമരി, കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി, സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്ദുൽ ഹകീം അസ്ഹരി, മർകസ് സി ഇ ഒ ഡോ. അബ്ദുസ്സലാം, അബുദാബി സെന്റ് പോൾസ് കത്തോലിക്ക ചർച്ച വികാരി ഫാദർ ആനി സേവിയർ,  ഐ സി എഫ് നാഷണൽ പ്രസിഡന്റ് മുസ്തഫ ദാരിമി കടാങ്കോട് പ്രസംഗിച്ചു. ചടങ്ങിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ അബുദാബിയിലെ വിവിധ സംഘടനകൾ അനുമോദിച്ചു. അബുദാബി ഇന്ത്യൻ സോഷ്യൽ സെന്ററിന് വേണ്ടി പ്രസിഡണ്ട് രമേശ് വി പണിക്കറും, ഇസ്ലാമിക് സെന്ററിന് വേണ്ടി പ്രസിഡണ്ട് ബാവ ഹാജിയും, അബുദാബി കേരള സോഷ്യൽ സെന്ററിന് വേണ്ടി പ്രസിഡണ്ട് ബീരാൻ കുട്ടിയും, മലയാളി സമാജത്തിന് വേണ്ടി പ്രസിഡണ്ട് ടി എ നാസറും, ഇൻകാസ് അബുദാബിക്ക് വേണ്ടി ജനറൽ സെക്രട്ടറി സലീം ചിറക്കലും, മർകസ് അലൂംനിക്ക് വേണ്ടി  യു എ ഇ പ്രസിഡണ്ട് അബ്ദുൽ സലാം കോളിക്കൽ, ആർ എസ് സി ജി സി സി കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് അബൂബക്കർ അസ്ഹരി എന്നിവർ അനുമോദിച്ചു. സ്വാഗതസംഘം ചെയർമാൻ ഡോ. മുഹമ്മദ് ഖാസിം സ്വാഗതവും ഐ സി എഫ് നാഷണൽ സെക്രട്ടറി ശരീഫ് കാരശ്ശേരി നന്ദിയും പറഞ്ഞു.
error: Content is protected !!