fbpx
Info ഇന്ത്യ കേരളം

മലയാള സിനിമയിലെ “കള്ളൻ പവിത്രൻ” കളമൊഴിയുമ്പോൾ…

When "Kallan Pavithran" in Malayalam cinema leaves the field ...

സമുദ്രനിരപ്പിന് താഴെയുള്ള കുട്ടനാട്ടിൽ ജനിച്ച് പാരലൽ കോളജ് അധ്യാപകനായി ജീവിതം ആരംഭിച്ച കേശവൻ വേണുഗോപാൽ എന്ന സാധാരണക്കാരൻ മലയാളസിനിമയിൽ ഇനി കീഴടക്കാൻ ആകാശമില്ലാത്തവിധം വളർന്നു കയറിയാണ് മാഞ്ഞുപോയത്.

താരഭാരമില്ലാതെ ഉയർന്നു പറന്ന മഹാനാടനാണ് നെടുമുടി വേണു. ഒരു അഭിനേതാവ് എന്നനിലയിൽ ഇനി കീഴടക്കാൻ അദ്ദേഹത്തിന് ആകാശമുണ്ടായിരുന്നില്ല എന്നു പറഞ്ഞാൽ അത് അതിശയോക്തി അല്ല. അങ്ങനെ പറക്കുമ്പോഴും സിനിമയുടെ വർണ്ണമേഘങ്ങളിൽ പുതഞ്ഞുപോകാതെ മനുഷ്യനെന്നനിലയിൽ താണുപറന്ന കലാകാരൻ. സിനിമയിൽ എത്തുംമുമ്പ് നേടിയ അറിവും അനുഭവങ്ങളുമാണ് അതിനു ഹേതുവായത്.

കുട്ടനാടിന്റെ പശിയും പശിമയും അറിഞ്ഞുവളർന്ന, പാരലൽകോളേജിൽ ജീവിതം ആരംഭിച്ച ഒരു സാധാരണക്കാരൻ , സിനിമയിൽ കാതങ്ങൾ താണ്ടിയപ്പോഴൊന്നും പിന്നിട്ട വഴികൾ മറന്നില്ല. അതെ, മണ്ണിൽ ചവിട്ടിനിന്നായിരുന്നു ആ ജീവിതം.

കയ്യാളാൻ ലഭിച്ച കഥാപാത്രങ്ങളിലേറെയും പച്ചയായ ജീവിതത്തോട് ചേരുന്നതായിരുന്നു എന്നത് അതിന് അനുഗുണമായി. അതിനാൽ സ്വ ജീവിതവും ചലച്ചിത്രജീവിതവും ഏറെക്കുറെ ഒത്തുപോയി. അത് ഏറെ അപൂർവ്വം !
മറുപുറത്ത് – കുശുമ്പ്, കുന്നായ്മ, താന്തോന്നിത്തം , വഷളത്തം , അധമത്വം, ചതി എന്നിവ മുന്നിട്ടു നിൽക്കുന്ന ‘ഗ്രേ ഷെയ്ഡ് ‘ കഥാപാത്രങ്ങളെയും അസൂയാവഹമായ കയ്യടക്കത്തോടെ പകർന്നാടി.

ദുഷ്ടത , ചെറു ദംഷ്ട്രങ്ങൾ നീട്ടുന്ന ഈ കഥാപാത്രങ്ങളെയെല്ലാം നെടുമുടി വേണു തന്റെ അപാരമായ നടനസിദ്ധികൊണ്ട്. പവിത്രീകരിച്ചത് ഈ നടനെ പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടപ്പെടാൻ ഇടയാക്കി. ആ നിലക്ക് മലയാളസിനിമയിലെ ഒരേ ഒരു “കള്ളൻ പവിത്ര “ നാണ് നെടുമുടി വേണു.

കലാസിനിമകളുടെ ഉപാസകനായ അരവിന്ദന്റെ ‘തമ്പി ‘ലൂടെ (1978 ) യാണ് അരങ്ങേറ്റം. അതിനുമുമ്പ് കാവാലം നാരായണപ്പണിക്കരുടെ നാടകക്കളരിയിൽ അംഗമായിരുന്നു. അഭിനയകല മാറ്റുരക്കുന്നത് അവിടുന്നാണ്. കൊമേഴ്‌സ്യൽ സിനിമയുടെയും ആർട്ട് സിനിമയുടെയും അതിരുകൾ മായിച്ചുകൊണ്ട് പുതിയ സമീപനം പരീക്ഷിച്ചുവിജയിച്ച സംവിധായകരായ കെ. ജി. ജോർജ് , ഭരതൻ , പദ്മരാജൻ , മോഹൻ തുടങ്ങിയവരുടെ ചിത്രങ്ങളിൽ ഭാഗമാകാൻ കഴിഞ്ഞതോടെ നെടുമുടി വേണുവിന് തന്റെ സിദ്ധി ഊതിക്കാച്ചിയെടുക്കാനും കൂടുതൽ മികവുകാട്ടാനുമായി.
ആരവം , പഞ്ചവടിപ്പാലം, പാളങ്ങൾ , തകര , കള്ളൻ പവിത്രൻ , ഒരിടത്തൊരു ഫയൽവാൻ , യവനിക , ചാമരം , ആലോലം, കാറ്റത്തെ കിളിക്കൂട്, തേനും വയമ്പും, വിടപറയുംമുമ്പേ തുടങ്ങിയ കാമ്പുള്ള ചിത്രങ്ങളിലൂടെ മുൻനിര അഭിനേതാക്കളിൽ സ്വന്തം സ്ഥാനമുറപ്പിച്ചു ജൈത്രയാത്ര തുടങ്ങി.

പ്രേംനസിർ തലമുറയിൽനിന്നുതുടങ്ങിയ ആ യാത്ര സോമൻ , ജയൻ തലമുറയെയും മമ്മൂട്ടീ മോഹൻലാൽ തലമുറകളെയും കടന്ന് ഫഹദു ഫാസിലിലും എത്തി നിത്യ ശോഭയോടെ പരിലസിച്ചു. ഒരു കാലത്തിനും പിന്തള്ളാനാവാതെ, പിടിച്ചുകെട്ടാനാവാതെയുള്ള ഒരശ്വമേധം !

ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, പാഥേയം, ചമ്പക്കുളം തച്ചൻ, ദേവാസുരം പോലുള്ള ജീവിതഗന്ധിയായ സിനിമകളിലും ചിത്രം , തേൻമാവിൻ കൊമ്പത്തു തുടങ്ങിയ ‘ഫാന്റസി ‘ സിനിമകളിലും ഒരേ പോലെ തിളങ്ങിയ ഈ അതുല്യ പ്രതിഭ താണനിലവാരത്തിലുള്ള ചില ചിത്രങ്ങളിലും തന്റെ തൊഴിൽ എന്ന നിലയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അപ്പോഴും പാടെ ജീവിതത്തിനു പുറംതിരിഞ്ഞു നിൽക്കുന്ന മിമിക്രി സിനിമകളിലും അസംബന്ധ ‘ഡയലോഗ് ‘ സിനിമകളിലും അദ്ദേഹം വന്നുനിന്നില്ല.

43 വർഷം നീണ്ട അഭിനയ ജീവിതത്തിൽ മികച്ചസഹ നടനുള്ള ദേശീയ അവാർഡ് (1991 ഹിസ് ഹൈനസ് അബ്ദുള്ള ) ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ തേടിയെത്തി. 1981, 87, 2003 വർഷങ്ങളിൽ മികച്ചനടനുള്ള സംസ്ഥാന അവാർഡും നേടി. ‘ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം ‘ എന്ന ചിത്രത്തിലെ അഭിനയത്തിന് കിട്ടുമെന്ന് കരുതിയ ഭരത് അവാർഡ് ആ വർഷം കമലഹാസനുമായുള്ള മത്സരത്തിൽ (നായകൻ ) തലനാരിഴക്കാണ് നഷ്ടമായത്.

എന്നാൽ ഒരു തികഞ്ഞ നടൻ എന്ന കീർത്തിയോടെ എല്ലാ അക്കാദമി അവർഡുകൾക്കുമപ്പുറം നീണ്ട കാലം നെടുമുടി വേണു ജ്വലിച്ചുനിന്നു. ആ നക്ഷത്രമാണ് പൊലിഞ്ഞത്. അഭിനയ കലയുടെ ശുക്രനക്ഷത്രം.

എൻ. എം. നവാസ്
ദുബായ് വാർത്ത.

error: Content is protected !!