fbpx
Info UAE News കായികം ദുബായ്

ട്വന്റി 20 ലോകകപ്പ് : നിർണായക പോരാട്ടത്തിൽ ഇന്ത്യ സ്‌കോട്ട്‌ലന്‍ഡിനെതിരെ ഇന്ന് ദുബായിൽ

Twenty20 World Cup: India will take on Scotland in Dubai today

ട്വന്റി 20 ലോകകപ്പില്‍ സ്‌കോട്ട്ലന്‍ഡിനെതിരെ ഇന്ത്യക്കിന്ന് അതിജീവനത്തിനായുള്ള പോരാട്ടം. അഫ്ഗാനിസ്താനെ തകര്‍ത്ത് രണ്ട് ദിവസത്തിന് ശേഷം കളത്തിലിറങ്ങുന്ന ഇന്ത്യ മികച്ച റണ്‍ നിരക്കിലുള്ള ജയമാണ് ലക്ഷ്യമിടുന്നത്. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ യു എ ഇ സമയം രാത്രി 6 നാണ് മത്സരം. ഇന്ത്യയെ സംബന്ധിച്ച് മത്സരഫലം സെമി പ്രവേശനത്തിന് നിര്‍ണായകമാണ്.

സ്വന്തം ജയം കൊണ്ട് മാത്രം ടൂര്‍ണമെന്റില്‍ മുന്നേറാന്‍ ഇന്ത്യയ്ക്ക് കഴിയില്ല. മറിച്ച് ഗ്രൂപ്പിലെ മറ്റു ടീമുകളുടെ ജയപരാജയങ്ങള്‍ അടിസ്ഥാനമാക്കിയാകും ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ഭാവി.

പാകിസ്താനോടും ന്യൂസിലന്‍ഡിനുമെതിരെ പരാജയപ്പെട്ട ഇന്ത്യക്ക് സെമിഫൈനല്‍ സാധ്യതകളുടെ നേരിയ പ്രതീക്ഷകളാണുള്ളത്. നാല് തുടര്‍ച്ചയായ വിജയങ്ങളുമായി പാകിസ്താന്‍ ഇതിനകം തന്നെ സെമിഫൈനലിലെത്തിയിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് കീവിസും അഫ്ഗാനും നിലകൊള്ളുന്നുണ്ട്.

നമീബിയക്കെതിരെയോ അഫ്ഗാനിനെതിരെയോ ന്യൂസിലന്‍ഡ് പരാജയപ്പെട്ടാല്‍ മാത്രമേ ഇന്ത്യക്ക് ഇനി മുന്നേറാനാകൂ. മറ്റ് ടീമുകളുടെ മത്സരഫലത്തെ സ്വാധീനിക്കാന്‍ കഴിയില്ലെങ്കിലും ഇന്ന് സ്‌കോട്ട്ലന്‍ഡിനെതിരെ വന്‍ മാര്‍ജിനിലുള്ള വിജയം ആണ് കോഹ്ലിയും സംഘവും ലക്ഷ്യമിടുന്നത്. അഫ്ഗാനിസ്ഥാന്‍ ബൗളിങ് നിരക്കെതിരെ ഇന്ത്യ ബാറ്റിങ് നിര മികച്ച പ്രകടനം പുറത്തെടുത്തത് ആരാധകരില്‍ പ്രതീക്ഷ ഉണര്‍ത്തുന്നതാണ്. രോഹിത് ശര്‍മ്മയും ഫോമിലേക്ക് ഉയര്‍ന്നതും അശ്വിന്റെ തിരിച്ച് വരവും ഇന്ത്യക്ക് ആത്മവിശ്വസം നല്‍കുന്നുണ്ട്.

ആദ്യത്തെ രണ്ട് മത്സരങ്ങളിലും തകര്‍ന്നടിഞ്ഞ ഇന്ത്യ, അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഉഗ്രന്‍ തിരിച്ചുവരവാണ് നടത്തിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ തിളങ്ങിയ താരങ്ങള്‍ മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും പിന്നോട്ട് പോകുന്നത് കാണാന്‍ കഴിഞ്ഞില്ല. കളിക്കാരുടെ ശരീരഭാഷയില്‍ ആത്മവിശ്വാസം പ്രകടമായിരുന്നു. സ്കോട്‍ലൻഡിനെതിരെയും ഇതു നിലനിര്‍ത്താന്‍ തന്നെയായിരിക്കും ഇന്ത്യയുടെ ശ്രമം. നിര്‍ണായക ഘട്ടത്തില്‍ ടീം ഒന്നാകെ മികവിലേക്ക് ഉയര്‍ന്നത് ഇന്ത്യന്‍ ആരാധകര്‍ക്കും മാനേജ്മെന്റിനും ആശ്വാസമായിട്ടുണ്ട്.

error: Content is protected !!