fbpx
Info UAE News അബൂദാബി കേരളം

മോർച്ചറിയിലെ മൃതദേഹം തിരിച്ചറിഞ്ഞു : സോഷ്യൽ മീഡിയയ്ക്ക് നന്ദി പറഞ്ഞ് അഷറഫ് താമരശ്ശേരി

Body identified in mortuary: Ashraf Thamarassery thanks social media

മാസങ്ങളായി ഷാര്‍ജ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താൻ പ്രമുഖ സാമൂഹിക പ്രവർത്തകൻ അഷറഫ് താമരശ്ശേരി സോഷ്യൽ മീഡിയയിലൂടെ നടത്തിയ ശ്രമത്തിന്‌ ഫലം കണ്ടു.

ABDUL SATHAR THUNDI KANDIYIL POCKER എന്ന പേര് മാത്രമേ ആകെ രേഖയായി ഉള്ളൂവെന്നും മൃതദേഹം ഷാർജ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും പേര് കണ്ടിട്ട് മലയാളിയാണെന്ന് സംശയിക്കുന്നതായും കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾ സഹകരിക്കണമെന്നുള്ള ഇന്നലെ പോസ്റ്റ് ചെയ്ത അഷറഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന് പുറകെയാണ് മൃതദേഹം തിരിച്ചറിഞ്ഞു കൊണ്ടുള്ള വിവരം അദ്ദേഹത്തെ തേടിയെത്തിയത്.

പോസ്റ്റ് കണ്ടയുടൻ കോഴിക്കോട് മംഗലാട് സ്വദേശിയാണ് അബ്ദുൽ സത്താർ എന്ന് തിരിച്ചറിഞ്ഞ ആളുകള്‍ യുഎഇയില്‍ തന്നെയുള്ള അകന്ന ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് മരണപ്പെട്ട അബ്ദുൽ സത്താറിന് ഭാര്യയും 10 വയസായ ഒരു മകനുമുണ്ടെന്ന് കണ്ടെത്തി. അബൂദാബിയിലെ ഒരു കഫ്തീരിയയില്‍ ജോലി ചെയ്ത് വന്നിരുന്ന അബ്ദുൽ സത്താറിന്റെ വിസ 2 വര്‍ഷം മുന്‍പ് ക്യാന്‍സല്‍ ചെയ്തിരുന്നു. പിന്നീട് എവിടെയാണ് ജോലി ചെയ്തിരുന്നത് എന്നതിനെക്കുറിച്ച് കുറിച്ച് വിവരമില്ലായിരുന്നു. ഷാര്‍ജയില്‍ കണ്ടിരുന്നതായി ചില സുഹൃത്തുക്കള്‍ പറയുന്നുണ്ട്. ഇദ്ദേഹം നാട്ടില്‍ വന്നു പോയിട്ട് അഞ്ച് വര്‍ഷത്തോളമായതായാണ് ബന്ധുക്കള്‍ പറയുന്നത്.

കഴിഞ്ഞ ആഗസ്റ്റിലാണ് ഇദ്ദേഹം മരണപ്പെടുന്നത്. ഔദ്യോഗിക രേഖകളൊന്നും കയ്യിലില്ലാത്തതിനാല്‍ മൃതദേഹം തിരിച്ചറിയാനാകാതെ ഷാര്‍ജ പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

എന്തായാലും ആളെ തിരിച്ചറിഞ്ഞതോടെ മൃതദേഹം ഉടന്‍ നാട്ടിലയക്കാന്‍ ആവശ്യമായ നടപടികള്‍ ആരംഭിച്ചതായും അഷറഫ് താമരശ്ശേരി അറിയിച്ചു.

പാതിരാത്രിയിലും ആളെ കണ്ടെത്തുന്നതിനു സഹകരിച്ച പ്രവാസി സുഹൃത്തുക്കളുടെ ആത്മാര്‍ഥമായ ശ്രമമാണ് ഇതിന്‍റെ പിന്നിലെന്നും നന്മയില്‍ സഹകരിക്കുന്ന കാര്യത്തില്‍ പ്രവാസികള്‍ എന്നും മുന്നിലാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചുവെന്നും അഷറഫ് താമരശ്ശേരി നന്ദിയോടെ പറഞ്ഞു. ഈ വിഷയത്തില്‍ സഹകരിച്ച ഷാര്‍ജ പൊലീസിനും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

error: Content is protected !!