fbpx
Info UAE News അന്തർദേശീയം ഇന്ത്യ

ഒമിക്രോണ്‍ മുൻകരുതൽ : ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര വിമാനയാത്രികർക്കുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ന് മുതൽ പ്രാബല്യത്തില്‍.

Omicron Precaution_Revised guidelines for international travelers arriving in India are effective from today.

ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര വിമാനയാത്രികർക്കുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ന് ഡിസംബർ 1 മുതൽ പ്രാബല്യത്തില്‍. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിര്‍ദേശങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്.

ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് 14 ദിവസം നിരീക്ഷണം ഏര്‍പ്പെടുത്തുകയും ഏഴാം ദിവസം പരിശോധന നടത്തുകയും ചെയ്യും. 14 ദിവസത്തെ യാത്രാവിവരങ്ങളുടെ സത്യവാങ്മൂലം എയര്‍ സുവിധ പോര്‍ട്ടലില്‍ നല്‍കണം. യാത്രക്ക് 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍.ടി.പി.സി.ആര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വ്യാജ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും.

പരിശോധനാഫലം പോസിറ്റീവാണെങ്കില്‍ ഇവരെ ആശുപത്രികളിലേക്ക് മാറ്റും. ഇവരുടെ സാമ്പിളുകള്‍ ജീനോം സിക്വന്‍സിങ്ങിനായി അയക്കും. നെഗറ്റീവാണെങ്കില്‍ ഏഴുദിവസം വീട്ടില്‍ ക്വാറന്റീനില്‍ കഴിയണം. എട്ടാംദിവസം വീണ്ടും കോവിഡ് പരിശോധിക്കണം. അതും നെഗറ്റീവാണെങ്കില്‍ വീണ്ടും ഏഴുദിവസംകൂടി സ്വയം നിരീക്ഷണത്തില്‍ കഴിയണം. ‘അറ്റ് റിസ്‌ക്’ രാജ്യങ്ങള്‍ അല്ലാത്തവയില്‍ നിന്നു വരുന്നവരെ ഇതില്‍ നിന്ന് ഒഴിവാക്കും.

ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍, ‘ഹൈ റിസ്‌ക്’ രാജ്യങ്ങള്‍ അല്ലാത്ത, ഗള്‍ഫ് രാജ്യങ്ങള്‍ അടക്കമുള്ള മറ്റു വിദേശരാജ്യങ്ങളില്‍ നിന്ന് എത്തുന്ന അഞ്ചുശതമാനം പേരെ വിമാനത്താവളത്തില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്കു വിധേയമാക്കും. ഈ അഞ്ചുശതമാനം പേരെ വിമാനക്കമ്പനി തന്നെയാണ് തിരഞ്ഞെടുക്കുക. ഇവര്‍ക്ക് വിമാനത്താവളത്തില്‍ പരിശോധനയില്‍ മുന്‍ഗണന നല്‍കും.

ഇന്ത്യയിൽ ഈ മാസം 15ന് പുനരാംഭിക്കാനിരിക്കുന്ന അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ കാര്യത്തില്‍ കേന്ദ്രം ഉടന്‍ തീരുമാനമെടുക്കും. വിമാന സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കരുതെന്ന് ഡല്‍ഹി സര്‍ക്കാര്‍ നേരത്തെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അതിവേഗം പടരുന്ന വൈറസ് ഇന്ത്യയില്‍ മൂന്നാം തരംഗത്തിന് കാരണമാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതുക്കിയ മാര്‍ഗനിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം.

error: Content is protected !!