fbpx
UAE News കേരളം ദുബായ്

ഭിന്നശേഷി മേഖലയ്ക്ക് തണലേകാന്‍ യൂണിവേഴ്‌സല്‍ എംപവര്‍മെന്റ് സെന്റര്‍ : ശ്രീ.ഗോപിനാഥ്‌ മുതുകാട് ഓൾ കേരളാ കോളേജസ് അലുംനി ഫോറം ( AKCAF ) ഹ്യുമാനിറ്റേറിയൻ അംബാസിഡർ

Thanalekan Universal Empowerment Center for Disability: Mr. Gopinath Muthukadu All Kerala Colleges Alumni Forum (AKCAF) Humanitarian Ambassador

ഭിന്നശേഷിക്കുട്ടികളുടെ സമഗ്രവികാസത്തിന് ഊന്നല്‍ നല്‍കുന്ന വിവിധ പദ്ധതികളുമായി യൂണിവേഴ്‌സല്‍ എംപവര്‍മെന്റ് സെന്റര്‍ (യു.ഇ.സി) എന്ന പുതിയൊരു പദ്ധതിക്ക് ശ്രീ.ഗോപിനാഥ്‌ മുതുകാട് തുടക്കം കുറിക്കുന്നു. ഡിസംബർ ഒന്നിന് ഫ്ലോറ ക്രീക് ഹോട്ടലിൽ നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം വ്യത്യസ്തമായ ഈ പദ്ധതി പ്രഖ്യാപിച്ചത്. ആൾ കേരള കോളേജ് അലുംനി ഫോറം-അക്കാഫ് സജീവമായി സഹകരിക്കുന്ന ഈ പദ്ധതിയുടെ സവിശേഷതകൾ പത്രസമ്മേളനത്തിൽ അദ്ദേഹം വിവരിച്ചു. ശ്രീ. ഗോപിനാഥ്‌ മുതുകാടിനെ അക്കാഫിന്റെ ഹ്യുമാനിറ്റേറിയൻ അംബാസിഡർ എന്ന പ്രഖാപനവും പത്രസമ്മേളനത്തിൽ വെച്ചു നടന്നു.

ഭിന്നശേഷിക്കാര്‍ക്ക് ശാക്തീകരണത്തിലൂടെ വിവിധ കാലാവതരണങ്ങളിൽ തൊഴില്‍ നല്‍കുന്ന യൂണിവേഴ്‌സല്‍ എംപവര്‍മെന്റ് സെന്ററില്‍ സൗജന്യ ഓട്ടിസം തെറാപ്പി സെന്ററുകള്‍, ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി സെന്റര്‍, ഡിഫറന്റ് സ്‌പോര്‍ട്‌സ് സെന്റര്‍, ഗവേഷണ കേന്ദ്രങ്ങള്‍, കലാവതരണ വേദികള്‍ തുടങ്ങി നിരവധി വിഭാഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 2022 ഒക്‌ടോബര്‍ 31ന് സെന്റര്‍ പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കുവാനാണ് ശ്രമിക്കുന്നത്. ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കാര്‍ക്ക് ഈ പദ്ധതികളുടെ പ്രയോജനം സൗജന്യമായി ലഭിക്കും. തിരുവനന്തപുരത്തെ കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ 5 ഏക്കറിലാണ് പദ്ധതികള്‍ ഒരുങ്ങുന്നത്. ഭിന്നശേഷിക്കുട്ടികളുടെ അമ്മമാര്‍ക്ക് സ്വയം തൊഴില്‍ പരിശീലന കേന്ദ്രവും ഇതിനോടൊപ്പം ഒരുക്കുന്നുണ്ട്.

ഭിന്നശേഷിക്കുട്ടികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തുന്നതിനും ഇവരെ നമുക്കൊപ്പം ചേര്‍ത്തു നിര്‍ത്തുന്നതിനും അംഗീകാരങ്ങളും ബഹുമതികളും സ്വന്തമാക്കി തങ്ങള്‍ക്കും തുല്യമായ ഒരിടമുണ്ടെന്ന് ബോധ്യപ്പെടുത്തുവാനും ഭിന്നശേഷിക്കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് സെന്ററുകളുടെ ഉദ്ദേശം. വരും വര്‍ഷങ്ങളില്‍ നടക്കുന്ന പാരാലിംപിക്‌സില്‍ സെന്ററിനെ പ്രതിനിധീകരിച്ച് കുട്ടികളെ പങ്കെടുപ്പിക്കുക എന്നതും ലക്ഷ്യമിടുന്നുണ്ട്.
20 കോടിയില്‍പ്പരം രൂപയുടെ നിര്‍മാണ ചെലവുകളാണ് പ്രതീക്ഷിക്കുന്നത്. ഒരു ചാരിറ്റബിള്‍ സ്ഥാപനമായ മാജിക് അക്കാദമിക്ക് ഇത്രയും വലിയൊരു സാമ്പത്തിക ബാധ്യത ഒറ്റയ്ക്ക് ഏറ്റെടുക്കുവാന്‍ കഴിയുന്നില്ല. ഭിന്നശേഷിക്കുട്ടികള്‍ക്ക് വലിയൊരു ആശ്വാസമാകുന്ന ഈ പ്രോജക്ട് സുമനസ്സുകളുടെ സഹായവും പിന്തുണയും കൂടിയുണ്ടെങ്കിലേ പൂര്‍ത്തീകരിക്കുവാന്‍ കഴിയൂ.

യൂണിവേഴ്‌സല്‍ എംപവര്‍മെന്റ് സെന്റര്‍ വിശദാംശങ്ങള്‍:

ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കുട്ടികള്‍ക്ക് അവരവര്‍ക്കിഷ്ടപ്പെട്ട കലാ മേഖല തിരഞ്ഞെടുത്ത് വിദഗ്ദ്ധ പരിശീലനം നേടി കാണികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുവാന്‍ കഴിയും. ഇതിനായി അന്താരാഷ്ട്ര നിലവാരമുള്ള നിരവധി തിയേറ്ററുകള്‍ സെന്ററില്‍ ഒരുങ്ങുന്നുണ്ട്. ഗവേഷണ കുതുകികളായ കുട്ടികള്‍ക്ക് സയന്‍ഷ്യ എന്ന പേരില്‍ അതിവിപുലവും വിശാലവുമായ ഗവേഷണ കേന്ദ്രവും സെന്ററിലുണ്ട്. ഭിന്നശേഷിക്കുട്ടികളുടെ സൈക്കോ മോട്ടോര്‍ തലങ്ങളെ സ്പര്‍ശിക്കുന്ന ആധുനിക രീതിയിലുള്ള ശാസ്ത്രീയ ഉപകരണങ്ങളുമായി ലോകോത്തര നിലവാരത്തിലുള്ള തെറാപ്പി സെന്ററുകളും യു.ഇ.സിയുടെ മറ്റൊരു സവിശേഷതയാണ്. കായിക വികാസത്തിനായി ഡിഫറന്റ് സ്‌പോര്‍ട്‌സ് സെന്ററും സെന്ററിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. അത്‌ലറ്റിക്‌സ്, ഇന്‍ഡോര്‍ ഗെയിമുകള്‍ എന്നിവകളില്‍ പ്രാവീണ്യം നേടുന്നതിന് അതിവിശാലമായ പ്ലേഗ്രൗണ്ടുകളും ടര്‍ഫുകളും സജ്ജമാക്കുന്നുണ്ട്. കാര്‍ഷികപരിപാലനത്തിലൂടെ കുട്ടികളില്‍ മാറ്റം വരുത്തുന്നതിന് വിശാലമായ അഗ്രികള്‍ച്ചറല്‍ തെറാപ്പി സെന്ററും യു.ഇ.സിയുടെ ഭാഗമാണ്.
2019ല്‍ ഭിന്നശേഷിക്കുട്ടികള്‍ക്കായി ആരംഭിച്ച ഡിഫറന്റ് ആര്‍ട് സെന്ററിന്റെ തുടര്‍ച്ചയെന്നോണമാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഓട്ടിസം, സെറിബ്രല്‍ പള്‍സി, വിഷാദരോഗം, ഹൈപ്പര്‍ ആക്ടിവിറ്റി, എം.ആര്‍ എന്നീ വിഭാഗങ്ങളില്‍ പെടുന്ന നൂറോളം കുട്ടികളാണ് വിവിധ കലകളില്‍ പരിശീലനം നേടി വരുന്നത്.
കേരളം സർക്കാർ സാമൂഹ്യ നീതി വകുപ്പ് ഏർപ്പെടുത്തിയ ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന അവാർഡ് 2021 ഇത്തവണ മാജിക് പ്ലാനറ്റ് കരസ്ഥമാക്കുകയുണ്ടായി.

വരും വർഷങ്ങളിൽ അക്കാഫ് നേതൃത്വം നൽകുന്ന കൂടുതൽ ജീവകാരുണ്യപ്രവർത്തനങ്ങളിൽ നേതൃത്വവും ഉപദേശങ്ങളും നൽകാൻ ശ്രീ ഗോപിനാഥ്‌ മുതുകാട് സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും അവരുടേതല്ലാത്ത കാരണങ്ങളാൽ മാറി നിൽക്കേണ്ട ദുരവസ്ഥ നേരിടുന്ന ഒരുപറ്റം സഹജീവികളോടുള്ള ആദരവിന്റെ നന്മകളാണ് അക്കാഫ് പുലർത്തിപോരുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ കാതലെന്നു
അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ പറഞ്ഞു. ജീവിതകാലം മുഴുവൻ നിശ്ചയദാർഢ്യമുള്ള കുഞ്ഞുങ്ങളുടെ മാതാപിതാക്കളാവുക എന്ന നിയോഗം സന്തോഷത്തോടെ ഉൾക്കൊള്ളുന്ന ഒരു സമൂഹത്തിനോടുള്ള ആദരവാണിതെന്നു അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ് പറഞ്ഞു. അക്കാഫ് നടപ്പിലാക്കുന്ന ഏറ്റവും മാനുഷികമായ പ്രവർത്തനങ്ങളുടെ സവിശേഷമായ തുടക്കമാണിതെന്നും എന്നും അപ്രഖ്യാപിതമായ നന്മകൾ ഉൾക്കൊള്ളുന്ന പ്രവർത്തനങ്ങളുടെ അമരക്കാരാവാൻ എന്നും അക്കാഫിനു ഏറെ അഭിമാനമുണ്ടെന്നും അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ പറഞ്ഞു. നന്മയുടെ ഉന്നതങ്ങളിലേക്ക് സഹജീവികളുടെ ജീവിതവും എത്തിക്കാനുള്ള അക്കാഫിന്റെ പ്രയത്നങ്ങളുടെ പരിച്ഛേദമാണിതെന്ന് അക്കാഫ് ജനറൽ സെക്രട്ടറി വി എസ് ബിജു കുമാർ പറഞ്ഞു. കാലാകാലമായി പ്രവാസ സമൂഹത്തിന്റെ ഹൃദയതാളത്തിനൊപ്പം ചലിച്ച അക്കാഫ് വ്യത്യസ്തതകൾ പുലർത്തുന്ന നിശ്ചയദാർഢ്യമുള്ള കുഞ്ഞുങ്ങളുടെ അരികിലേക്കെത്തുന്നത് അവർക്കായി പുതിയൊരു ലോകം സൃഷ്ടിക്കാൻ പര്യാപ്തമാവുമെന്നു അക്കാഫ് ചീഫ് കോഓർഡിനേറ്റർ അനൂപ് അനിൽ ദേവൻ സൂചിപ്പിച്ചു.
അക്കാഫ് ട്രെഷറർ ജൂഡിന് ഫെർണാണ്ടസ്,അക്കാഫ് മീഡിയ കൺവീനർ എ.ഉമർ ഫറൂക് എന്നിവരും പങ്കെടുത്തു.

error: Content is protected !!