fbpx
ഇന്ത്യ

രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ മാപ്പ് പറഞ്ഞു

ന്യൂഡൽഹി: റഫാൽ കേസിലെ വിവാദ പരാമർശത്തിൽ രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ മാപ്പ് പറഞ്ഞു. സുപ്രീം കോടതിയുടെ കടുത്ത നിലപാടിനെ തുടർന്നാണ് രാഹുൽ മാപ്പ് പറയാൻ തയ്യാറായത്. ഖേദ പ്രകടനം എന്നുള്ളത് മാറ്റി പൂർണമായും മാപ്പ് പറയുന്ന ഘട്ടത്തിലേക്ക് രാഹുൽ എത്തുകയായിരുന്നു.

ചൗക്കിദാർ ചോർ ഹേ (കാവൽക്കാരൻ കള്ളൻ തന്നെ)യെന്ന് കോടതിയും സമ്മതിച്ചുവെന്ന പരാമർശത്തിലാണ് മാപ്പ് പറഞ്ഞത്. റഫാൽ കരാറുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകൾ പരിശോധിക്കാൻ കോടതി തീരുമാനിച്ച ഘട്ടത്തിലായിരുന്നു രാഹുലിന്റെ പരാമർശം.

രാഹുൽ ഗാന്ധിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്വിയാണ് രാഹുലിന് വേണ്ടി കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്.

എതിർ കക്ഷികൾ സത്യവാങ്മൂലം വികലമാക്കിയാണ് എതിർഭാഗം അവതരിപ്പിച്ചതെന്ന് മനു അഭിഷേക് സിങ്വി ആരോപിച്ചു. രാഹുലിന്റെ ഖേദ പ്രകടനം താൻ ആവർത്തിക്കുകയാണെന്നായിരുന്നു മനു അഭ്ഷേക് സിങ്വി കോടതിയിൽ പറഞ്ഞത്.

എന്നാൽ ഖേദ പ്രകടനം മാത്രം പോര നിരുപാധികം മാപ്പ് പറയണമെന്ന് എതിർ കക്ഷിയായ ബിജെപി നേതാവ് മീനാക്ഷി ലേഖി ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ ഖേദ പ്രകടനവും മാപ്പ് പറയലും ഒന്നു തന്നെയാണെന്ന് മനു അഭിഷേക് സിങ്വി വ്യക്തമാക്കുകയായിരുന്നു.
രേഖാമൂലം തന്നെ മാപ്പ് പറയണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

error: Content is protected !!